ചെന്നൈ: വിജയ് ചിത്രം മെര്‍സലിന്റെ തെലുങ്ക് പതിപ്പിന് സെന്‍സര്‍ബോര്‍ഡ് അനുമതി നിഷേധിച്ചു. ജിഎസ്‌ടിയെക്കുറിച്ചുള്ള ക്ലൈമാക്‌സിലെ പരാമര്‍ശം വെട്ടിമാറ്റിയിട്ടും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന നിലപാടിലാണ് സിബിഎഫ്സി. ഇതോടെ അദിരിന്ദി എന്ന പേരില്‍ വെള്ളിയാഴ്ച പുറത്തിറങ്ങാനിരുന്ന മെര്‍സലിന്റെ റിലീസ് മാറ്റിവെച്ചു.

മൃഗക്ഷേമബോര്‍ഡിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് തമിഴ് ട്രെയിലറില്‍ മൃഗങ്ങളെ ഉപയോഗിയ്‌ക്കുന്ന ഭാഗങ്ങളുള്‍പ്പടെ വെട്ടിമാറ്റിയാണ് മെ‍ര്‍സലിന്റെ തെലുങ്ക് ട്രെയിലര്‍ പുറത്തിറങ്ങിയത്. ചിത്രത്തിന്‍റെ ക്ലൈമാക്‌സില്‍ ഇന്ത്യയിലെ ജിഎസ്‌ടി ഘടനയെ വിമര്‍ശിച്ച് വിജയ് സംസാരിയ്‌ക്കുന്നതിനെതിരെ ബിജെപി നേതാക്കള്‍ രൂക്ഷവിമര്‍ശനമാണുയര്‍ത്തിയത്. വിജയിന്റെ മതമുള്‍പ്പടെ ചൂണ്ടിക്കാട്ടി ബിജെപി നേതാവ് എച്ച് രാജ വ്യക്തിപരമായി വരെ ആരോപണമുന്നയിച്ചു. തമിഴ് പതിപ്പില്‍ ഈ ഭാഗങ്ങള്‍ വെട്ടണമെന്ന് ആവശ്യപ്പെട്ടെങ്കിലും നിര്‍മാതാക്കള്‍ അതിന് വിസമ്മതിച്ചു.

ഈ സാഹചര്യത്തില്‍ ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പില്‍ കത്രിക വെയ്‌ക്കണമെന്ന് സിബിഎഫ്സി തേനാണ്ടാള്‍ ഫിലിംസിനോട് ആവശ്യപ്പെട്ടതായാണ് സൂചന. ഒടുവില്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി ക്ലൈമാക്‌സിലെ പല രംഗങ്ങളും നിര്‍മാതാക്കള്‍ വെട്ടിമാറ്റി. എന്നിട്ടും ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സിബിഎഫ്സി വിസമ്മതിച്ചു. ഇതോടെ പ്രതിസന്ധിയിലായ നിര്‍മാതാക്കള്‍ ഒടുവില്‍ തെലുങ്ക് പതിപ്പിന്റെ റിലീസിംഗ് മാറ്റിവെയ്‌ക്കുകയായിരുന്നു. പുതിയ തീയതി പിന്നീടറിയിക്കുമെന്ന് തേനാണ്ടാള്‍ ഫിലിംസ് ഡയറക്ടര്‍ വ്യക്തമാക്കി. സിബിഎഫ്സിയുടെ ഈ നീക്കം തമിഴകത്ത് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തുമെന്നുറപ്പ്.