മമ്മൂട്ടി നായകനായ 'ദി ഗ്രേറ്റ് ഫാദറി'ലൂടെ രണ്ട് വര്‍ഷം മുന്‍പ് സംവിധായകനായി അരങ്ങേറ്റം കുറിച്ചയാളാണ് ഹനീഫ് അദേനി. ഷാജി പാടൂരിന്റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പ്രദര്‍ശനത്തിനെത്തിയ മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികളുടെ തിരക്കഥ രചിച്ചതും ഹനീഫ് ആയിരുന്നു. സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കാന്‍ നിവിന്‍ പോളിയെയാണ് ഹനീഫ് തെരഞ്ഞെടുത്തത്. സ്ലോ മോഷന്‍ മൂവ്‌മെന്റുകളും അതിനൊത്ത ബിജിഎമ്മുമൊക്കെ ചേര്‍ന്ന ദൃശ്യഭാഷയിലൂടെ സ്‌റ്റൈലിഷ് ഡയറക്ടര്‍ എന്ന വിളിപ്പേരാണ് 'ഗ്രേറ്റ് ഫാദര്‍' അദേനിക്ക് നല്‍കിയത്. നിവിനും മറ്റൊരു പ്രധാന കഥാപാത്രമായി ഉണ്ണി മുകുന്ദനുമൊക്കെ വരുന്ന 'മിഖായേലി'ന്റെ പ്രീ റിലീസ് പബ്ലിസിറ്റി മെറ്റീരിയലുകളും ഇത് ആക്ഷന് പ്രാധാന്യമുള്ള സ്റ്റൈലിഷ് ചിത്രമായിരിക്കുമെന്ന വാഗ്ദാനം നല്‍കുന്നതായിരുന്നു.

ഗ്രേറ്റ് ഫാദറില്‍ കണ്ടതിന് സമാനമായ ദൃശ്യഭാഷയാണ് മിഖായേലിലും ഹനീഫ് അദേനി പരീക്ഷിച്ചിരിക്കുന്നത്. ജോണ്‍ മൈക്കിള്‍ എന്ന ഡോക്ടറായാണ് നിവിന്‍ പോളി സ്‌ക്രീനില്‍ എത്തുന്നത്. ചില അപ്രതീക്ഷിത സാഹചര്യങ്ങളാല്‍ കുടുംബത്തിന്റെ, വിശേഷിച്ചും അനുജത്തിയുടെ രക്ഷകവേഷം അണിയേണ്ടിവരുകയാണ് ജോണിന്. മറ്റ് മാര്‍ഗങ്ങളൊക്കെ തടസപ്പെടുന്നതിനാല്‍ എതിരാളികളെ കൈക്കരുത്ത് കൊണ്ട് നേരിടാനും മറികടക്കാനുമുള്ള ജോണ്‍ മൈക്കളിന്റെ ശ്രമങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.

നിവിന്‍ പോളിക്ക് മുന്‍പേ അവതരിപ്പിക്കപ്പെടുന്ന പ്രധാന കഥാപാത്രം സിദ്ദിഖിന്റെ ജോര്‍ജ്ജ് പീറ്ററാണ്. ഇരുണ്ട കളര്‍ ടോണില്‍, ചിത്രം ആരംഭിക്കുമ്പോള്‍ത്തന്നെ ഒരു റോഡ് അപകടവും പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യവുമൊക്കെക്കൊണ്ട് സിനിമയുടെ നിഗൂഢതയുടെ പരിവേഷമുള്ള മൂഡ് സൃഷ്ടിക്കാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. ഡാര്‍ക് കളര്‍ ടോണിന് സമാനമാണ് നെഗറ്റീവ് കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള ചിത്രം പറഞ്ഞുപോകുന്ന കഥയ്ക്കുമുള്ളത്. ആരുടെ മുന്നിലും തോറ്റുകൊടുക്കാന്‍ മനസില്ലാത്ത കഥാപാത്രങ്ങളാണ് ഉണ്ണി മുകുന്ദന്റെ മാര്‍ക്കോ ജൂനിയറും സുദേവ് നായരുടെ ഫ്രാന്‍സിസ് ഡാവിയും സിദ്ദിഖിന്റെ ജോര്‍ജ്ജ് പീറ്ററും അടക്കമുള്ളവര്‍. 

