'വാഴ 2' എന്ന ചിത്രത്തിലെ ശ്രദ്ധേയമായ വേഷത്തിന് മികച്ച പ്രതികരണം ലഭിക്കുന്നതിൽ കണ്ണൻ സാഗർ സന്തോഷം പ്രകടിപ്പിച്ചു. ശസ്ത്രക്രിയക്ക് വിധേയനാകുന്ന താരം, ഈ അവസരം നൽകിയ സംവിധായകനും തിരക്കഥാകൃത്ത് വിബിൻ ദാസിനും മറ്റ് അണിയറപ്രവർത്തകർക്കും നന്ദി പറഞ്ഞു.

ലയാളികൾക്ക് ഏറെ പ്രിയങ്കരമായ നടനാണ് കണ്ണൻ സാ​ഗർ. മിമിക്രി വേദികളിൽ കാണികളെ ഒന്നടങ്കം ചിരിപ്പിച്ചിട്ടുള്ള താരം വാഴ 2 എന്ന ഹിറ്റ് ചിത്രത്തിൽ ഒരു വേഷം ചെയ്തിരുന്നു. വളരെ ചെറിയൊരു വേഷമാണെങ്കിൽ അത് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒരുപക്ഷേ പ്രേക്ഷകരെ ആദ്യം കരയിപ്പിച്ചത് കണ്ണൻ സാ​ഗറിന്റെ വേഷമായിരിക്കാം. വാഴ 2 തിയറ്ററുകളിൽ ​ഗംഭീര പ്രതികരണങ്ങൾ നേടി മുന്നേറുന്നതിനിടെ സിനിമയിൽ അഭിനയിച്ച അനുഭവം പറയുകയാണ് കണ്ണൻ സാ​ഗർ.

കണ്ണൻ സാ​ഗറിന്റെ വാക്കുകൾ ഇങ്ങനെ

ഞാനും അഭിനയിച്ച ചിത്രം പ്രേക്ഷകരുടെ മുക്തകണ്ഠമായ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയവഴിയും ഫോണിലൂടെയും ഒക്കെ കാണുകയും കേൾക്കുകയും ഒക്കെ ചെയ്യുമ്പോഴും എന്റേയും കണ്ണുകൾ നിറയുകയാണ്. കാരണം ഇതിലെ വേഷം ചെയ്തുകഴിഞ്ഞു ഡയറക്ടർ സവിൻ സായെ സമീപിച്ചു ഞാൻ ഒന്നേ ചോദിച്ചുള്ളൂ, ‘ഞാനൊരു മിമിക്രിക്കാരനാണ്, അഭിനയത്തിൽ സ്കിറ്റുകൾ പോലെ വല്ലതും കേറീട്ടുണ്ടെങ്കിൽ പറയണം, ഇങ്ങനത്തെ സീനുകൾ അഭിനയിച്ചു ശീലമില്ലാന്നും തന്നെയല്ല. ആരും അതിന് മെനകെട്ടിട്ടില്ല. എന്നേ ഒന്ന് നന്നാക്കി എടുക്കാൻ സഹായിക്കണം. ഉള്ളിൽ നല്ല ഭയമുണ്ട് ’ എന്നാണ്. ഡയറക്ടർ സവിൻ സാ ചിരിച്ചുകൊണ്ടാണ് പറഞ്ഞത്, ‘ഞാൻ നോക്കി ചേട്ടാ.. അങ്ങനത്തെ പരിപാടി ഞാൻ എടുക്കില്ല. ചേട്ടൻ ചെയ്‌തോ. എനിക്ക് ആവശ്യമുള്ളത് ഞാൻ എടുത്തോളാം’.

സീൻ പൂർത്തീകരിച്ചു ഞാൻ യാത്ര ചോദിക്കാൻ ചെന്നപ്പോൾ ഡയറക്ടറെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തിട്ടു നന്ദി പറയുന്നകൂടെ ഞാൻ കരഞ്ഞുപോയി. എനിക്ക് ഇങ്ങനെ ഒരു വേഷം തന്നതിൽ, എന്നേ തിരഞ്ഞെടുത്തതിൽ എങ്ങനെ നന്ദി പറയണം എന്നനിക്കറിയില്ല. അന്നേരമാണ് അദ്ദേഹം പറഞ്ഞത് കണ്ണൻ ചേട്ടനെ സെലക്ട് ചെയ്തത് ഞാനല്ല ഇതിന്റെ സ്ക്രിപ്റ്റ് റൈറ്റർ വിബിൻ ദാസാണ്. അദ്ദേഹം അവിടെയുണ്ടോയെന്നു ചോദിച്ചു. ഇന്ന് വന്നിട്ടില്ല. ഞാൻ നമ്പർ തരാം ഒന്ന് വിളിക്കാൻ പറഞ്ഞു. അന്നേരം തന്നെ ഞാൻ വിളിച്ചു നന്ദി പറഞ്ഞു. ഓകെ ചേട്ടാ പടം വിജയിക്കാൻ പ്രാർത്ഥിക്കുക എന്നു പറഞ്ഞു ഞാൻ യാത്ര ചോദിച്ചു പിരിഞ്ഞു.

എന്റെ ഭാര്യയും മോളും മരുമോളും മകനും പറയുന്നു സോഷ്യൽ മീഡിയ മുഴുവൻ വാഴ 2 സിനിമയെക്കുറിച്ചാണ് സംസാരം. എന്തേലും ഒന്നു പോസ്റ്റ് ചെയ്യാൻ. ഞാൻ ആശുപത്രി കിടക്കയിൽ ആണ് നാളെ രാവിലെ എന്റെ സർജറി നടക്കും. ഇതിൽ ആരൊക്കെ അറിഞ്ഞിട്ടുണ്ട് എന്നറിയില്ല. ഈ സിനിമയുടെ പിന്നിലെ അണിയറപ്രവർത്തകർക്കും പ്രൊഡ്യൂസർ, കൺട്രോളർ, സംവിധായകൻ, അഭിനേതാക്കൾ, എന്നേ തിരഞ്ഞു ഒരുഭാഗമാക്കിയ പ്രിയപ്പെട്ട എഴുത്തുകാരൻ. നന്ദി നന്ദി നന്ദി. പ്രിയപ്പെട്ട ഡയറക്ടർ സവിൻസാക്ക് ഒപ്പം എന്റെ സീൻ കഴിഞ്ഞ ഉടനേ എടുത്ത ചിത്രം. മുത്തേ ഉമ്മാ.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming