ചെന്നൈ: വിജയ്യുടെ മെര്‍സല്‍ എന്ന ചിത്രത്തിന്റെ തെലുങ്കു പതിപ്പിന് കത്രിക വയ്ക്കേണ്ടതില്ലെന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ്. തീരുമാനം സെന്‍സര്‍ ബോര്‍ഡ് തലവന്‍ പ്രസൂണ്‍ ജോഷിയുടേതാണ്. അദിരിന്ദി എന്ന പേരിലാണ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് പുറത്തിറങ്ങുന്നത്.
മെര്‍സലിന്റെ തെലുങ്ക് പതിപ്പ് ഇന്നലെ പുറത്തിറങ്ങേണ്ടതായിരുന്നു. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ചിത്രം പുറത്തിറക്കാന്‍ സാധിച്ചില്ല. 

ചിത്രം പുറത്തിറങ്ങാന്‍ വൈകിയതിന്റെ പേരില്‍ സെന്‍സര്‍ ബോര്‍ഡിനെ കുറ്റപ്പെടുത്തേണ്ടതില്ലെന്നും തമിഴില്‍ അനുമതി ലഭിച്ചതു പോലെ മെര്‍സലിനു തെലുങ്കിലും അനുമതി ലഭിക്കുമെന്നും പ്രസൂണ്‍ ജോഷി പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ദീപാവലിക്ക് പുറത്തിറങ്ങിയ ചിത്രത്തില്‍ രാജ്യത്തെക്കുറിച്ചും കേന്ദ്ര സര്‍ക്കാരിന്റെ ജിഎസ്ടിയെക്കുറിച്ചും വിമര്‍ശനങ്ങളും തെറ്റായ വിവരങ്ങളുമുണ്ടെന്ന് ചൂണ്ടിക്കാട്ടി നിരവധി പ്രശ്നങ്ങളുണ്ടായിരുന്നു. റിലീസ് ദിവസം മുതല്‍ ജിഎസ്ടിയെക്കുറിച്ചുള്ള നായകന്റെ ഡയലോഗിന്റെ പേരില്‍ വിവാദത്തിലാണ് ചിത്രം.