ടൊവീനോ തോമസിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് 'മായാനദി' ഷൂട്ടിംഗ് ആരംഭിച്ചു. അമല്‍ നീരദിന്റെ കഥയ്ക്ക് ശ്യാം പുഷ്‌കരനും ദിലീഷ് നായരും ചേര്‍ന്നാണ് തിരക്കഥ. ഐശ്വര്യ ലക്ഷ്മിയാണ് 'മായാനദി'യിലെയും നായിക. അമല്‍ നീരദ് പ്രൊഡക്ഷന്‍സും ആഷിക് അബുവിന്റെ നേതൃത്വത്തിലുള്ള ഒപിഎം ഡ്രീംമില്‍ സിനിമാസും ചേര്‍ന്നാണ് നിര്‍മ്മാണം.

സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഡാ തടിയാ, ഇടുക്കി ഗോള്‍ഡ് എന്നീ സിനിമകള്‍ക്ക് ശേഷം ശ്യാമും ദിലീഷും ഒരുമിച്ച് രചന നിര്‍വഹിക്കുന്ന ആഷിക് അബു ചിത്രം കൂടിയാണ് ഇത്. ജയേഷ് മോഹനാണ് ഛായാഗ്രാഹകന്‍. മഞ്ജു വാര്യരും റിമാ കല്ലിങ്കലും കേന്ദ്രകഥാപാത്രങ്ങളായ റാണി പദ്മിനിക്ക് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മായാനദി'. റെക്സ് വിജയന്‍ സംഗീത സംവിധാനവും സൈജു ശ്രീധരന്‍ എഡിറ്റിംഗും, സമീറാ സനീഷ് വസ്ത്രാലങ്കാരവും നിര്‍വഹിക്കും.

അഞ്ച് സുന്ദരികള്‍ എന്ന ചലച്ചിത്ര സമുച്ചയത്തില്‍ ആഷിക് അബു സംവിധാനം ചെയ്ത ഗൗരി എന്ന സിനിമയുടെ ആശയം അമല്‍ നീരദിന്റേതായിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സിഐഎ എന്ന ചിത്രത്തിന് ശേഷം അമല്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ആഷിക് അബുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്നത്.