മന്മഥന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടൻ റിയാസ് നര്‍മകലയാണ്.
മലയാളം ടെലിവിഷൻ പ്രേക്ഷകർ നെഞ്ചേറ്റിയ പരമ്പരകളിൽ ഒന്നാണ് മറിമായം. മലയാളം ടെലിവിഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സിറ്റ്കോമുകളിൽ ഒന്നായാണ് മറിമായത്തെ കാണുന്നത്. പരമ്പരയിൽ മന്മഥന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടൻ റിയാസ് നര്‍മകലയാണ്. ഇപ്പോൾ ആശുപത്രി കിടക്കയില്‍ നിന്നുളള ഒരു ചിത്രമാണ് റിയാസ് നര്‍മകല ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. ഭക്ഷ്യവിഷബാധയെത്തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രിയപ്പെട്ടവരുടെയൊക്കെ പ്രാർത്ഥനകൾ ഉള്ളത് കൊണ്ടാകാം കണ്ണിൽ കൊള്ളാനുള്ളത് പുരികത്ത് കൊണ്ടതെന്നും താരം കുറിച്ചു.
''ഇത് റീലല്ല, റിയലാണ്. രോഗിയായി ഒരുപാട് കഥാപാത്രങ്ങൾ ചെയ്‍തിട്ടുണ്ടെങ്കിലും കുറെയധികം വർഷങ്ങൾക്കു ശേഷം ഒരാഴ്ച്ചത്തെ ആശുപത്രിവാസം ഇന്ന് അവസാനിച്ചു. ഫുഡ് പോയ്സൺ അടിച്ചു നല്ല അസ്സല് പണി കിട്ടി. എന്തോ തിന്നേ കുടിക്കേ ചെയ്‍തതാണ്. എവിടെന്നാണെന്ന് അറിയില്ല. ഇപ്പോ ഭക്ഷണം കാണുമ്പോൾ തന്നെ പേടിയാ. കഷ്ട്ടപ്പെട്ടുണ്ടാക്കിയ മൂന്ന് നാല് കിലോയും പോയി. എന്തായാലും എന്റെ പ്രിയപ്പെട്ടവരുടെയൊക്കെ പ്രാർത്ഥനകൾ ഉള്ളത് കൊണ്ടാകാം കണ്ണിൽ കൊള്ളാനുള്ളത് പുരികത്ത് കൊണ്ടൊക്കെയങ്ങു നീങ്ങുന്നത്. അനുഭവിച്ച് ചീട്ട് കീറിയതിന്റെ വെളിച്ചത്തിൽ പറയുവാ, പുറത്ത് നിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക. നടക്കില്ല എന്നറിയാം, എന്നാലും ശ്രമിക്കുക ശ്രദ്ധിക്കുക'', റിയാസ് നർമകല ഫെയ്സ്ബുക്കിൽ കുറിച്ചു.
മിമിക്രിയിലൂടെയാണ് തിരുവനന്തപുരം സ്വദേശിയായ റിയാസ് അഭിനയരംഗത്ത് എത്തുന്നത്. നര്‍മകല എന്നൊരു മിമിക്രി ട്രൂപ്പും അദ്ദേഹം ആരംഭിച്ചിരുന്നു. പിന്നീടാണ് സീരിയലുകളിലൂടെ ടെലിവിഷന്‍ രംഗത്ത് എത്തിയത്. മറിമായത്തിലെ മന്മഥന്‍ എന്ന കഥാപാത്രമാണ് താരത്തെ കൂടുതൽ പ്രശസ്‍തനാക്കിയത്. ചില സിനിമകളിലും റിയാസ് നർമകല വേഷമിട്ടിട്ടുണ്ട്.
ഇപ്പോൾ അളിയൻസ് എന്ന പരമ്പരയിലാണ് താരം അഭിനയിക്കുന്നത്.
