''ജീവിതത്തിൽ അഭിനയിക്കാനേ അറിയാത്തവർ. എന്നും എപ്പോഴും'', എന്നും മാളവിക കുറിച്ചു.
മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച നടിയാണ് മാളവിക വെയിൽസ്. സിനിമകൾക്കൊപ്പം തന്നെ സീരിയൽ ലോകത്തും ശ്രദ്ധ നേടാൻ മാളവികയ്ക്കു കഴിഞ്ഞിട്ടുണ്ട്. പൊന്നമ്പിളി, മഞ്ഞില്‍വിരിഞ്ഞ പൂവ് തുടങ്ങിയ ഹിറ്റ് സീരിയലുകൾ മാളവികയെ മിനിസ്ക്രീൻ പ്രേക്ഷകരുടെയും പ്രിയങ്കരിയാക്കി മാറ്റി. ഇപ്പോൾ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന മീനൂസ് കിച്ചൺ എന്ന പരമ്പരയിലാണ് മാളവിക അഭിനയിക്കുന്നത്. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ഓണത്തോടനുബന്ധിച്ച്, കുടുംബാംഗങ്ങളോടൊപ്പം മാളവിക പങ്കുവെച്ച പോസ്റ്റും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
''എൻ്റെ ആകാശവും, എൻ്റെ ആശയും, എൻ്റെ ആശ്രയവും ആയവർ… വിധിപറച്ചിലിനും തിരസ്കാരത്തിനും എന്നെ ഒരിക്കലും വിട്ടുകൊടുക്കാത്തവർ. എവിടെയും ഒതുങ്ങാനല്ല, പറക്കാനായുള്ള ചിറകായവർ. ഇവരോളം വലുത് എനിക്കെന്ത് വേണം'', എന്നാണ് കുടുംബാംഗങ്ങളോടൊപ്പമുള്ള ഫോട്ടോയ്ക്കൊപ്പം മാളവിക ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. മാളവികയുടെ അമ്മ സുധിന വെയിൽസ്, സഹോദരൻ, സഹോദരി എന്നിവരെ ചിത്രങ്ങളിൽ കാണാം. ''ജീവിതത്തിൽ അഭിനയിക്കാനേ അറിയാത്തവർ... എന്നും എപ്പോഴും'', എന്നാണ് ഇവർക്കൊപ്പമുള്ള മറ്റൊരു ഫോട്ടോയ്ക്കൊപ്പം മാളവിക കുറിച്ചത്. ''എന്തൊരു അർത്ഥവത്തായ ക്യാപ്ഷൻ ആണ്'' എന്നാണ് മാളവികയുടെ പോസ്റ്റിനു താഴെ ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. ''ഈ കുറിപ്പ് ഹൃദയത്തിൽ തൊട്ടു''എന്നും മറ്റൊരാൾ കുറിച്ചു.
മാളവികയുടെ അച്ഛൻ മരിച്ച ശേഷം താരം അഭിനയത്തിൽ നിന്നും ചെറിയ ഇടവേള എടുത്തിരുന്നു. അച്ഛനായിരുന്നു എല്ലാക്കാര്യത്തിലും തനിക്ക് താങ്ങായും തണലായും ഉണ്ടായിരുന്നതെന്നും മാളവിക പറഞ്ഞിട്ടുണ്ട്. കുറച്ചുനാൾ സിനിമയിൽ നിന്ന് വിട്ടുനിന്ന ശേഷം സീരിയലിലൂടെ അഭിനയത്തിലേക്ക് തിരികെയെത്തുകയായിരുന്നു. പഠനത്തിൽ ശ്രദ്ധിക്കുവാനായി അഭിനയം വിടാമെന്നായിരുന്നു അന്നെടുത്ത തീരുമാനം എന്നും പക്ഷേ, പൊന്നമ്പിളിയുടെ പ്രൊഡ്യൂസറായ സജിൻ രാഘവൻ സാർ വീണ്ടും അഭിനയത്തിലേക്ക് കൊണ്ടുവരികയായിരുന്നു എന്നും മാളവിക പറഞ്ഞിരുന്നു.



