അച്ഛൻ ഉപേക്ഷിച്ചു പോയതിനെക്കുറിച്ചും മായ മനസുതുറന്നു. 

മിനി സ്ക്രീൻ പ്രക്ഷകർക്ക് സുപരിചിതയായ താരമാണ് മായാ കൃഷ്ണ. കോമഡി ഫെസ്റ്റിവൽ ആയിരുന്നു മായയ്ക്ക് അഭിനയത്തിലേക്കുള്ള വേദി ഒരുക്കിയത്. ടെലിവിഷൻ പരമ്പരകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മായ പിന്നീട് പ്രേക്ഷകരുടെ ഇഷ്ടം കവരുകയായിരുന്നു. ഐഡിയ സ്റ്റാർ സിംഗർ പരിപാടിയിൽ ബാക്ക്ഗ്രൗണ്ട് ഡാൻസറായിട്ടായിരുന്നു മായയുടെ ടെലിവിഷനിലെ തുടക്കം.

വിവാഹവും പ്രണയവുമൊക്കെ ഇഷ്ടമാണെങ്കിലും തനിക്ക് കല്യാണം കഴിക്കാൻ താത്പര്യമില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. തന്റെ അമ്മക്കുണ്ടായ ദുരനുഭവങ്ങളാണ് അതിനു കാരണമെന്നും മായ പറയുന്നു. മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിലാണ് താരം മനസു തുറന്നത്. ''കല്യാണം കഴിക്കുന്നതിനോട് നേരത്തേ മുതലേ എനിക്ക് താത്പര്യം ഉണ്ടായിരുന്നില്ല. കല്യാണങ്ങളും പ്രണയവുമൊക്ക ഇഷ്ടമാണ്. പക്ഷേ എന്റെ ഉള്ളിൽ അവർ ഇട്ടിട്ടുപോകുമോ എന്ന പേടിയാണ്. കാരണം അമ്മ അനുഭവിച്ചതൊക്കെ ഞാനാണ് കണ്ടത്. എവിടെച്ചെന്നാലും അച്ഛനില്ലേ, അച്ഛനില്ലേ എന്ന ചോദ്യമാണ്. അച്ഛൻ ഇല്ലേ എന്നു ചോദിക്കുമ്പോൾ മരിച്ചു എന്നു പറയാൻ ബുദ്ധിമുട്ടാ. അച്ഛൻ ഉപേക്ഷിച്ചു എന്നു പറയുമ്പോ അതെന്താ ഉപേക്ഷിച്ചേ എന്നു ചോദിക്കും. ഈ ചോദ്യങ്ങൾ ഒരിക്കലും അവസാനിക്കില്ല'', എന്ന് മായ കൃഷ്ണ പറയുന്നു.

അച്ഛൻ ഉപേക്ഷിച്ചു പോയതിനെക്കുറിച്ചും മായ അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. ''അച്ഛന്റെയും അമ്മയുടെയും പ്രണയവിവാഹം ആയിരുന്നു. ഒന്നര വർഷമാണ് അവർ ഒന്നിച്ചു ജീവിച്ചത്. അച്ഛന് അന്ന് ബാങ്കിൽ ജോലിയുണ്ടായിരുന്നു. മദ്രാസിലേക്ക് ബാങ്ക് മാറി, അവിടേക്ക് പ്രൊമോഷൻ കിട്ടി എന്നു പറഞ്ഞാണ് പോയത്. അന്ന് അമ്മ ഒൻപതു മാസം ഗർഭിണിയായിരുന്നു. ഗർഭിണിയായതു കൊണ്ട് അമ്മയെ കൊണ്ടുപോകാൻ പറ്റില്ലെന്നും നിന്നെ എങ്ങനെ ഈ അവസ്ഥയിൽ ഇവിടെ നിർത്തിയിട്ടു പോകും, എനിക്കു നോക്കാൻ പറ്റുന്നില്ലല്ലോ എന്നോക്കെ ചോദിച്ച് അച്ഛൻ പോകുന്നതിന്റെ തലേദിവസം കരഞ്ഞെന്നും എന്നോട് അമ്മ പറഞ്ഞിട്ടുണ്ട്'', എന്നാണ് ഇതേക്കുറിച്ച് മായ പറഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..