ടെലിവിഷൻ പരമ്പരകളിലൂടെ പ്രശസ്തയായ നടി പ്രീത പ്രദീപ് അമ്മയായി. ആറ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ താരം ഒരു ആൺകുഞ്ഞിന് ജന്മം നൽകി. നിരവധി താരങ്ങൾ ഇവര്‍ക്ക് ആശംസകൾ നേർന്നു.

ടെലിവിഷന്‍ പരമ്പരകളിലൂടെ മലയാളിക്ക് സുപരിചിതയായ നടിയാണ് പ്രീത പ്രദീപ്. പ്രീത എന്ന് പറയുന്നതിനേക്കാള്‍ 'മതികല' എന്ന് പറയുമ്പോളാകും ടെലിവിഷന്‍ പ്രേക്ഷകര്‍ പ്രീത പ്രദീപിനെ പെട്ടന്ന് ഓര്‍ക്കുക. താൻ ഗർഭിണിയാണെന്ന സന്തോഷം അടുത്തിടെ പ്രീത ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ അമ്മയായ വിവരവും താരം പങ്കുവച്ചിരിക്കുകയാണ്. ആറ് വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ ഒരു ആൺകുഞ്ഞിനാണ് പ്രീത ജന്മം നൽകിയിരിക്കുന്നത്. സിനിമാ-സീരിയൽ രം​ഗത്ത് നിന്നുള്ള നിരവധി താരങ്ങൾ പ്രീതയ്ക്കും വിവേകിനും ആശംസകൾ നേർന്ന് എത്തി.

നേരത്തെ പങ്കുവച്ച മെറ്റേണിറ്റി ഫോട്ടോ ഷൂട്ട് ഏറെ ശ്രദ്ധനേടിയിരുന്നു. ''സ്നേഹം പെരുകും എന്നതിന് തെളിവ്'' എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഗർഭിണിയാണെന്ന വിവരം ഭർത്താവിനോട് പ്രീത വെളിപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനൊപ്പം വൈകാരികമായ കുറിപ്പും താരം പങ്കുവെച്ചിരുന്നു.

''ജീവിതത്തെ മാറ്റിമറിക്കുന്ന ചില നിമിഷങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാവും. അങ്ങനെയൊരു നിമിഷമായിരുന്നു ആ രണ്ട് ചെറു വരകള്‍ ഞാന്‍ കണ്ടപ്പോള്‍. ആ പ്രഭാതം, ലോകം ചെറുതായ പോലെ തോന്നി, മനസ്സ് നിശ്ശബ്ദമായി, പെട്ടെന്നുള്ള സന്തോഷം കണ്ണുകള്‍ നനയിച്ചു. എല്ലാം ജഗദീശ്വരന്‍ എഴുതിയ ഒരനുഗ്രഹീത പദ്ധതിയുടെ ഏടുകളാണെന്ന ബോധ്യം കൊണ്ടായിരിക്കാം. പുതിയൊരു അധ്യായം ആരംഭിക്കുന്നു. ഞങ്ങള്‍ ഇരുവരുടേയും ഹൃദയം ഇതിനകം തന്നെ സ്‌നേഹത്താല്‍ നിറഞ്ഞിരിക്കുന്നു'', എന്നാണ് വീഡിയോയ്ക്കൊപ്പം പ്രീത കുറിച്ചത്. പായസം ഒരു ചെറിയ ക്ലാസില്‍ പകര്‍ന്നു നല്‍കിയാണ് പ്രീത സന്തോഷവാര്‍ത്ത ഭര്‍ത്താവിനെ അറിയിച്ചത്. സന്തോഷം കൊണ്ട് പ്രീതയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നതും വീഡിയോയിൽ കാണാമായിരുന്നു. പിന്നാലെ ആശംകള്‍ അറിയിച്ച് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. 

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming