സന്തോഷ് നായരുടെ മരണത്തിൽ ദുഖം പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടിയും ബിഗ്ബോസ് സീസൺ 7 മൽസരാർത്ഥിയുമായിരുന്ന ശ്രീരേഖ.
കഴിഞ്ഞ ദിവസം മലയാളികളെയാകെ ഞെട്ടിച്ച മരണമായിരുന്നു നടന്‍ സന്തോഷ് കെ നായരുടേത്. വാഹനാപകടത്തിലാണ് താരം മരണപ്പെടുന്നത്. വില്ലനായും സഹനടനായും കയ്യടി നേടിയിട്ടുള്ള സന്തോഷ് ഒരിടവേളയ്ക്ക് ശേഷം തിരികെ വന്ന ചിത്രമായിരുന്നു മോഹിനിയാട്ടം. ഈ ചിത്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നതിനിടെയായിരുന്നു താരത്തിന്റെ അപ്രതീക്ഷിത വിയോഗം. ഇപ്പോഴിതാ സന്തോഷ് നായരുടെ മരണത്തിൽ ദുഖം പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടിയും ബിഗ്ബോസ് സീസൺ 7 മൽസരാർത്ഥിയുമായിരുന്ന ശ്രീരേഖ.

''മോഹിനിയാട്ടം മൂവി പ്രൊമോഷൻസിന്റെ തിരക്കുകൾക്കിടയിൽ അൽപ സമയം കിട്ടിയപ്പോൾ എന്റെ ഫോണിൽ ഞാൻ പകർത്തിയ പ്രിയപ്പെട്ട സന്തോഷേട്ടന്റെ ചിത്രമാണിത്. പ്രേക്ഷകരുടെ മനസ്സു നിറഞ്ഞ അഭിനന്ദനങ്ങളും അംഗീകാരങ്ങളും കിട്ടുന്നതിൽ അദ്ദേഹത്തിന് അതിയായ സന്തോഷമായിരുന്നു. ഒരു കലാകാരന്റെ ഏറ്റവും വലിയ ആഗ്രഹവും അതുതന്നെയല്ലേ...പ്രേക്ഷക മനസ്സിൽ ഇടം നേടുക എന്നത്.. അവസരങ്ങളും അംഗീകാരങ്ങളും ഏറ്റുവാങ്ങാൻ നിൽക്കാതെ സന്തോഷേട്ടൻ പോയി എന്നുള്ളത് വിശ്വസിയ്ക്കാൻ ആവുന്നില്ല ... അഭിനയത്തെ കുറിച്ചും ജീവിതാനുഭവങ്ങളെക്കുറിച്ചും അവസാനം കണ്ടുപിരിയുമ്പോൾ ഒരുപാട് സംസാരിച്ചതാണ് ... ജീവിതത്തെ അത്രമേൽ സ്നേഹിച്ച വ്യക്തി .... ആദരാഞ്ജലികൾ'', ശ്രീരേഖ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
യാത്ര ചെയ്ത കാർ നിയന്ത്രണം തെറ്റി പാഴ്സൽ ലോറിയിൽ ഇടിച്ചായിരുന്നു സന്തോഷിന്റെ മരണം. അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ ചികിത്സയിലിരിക്കവയാണ് മരണം സംഭവിച്ചത്. കാറിൽ ഒപ്പമുണ്ടായിരുന്ന ഭാര്യ രാജലക്ഷ്മി, പാർസൽ ലോറി ഡ്രൈവർ സുധീഷ് എന്നിവർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. 100 ലേറെ സിനിമകളിൽ അഭിനയിച്ചു. തങ്ങളുടെ സഹപ്രവർത്തകനും സുഹൃത്തും ഒക്കെയായ സന്തോഷിന്റെ വിയോഗ വാർത്ത ഉൾക്കൊള്ളാനാകാതെ വിഷമിക്കുകയാണ് മലയാള സിനിമാ ലോകവും.



