"ചില നിമിഷങ്ങളില്‍ പെട്ടെന്ന് മനുഷ്യനിൽ ഇത്തരം വികാരങ്ങള്‍.."

'മധുരനൊമ്പരക്കാറ്റ്' എന്ന സീരിയലിന്റെ ലൊക്കേഷനില്‍ വെച്ച് പ്രമുഖ നടന്‍ മഹേഷിനെ അസിസ്റ്റൻറ് ഡയറക്‌ടർ അക്രമിച്ചതായുള്ള വാർത്തകൾ അടുത്തിടെ പുറത്തു വന്നിരുന്നു. അക്രമിച്ചയാളെ സംവിധായകന്‍ ശരത് സത്യ ഉടന്‍ തന്നെ സീരിയലില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മഹേഷ്. സീരിയല്‍ ടുഡേ എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

''അത് മന:പൂർ‌വം ചെയ്തതാണെന്ന് കരുതുന്നില്ല. ചില നിമിഷങ്ങളില്‍ പെട്ടെന്ന് മനുഷ്യനിൽ ഇത്തരം വികാരങ്ങള്‍ വരാം. അങ്ങനെയാകണേ എന്നാണ് ഞാന്‍ പ്രാര്‍ഥിക്കുന്നത്. അല്ലാതെ ഏതെങ്കിലും വിധത്തിലുള്ള വൈരാഗ്യം വെച്ച് ചെയ്യാന്‍ ഞങ്ങള്‍ തമ്മില്‍ മുന്‍പരിചയമില്ല. ഏഴോ എട്ടോ ഷെഡ്യൂളുകളില്‍ മാത്രമേ ഒന്നിച്ച് ജോലി ചെയ്തിട്ടുള്ളു. ലൊക്കേഷനില്‍ ഇദ്ദേഹത്തെ മുന്‍പും വളരെ ഹൈപ്പര്‍ ആയി ഞാന്‍ കണ്ടിട്ടുണ്ട്. നായകനും നായികയും റീല്‍സ് എടുത്ത് കൊണ്ടിരുന്ന സമയത്ത് ഇയാൾ വന്ന് അവരോട് ഡ്രസ് ചെയിഞ്ച് ചെയ്യാന്‍ ആവശ്യപ്പെട്ടു. ഒന്നു രണ്ട് തവണ പറഞ്ഞിട്ടും ചെയ്യാത്തതിനെത്തുടര്‍ന്ന് അവരുടെ നേരെ അയാൾ സ്വന്തം ഫോണ്‍ വലിച്ചെറിഞ്ഞിട്ടുണ്ട്. ഇതേ സീരിയലിന്റെ തന്നെ ഷൂട്ട് പാലക്കാട് വെച്ച് നടത്തിയപ്പോള്‍ വേറെ ആരോടോ ഉള്ള ദേഷ്യത്തിന് സ്വന്തം ഫോണ്‍ ഗ്രൗണ്ടില്‍ എറിഞ്ഞ് പൊട്ടിച്ചിട്ടുമുണ്ട്'', മഹേഷ് പറഞ്ഞു.

''എന്നെക്കുറിച്ച് അദ്ദേഹത്തിനൊരു തെറ്റിദ്ധാരണ ഉണ്ടായെന്ന് പിന്നീട് സംവിധായകന്‍ പറഞ്ഞ് ഞാനറിഞ്ഞു. അദ്ദേഹം മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് ഞാന്‍ ആരോടോ പറഞ്ഞു എന്നൊക്കെ അയാൾ കേട്ടു. ഞാന്‍ അങ്ങനെ പറഞ്ഞിട്ടേയില്ല. അങ്ങനെ യാതൊന്നും നേരില്‍ കണ്ടിട്ടുമില്ല. അദ്ദേഹം സിഗററ്റ് വലിക്കുന്നതോ മദ്യപിക്കുന്നതോ ലഹരികള്‍ ഉപയോഗിക്കുന്നതോ ഒന്നും ഞാന്‍ കണ്ടിട്ടില്ല'', മഹേഷ് കൂട്ടിച്ചേർത്തു.

ALSO READ : 'തിരുത്ത്' തിയറ്ററുകളിലേക്ക്; 21 ന് റിലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം