ചെന്നൈ: വിജയ് ചിത്രം മെര്‍സലിനെതിരായ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. അത് സിനിമയാണെന്നും യാഥാര്‍ഥ സംഭവമല്ലെന്നും അഡ്വ. എ. അശവത്ഥമന്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി. ഹര്‍ജി നല്‍കിയവര്‍ക്കെതിരെ കോടതി രൂക്ഷവിമര്‍ശനം നടത്തി. 

സ്വന്തം അഭിപ്രായം സിനിമയിലൂടെ പറയാന്‍ ചലച്ചിത്രകാരന്‍മാര്‍ക്ക് അവകാശമുണ്ട്. മെര്‍സലിനെ മാത്രം വേട്ടയാടുന്നത് എന്തിനെന്നും കോടതി ചോദിച്ചു. രാജ്യത്തെ കുറിച്ചും കേന്ദ്രസര്‍ക്കാറഇന്റെ പദ്ധതിയായ ജി.എസ്.ടിയെ കുറിച്ചും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പുക്കുന്നതായി ചൂണ്ടിക്കാട്ടിയായിരുന്നു അശ്വത്ഥമന്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ ഇത് അസംബന്ധമാണെനന്നാണ് കോടതി വിലയിരുത്തിയിരിക്കുന്നത്.

ജി.എസ്.ടി സംബന്ധിച്ച സംഭാഷണത്തിന്റെ പേരിലാണ് ചിത്രം തുടക്കം മുതല്‍ വിവാദത്തിലായത്. ഡിജിറ്റല്‍ ഇന്ത്യയെ കുറിച്ചുള്ള പരാമര്‍ശവും വിവാദമായി. കേന്ദ്രസര്‍ക്കാറിനെതിരായ പരാമര്‍ശങ്ങള്‍ ചിത്രത്തില്‍ നിന്ന് നീക്കണമെന്ന് ബി.ജെ.പി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് തമിഴിസൈ സൗന്ദര്‍ രാജനാണ് ആദ്യം ആവശ്യപ്പെട്ടത്. 

തുടര്‍ന്ന് വര്‍ഗീയ പരാമര്‍ശവുമായി ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്.രാജ തന്നെ രംഗത്തെത്തി. വിജയ് യെ ജോസഫ് വിജയ് എന്നായിരുന്നു രാജയുടെ വിശേഷണം. ഇതിനിടയിലായിരുന്നു ചിത്രത്തിനെതിരെ നിയമ പരമായി നീങ്ങാനും ആരംഭിച്ചത്.