അരനൂറ്റാണ്ട് നീണ്ട പൗരത്വ തട്ടിപ്പ്. 264 പേരുടെ കുവൈത്ത് പൗരത്വം തുലാസിൽ. മക്കളും പേരക്കുട്ടികളുമടക്കം 264 പേർ നിയമവിരുദ്ധമായി കുവൈത്തി പൗരത്വത്തിന്റെ ആനുകൂല്യങ്ങൾ അനുഭവിക്കുന്നതായി കണ്ടെത്തി.
കുവൈത്ത് സിറ്റി: കുവൈത്തിലെ നാഷണാലിറ്റി ഇൻവെസ്റ്റിഗേഷൻ വിഭാഗം നടത്തിയ പരിശോധനയിൽ, പതിറ്റാണ്ടുകളായി തുടർന്നുവന്ന ഏറ്റവും സങ്കീർണ്ണമായ ഒരു പൗരത്വ തട്ടിപ്പ് പുറത്തുകൊണ്ടുവന്നു. ഒരു അയൽ രാജ്യത്തുനിന്നുള്ള മൂന്ന് സഹോദരങ്ങൾ വ്യത്യസ്ത കുടുംബപ്പേരുകളിൽ കുവൈത്തി പൗരത്വം നേടിയ സംഭവമാണിത്. ഈ തട്ടിപ്പിന്റെ ഫലമായി നിലവിൽ ഇവരുടെ മക്കളും പേരക്കുട്ടികളുമടക്കം 264 പേർ നിയമവിരുദ്ധമായി കുവൈത്തി പൗരത്വത്തിന്റെ ആനുകൂല്യങ്ങൾ അനുഭവിക്കുന്നതായി കണ്ടെത്തി.
ഒരേ പിതാവിന്റെ മക്കളായ ഈ മൂന്ന് സഹോദരങ്ങളും കുവൈത്തിൽ എത്തിയപ്പോൾ മൂന്ന് വ്യത്യസ്ത കുവൈത്തി പൗരന്മാരുടെ മക്കളാണെന്ന് കാണിച്ചാണ് രേഖകൾ ചമച്ചത്. ഒരേ കുടുംബപ്പേരും പിതാവുമുള്ള ഇവർ കുവൈത്തിൽ വന്നപ്പോൾ പരസ്പരം യാതൊരു ബന്ധവുമില്ലാത്ത അപരിചിതരായിട്ടാണ് രേഖകളിൽ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ 50 വർഷമായി ഈ രഹസ്യം ആർക്കും പിടികൊടുക്കാതെ ഇവർ കാത്തുസൂക്ഷിച്ചു. ഓരോരുത്തരും വ്യത്യസ്ത കുടുംബങ്ങളുടെ ഭാഗമായതിനാൽ അധികൃതർക്ക് ഇവരെ സംശയിക്കാൻ കഴിഞ്ഞിരുന്നില്ല.
2006-ൽ ഇറാനിൽ വെച്ചുണ്ടായ ഒരു സാമ്പത്തിക തർക്കമാണ് ഈ വൻ ചതിയുടെ ചുരുളഴിച്ചത്. കേസിലെ ഒന്നാം പ്രതിയുടെ മകൻ നിയമവിരുദ്ധമായി കുവൈത്ത് വിടുകയും ഇറാനിൽ വെച്ച് ചില നിയമപ്രശ്നങ്ങളിൽ കുടുങ്ങുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയം നടത്തിയ അന്വേഷണത്തിൽ, ഈ വ്യക്തിക്ക് മറ്റൊരു ഗൾഫ് രാജ്യത്തിന്റെ പൗരത്വം കൂടി ഉണ്ടെന്ന് ടെഹ്‌റാനിലെ കുവൈത്ത് എംബസി കണ്ടെത്തി. എംബസി നൽകിയ രേഖകൾ ആഭ്യന്തര മന്ത്രാലയത്തിന് കൈമാറുകയും തുടർന്ന് നടത്തിയ വിപുലമായ അന്വേഷണത്തിൽ മൂന്ന് സഹോദരങ്ങളുടെയും കള്ളക്കളി പുറത്താവുകയുമായിരുന്നു.
ഈ തട്ടിപ്പിലൂടെ പൗരത്വം നേടിയ 264 പേർക്കും സർക്കാർ നൽകിവന്നിരുന്ന എല്ലാ ആനുകൂല്യങ്ങളും റദ്ദാക്കാനും ഇവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കാനുമാണ് അധികൃതരുടെ തീരുമാനം. കുവൈത്ത് പൗരത്വ നിയമങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന പരിശോധനകളിൽ കണ്ടെത്തിയ ഏറ്റവും വലിയ കേസുകളിൽ ഒന്നാണിത്.