നായകന്റെ രക്ഷക പരിവേഷത്തിന് 'ഗ്രേറ്റ് ഫാദറു'മായി ചില സാമ്യങ്ങളുണ്ട്. ഗ്രേറ്റ് ഫാദറില്‍ മകളുടെ രക്ഷകനാവുന്ന അച്ഛനായിരുന്നുവെങ്കില്‍ 'മിഖായേല്‍' പെങ്ങളുടെ രക്ഷകനാവുന്ന ആങ്ങളയാണ്. ശരീരഭാരം കൂട്ടിയ മേക്കോവറിലാണ് നിവിന്‍ ഡോ: ജോണ്‍ മെക്കിളായി സ്‌ക്രീനില്‍ എത്തിയിരിക്കുന്നത്. നോണ്‍ ലീനിയര്‍ എന്ന് പറയാവുന്നതരം കട്ടുകളുള്ള ചിത്രത്തില്‍ ഉണ്ണി മുകുന്ദനും പ്രാധാന്യമുള്ള വേഷമാണ്. നിവിന്‍ പോളി കഥാപാത്രത്തിന്റേത് കഴിഞ്ഞാല്‍ പിന്നെ സ്‌ക്രീന്‍ ടൈമില്‍ പ്രത്യേക തീം മ്യൂസിക്ക് നല്‍കിയിരിക്കുന്നത് ഉണ്ണിയുടെ മാര്‍ക്കോ ജൂനിയര്‍ എന്ന കഥാപാത്രത്തിനാണ്. ഇതുവരെ പരാമര്‍ശിച്ചവരെക്കൂടാതെ മഞ്ജിമ മോഹന്‍, ബാബു ആന്റണി, സുരാജ് വെഞ്ഞാറമ്മൂട്, കലാഭവന്‍ ഷാജോണ്‍, അശോകന്‍, കെപിഎസി ലളിത, ശാന്തികൃഷ്ണ എന്നിങ്ങനെ താരബാഹുല്യമുള്ള ചിത്രത്തിന്റെ ആദ്യപകുതി പ്ലോട്ടിന്റെ വിശദീകരണമാണ്. രണ്ടാം പകുതിയില്‍ എന്തുകൊണ്ട് ഡോ; ജോണ്‍ മൈക്കിള്‍ 'മിഖായേല്‍' മാലാഖയുടെ പരിവേഷമുള്ള രക്ഷകനാവുന്നു എന്ന് വിശദീകരിക്കുന്നു. രണ്ടാംപകുതിയിലാണ് ചിത്രം അതിന്റെ ആക്ഷന്‍ മൂഡിലേക്ക് നീങ്ങുന്നത്. 

ഛായാഗ്രഹണത്തിനൊപ്പം പശ്ചാത്തലസംഗീതത്തിനും ഏറെ പ്രാധാന്യമുള്ള ദൃശ്യഭാഷയാണ് മിഖായേലിന്റേത്. വിഷ്ണു പണിക്കറാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. തുടക്കത്തില്‍ പറഞ്ഞതുപോലെ ആദ്യന്തം ഇരുണ്ട ടോണും ഇടയ്ക്കിടെ സ്‌ക്രീനിലെത്തുന്ന 'രക്തസാന്നിധ്യ'വുമൊക്കെയുള്ള ദൃശ്യഭാഷയില്‍ ഹനീഫ് അദേനി ആഗ്രഹിച്ചിരിക്കാവുന്ന മൂഡ് കൈവരിക്കാനായിട്ടുണ്ട് വിഷ്ണുവിന്. മാസ് സിനിമകള്‍ക്ക് മുന്‍പും തീയേറ്ററുകളില്‍ ഓളമുണ്ടാക്കുന്ന പശ്ചാത്തലസംഗീതം നിര്‍വ്വഹിച്ചിട്ടുണ്ട് ഗോപി സുന്ദര്‍. ഇവിടെയും അങ്ങനെ തന്നെ. ഗ്രേറ്റ് ഫാദറിനെ സ്വീകരിച്ചവര്‍ക്ക് കാണാവുന്ന സിനിമയാണ് മിഖായേല്‍.