ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇന്ത്യന്‍ സിനിമയില്‍, വിശേഷിച്ചും ബോളിവുഡില്‍ ഇത് രാഷ്ട്രീയം പറയുന്ന സിനിമകളുടെ കാലമാണ്. പൊളിറ്റിക്കല്‍ ബയോപിക്കുകള്‍ തന്നെ എണ്ണത്തിലേറെ പുറത്തിറങ്ങുന്നു. ബാല്‍ താക്കറെയുടെ ജീവിതം പറയുന്ന 'താക്കറെ'യും മന്‍മോഹന്‍ സിംഗിനെ അവതരിപ്പിക്കുന്ന 'ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററു'മൊക്കെ ഇതിനകം പുറത്തെത്തി. 'പിഎം നരേന്ദ്ര മോദി' പുറത്തുവരാനിരിക്കുന്നു. അതിനിടെ ഇതാ മറ്റൊരു ചെറിയ ചിത്രവും കൂടി രാഷ്ട്രീയ ഉള്ളടക്കവുമായി എത്തുന്നു. 'മേരേ പ്യാരേ പ്രൈം മിനിസ്റ്റര്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രംഗ് ദേ ബസന്തിയും ഭാഗ് മില്‍ഖാ ഭാഗുമൊക്കെ ഒരുക്കിയ രാകേഷ് ഓംപ്രകാശ് മെഹ്‌റയാണ്. ചിത്രത്തിന്റെ ഒഫിഷ്യല്‍ ട്രെയ്‌ലര്‍ പുറത്തെത്തി.

ശൗചാലയങ്ങളുടെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുന്ന ചിത്രത്തില്‍ അഞ്ജലി പട്ടീലിനൊപ്പം കുട്ടി അഭിനേതാക്കളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമവും ചിത്രത്തില്‍ പരാമര്‍ശവിഷയമാവുന്നു. തന്റെ അമ്മയ്ക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് അറിയിക്കാന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതുകയാണ് കനു എന്ന, ചേരിനിവാസിയായ ബാലന്‍. പ്രധാനമന്ത്രിയെ നേരില്‍ കാണാനായി അവന്‍ രാജ്യതലസ്ഥാനത്തേക്ക് കൂട്ടുകാര്‍ക്കൊപ്പം പോവുകയും ചെയ്യുന്നു. ചിത്രം 15ന് തീയേറ്ററുകളിലെത്തും.