നൂബിനുമായുള്ള വിവാഹത്തിന് വീട്ടുകാർ എതിരായിരുന്നു എന്ന് ബിന്നി പറയുന്നു.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഗീതാഗോവിന്ദം എന്ന പരമ്പരയിലൂടെ നിരവധി ആരാധകരെ സമ്പാദിച്ച നടിയാണ് ബിന്നി സെബാസ്റ്റ്യൻ. സീരിയൽ താരം നൂബിനാണ് ബിന്നിയുടെ ഭർത്താവ്. ഇപ്പോൾ ബിഗ്ബോസ് മലയാളം സീസൺ 7 ലും മൽസരാർത്ഥിയായി എത്തിയിരിക്കുകയാണ് ബിന്നി. ബിഗ്ബോസിൽ പോകുന്നതിനു മുൻപ് സീരിയൽ ടുഡേ എന്ന യൂട്യൂബ് ചാനലിന് ബിന്നി നൽകിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്. നൂബിനുമായുള്ള വിവാഹത്തിന് വീട്ടുകാർ എതിരായിരുന്നു എന്ന് ബിന്നി പറയുന്നു.

''എന്റെ പ്രണയം ധാരാളം പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു. കോമൺ ഫ്രണ്ട് വഴിയാണ് നൂബിനെ പരിചയപ്പെടുന്നത്. അജ്‍മൽ ഖാനൊക്കെ ഫെയ്സ്ബുക്കിൽ നിറഞ്ഞു നിന്ന കാലമായിരുന്നു അത്. നൂബിനും അന്ന് മോഡലിങ്ങ് ചെയ്യുമായിരുന്നു. നൂബിന്റെ പ്രൊഫൈൽ കാണാനും നല്ല രസമായിരുന്നു. ആദ്യമായാണ് നേരിട്ടറിയാത്ത ഒരാൾക്ക് ഞാനങ്ങോട്ട് ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നത്. അങ്ങനെ അത് ഫ്രണ്ട്ഷിപ്പായി, പിന്നെ റിലേഷൻഷിപ്പായി.

എന്റെ വീട്ടുകാർ ഡോക്ടറിനെക്കൊണ്ടു മാത്രമേ എന്നെ വിവാഹം കഴിപ്പിക്കുമായിരുന്നുള്ളൂ എന്ന് എനിക്കറിയാമായിരുന്നു. ഒരിക്കൽ എന്റെ ഒരു കസിൻ ഫോൺ ചെക്ക് ചെയ്തപ്പോളാണ് നൂബിനുമായുള്ള റിലേഷൻ കണ്ടെത്തിയത്. എന്റേത് ഒരു ബ്രോക്കൺ ഫാമിലി ആയതുകൊണ്ട് ബന്ധുക്കൾ എല്ലാവരും ഞങ്ങളുടെ കാര്യത്തിൽ ഇടപെടും. നൂബിനുമായുള്ള ബന്ധത്തിൽ നിന്നും പിന്തിരിപ്പിക്കാൻ അവർ പരമാവധി ശ്രമിച്ചു. നൂബിനെപ്പറ്റി പറയാത്തത് ഒന്നുമില്ല. നൂബിൻ അങ്ങനെ ഒരാളല്ല എന്ന് എനിക്കറിയാം. അതുകൊണ്ട് ഈ ബന്ധത്തിൽ നിന്നും ഞാൻ പിൻമാറിയില്ല.

വീട്ടുകാരെ കൺവിൻസ് ചെയ്യാൻ എനിക്ക് പറ്റിയില്ല. എനിക്കു വേണ്ടി അവർ മാട്രിമോണി അക്കൗണ്ട് പോലും ഉണ്ടാക്കി. ഞാൻ അത് കണ്ടിട്ടില്ല. എന്റെ മമ്മിയും ചേട്ടനും ആന്റിമാരുമൊക്കെയാണ് അത് നോക്കിയിരുന്നത്. എന്റെ മമ്മിയുടെയും പപ്പയുടേതും പരാജയപ്പെട്ട ഒരു പ്രണയവിവാഹം ആയിരുന്നു. അതുകൊണ്ട് എന്നെ പ്രണയ വിവാഹത്തിന് സമ്മതിക്കുമായിരുന്നില്ല. ഈ വിവാഹത്തിൽ നിന്നും പിൻമാറാൻ ചുരുങ്ങിയത് അഞ്ചു വർഷത്തോളമെങ്കിലും അവർ എന്നെ നിർബന്ധിച്ചിട്ടുണ്ടാകും. എന്നും കരച്ചിൽ ആയിരുന്നു. ഭക്ഷണം കഴിക്കുന്നില്ല. നൂബിനുമായി കമ്യൂണിക്കേഷനില്ല. ഒരു വശത്ത് അവർ എനിക്കു വേണ്ടി വേറെ വിവാഹം ആലോചിക്കുന്നു. ആ സമയം കടന്നുകിട്ടാൻ നല്ല ബുദ്ധിമുട്ടായിരുന്നു. ഇനിയും അവിടെ നിന്നാൽ ആരുടെയെങ്കിലും തലയിൽ വെച്ചുകെട്ടും എന്നു തോന്നിയതുകൊണ്ട് ഞാൻ ജോലിക്കു വേണ്ടി ഡൽഹിയിൽ പോയി. അവിടെ വെച്ചാണ് രജിസ്റ്റർ ചെയ്തത്'', ബിന്നി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക