രേണുവിനെ വെച്ച് ഫോട്ടോഷൂട്ട് ചെയ്യാം എന്ന് റോബിൻ രാധാകൃഷ്‍ണനും വ്യക്തമാക്കിയിരുന്നു.

സമൂഹമാധ്യമങ്ങളിൽ വലിയ തോതിലുള്ള വിമർശനങ്ങളും അതോടൊപ്പം തന്നെ വിമർശനങ്ങളും നേരിടുന്നയാളാണ് രേണു സുധി. രേണു നടത്തുന്ന ഫോട്ടോഷൂട്ടിന്റെയും ആൽബങ്ങളുടെയും റീലുകളുടെയുമൊക്കെ പേരിലാണ് വിമർശനം. ഇതിനിടെ, രേണുവിന് പിന്തുണയുമായി ഇൻഫ്ളുവൻസറും സംരംഭകയുമായ ആരതി പൊടിയും രംഗത്തെത്തിയിരുന്നു.

രേണുവിനെ വെച്ച് ഫോട്ടോഷൂട്ട് ചെയ്യാൻ ആഗ്രഹമുണ്ട് എന്നാണ് ആരതി പറഞ്ഞത്. ഭർത്താവും മുൻ ബിഗ്ബോസ് താരവുമായ റോബിൻ രാധാകൃഷ്ണനും ഇതിനെ പിന്തുണച്ചിരുന്നു. ഇപ്പോളിതാ ആരതിക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് രേണു. ആരതി പൊടിയുടെ വാക്കുകൾ കേട്ട് സന്തോഷമായെന്നും ഫോട്ടോഷൂട്ടിന് വിളിച്ചാൽ ഉറപ്പായും പോകുമെന്നും രേണു പറ‍ഞ്ഞു.

''എന്റെ ഇഷ്ടത്തിന് എന്നെ ജീവിക്കാൻ അനുവദിക്കുക എന്നു പറയുന്നതു കേട്ടിട്ട് എനിക്ക് സന്തോഷമായി. രേണു സുധിയെ തനിക്ക് ഇഷ്ടമാണെന്ന് ആരതി മാം തുറന്നു പറയുന്നുണ്ട്. രേണുവിനെ വെച്ച് ഫോട്ടോഷൂട്ട് ചെയ്യാം എന്ന് റോബിൻ സാറും പറയുന്നുണ്ട്. എന്നെ വിളിച്ചാൽ ഞാൻ ഉറപ്പായും പോയി ചെയ്തിരിക്കും. ഞാൻ ആരതിക്ക് മെസേജ് അയച്ചിട്ടുണ്ട്. എനിക്ക് മറുപടിയും നൽകിയിട്ടുണ്ട്. വിളിക്കാമെന്ന് പറഞ്ഞു. ഒരുപാട് സന്തോഷം'', രേണു സുധി പറഞ്ഞു. നെഗറ്റീവ് കമന്റുകൾ എല്ലാവരെക്കുറിച്ചും ഉണ്ടാകും. മനസിലെ ചിന്തകളാണ് പുറത്തേക്ക് വരുന്നത്. സംസ്കാരമില്ലാത്തവരാണ് ഇത്തരത്തിൽ പെരുമാറുന്നതെന്നും രേണു കൂട്ടിച്ചേർത്തു.

''രേണു സുധിയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഇത്രയും ബോഡി ഷെയ്‍മിങ് ചെയ്യേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഓരോരുത്തർക്കും ഓരോ ആഗ്രഹങ്ങൾ ഉണ്ടാകുമല്ലോ. നല്ല വസ്ത്രങ്ങൾ ധരിക്കാനും നന്നായി ഒരുങ്ങി നടക്കാനുമൊക്കെ ഇഷ്ടമുള്ളയാളാണ് ഞാനും. അതുപോലെയായിരിക്കില്ലേ അവരും. രേണുവിനെ ഒരു ഫോട്ടോഷൂട്ടിന് വിളിക്കണമെന്ന് ആഗ്രഹം ഉണ്ട്. കഠിനാധ്വാനം ചെയ്യുന്ന എല്ലാവരോടും എനിക്ക് ബഹുമാനുണ്ട്'', എന്നാണ് ആരതി പൊടി രേണുവിനെക്കുറിച്ച് പറഞ്ഞത്. രേണു ആരെയും ഉപദ്രവിക്കാതെ അവരുടെ ഇഷ്ടത്തിന് ജീവിക്കുന്നു. അതിൽ എന്താണ് പ്രശ്നം എന്നായിരുന്നു റോബിന്റെ ചോദ്യം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക