ബസില്‍ വച്ച് മോശമായി പെരുമാറിയെന്ന് വ്ളോഗര്‍ ആരോപിച്ച ദീപക്ക് എന്നയാൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി നടി പ്രിയങ്ക അനൂപ്

ബസില്‍ വച്ച് മോശമായി പെരുമാറിയെന്ന് വ്ലോഗറുടെ വീഡിയോ വൈറല്‍ ആയതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദാപുരം സ്വദേശി 42 വയസുകാരൻ ദീപക്ക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരിച്ച് നടി പ്രിയങ്ക അനൂപ്. വീഡിയോ പങ്കുവച്ച യുവതിക്കെതിര രൂക്ഷവിമർശനവുമായാണ് പ്രിയങ്കയുടെ പ്രതികരണം. യുവതിക്കെതിരെ പോലീസ് കേസ് എടുക്കണമെന്നും ജീവിതകാലം മുഴുവൻ ജയിലിൽ കിടത്തണമെന്നും ജിഞ്ചർ മീഡിയ എന്റർടെയ്‌ൻമെന്റ്സിന് നൽകിയ അഭിമുഖത്തിൽ പ്രിയങ്ക പറഞ്ഞു.

പ്രിയങ്ക പറയുന്നു

''എനിക്കും ഒരു മോൻ വളർന്ന് വരുന്നുണ്ട്. ഒരുപാട് കാര്യങ്ങളിൽ പുരുഷന്മാരിൽ ന്യായമുണ്ടെന്ന് തോന്നിയിട്ടുണ്ട്. പുരുഷൻമാരിലും സത്രീകളിലും തെറ്റുകാരുണ്ട്. പക്ഷേ ഏറ്റവും കൂടുതൽ ക്രൂശിക്കപ്പെടുന്നത് പുരുഷന്മാരാണെന്ന് മാത്രം. അത് പലപ്പോഴും മനസിലായതുകൊണ്ടാണ് പുരുഷന്മാർക്കൊപ്പം നിൽക്കാൻ തീരുമാനിച്ചത്. ഇന്ന് നമ്മൾ കാണുന്നത് സ്ത്രീ അങ്ങോട്ട് പോയി പുരുഷനെ മുട്ടുന്നതാണ്. സ്ത്രീകൾ സ്ത്രീകളെ പൊക്കി സംസാരിക്കുകയും ചെയ്യുന്നു.

ആ വീഡിയോ ഞാൻ ശ്രദ്ധിച്ച് കണ്ടു. ശരീരത്തിൽ അറിയാതെ ടച്ച് ചെയ്താൽ സാധാരണ സ്ത്രീയാണെങ്കിൽ അവൾ അറിയാതെ ഒതുങ്ങും. എന്നിട്ടും കൂടുതലായി ശരീരത്തിൽ മുട്ടാൻ വരികയാണെങ്കിൽ വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയാണോ വേണ്ടത്. നീങ്ങി നിൽക്കാൻ പറയണം. അതൊന്നും ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം നമ്മളെല്ലാം കണ്ട വീഡിയോയിൽ ആ പുരുഷൻ അവിടെ നടക്കുന്നതൊന്നും അറിഞ്ഞിട്ട് പോലുമില്ല. അങ്ങോട്ട് ചെന്ന് മുട്ടിയിട്ട് വീഡിയോ എടുത്ത് രസിക്കുന്നു, പ്രചരിപ്പിക്കുന്നു. അയാൾ ആത്മഹത്യയും ചെയ്തു. സ്ത്രീയുടെ പോക്ക് എങ്ങോട്ടാണ്. ഇരുപത് ശതമാനം സ്ത്രീകൾ ഇതിനായി തന്നെ നടക്കുകയാണ്. വീഡിയോ എടുത്തുവെങ്കിൽ അത് പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി കാണിക്കണം. പിന്നെ എന്തിനാണ് സ്റ്റേഷനൊക്കെ? വീഡിയോ വൈറലായി. അമ്മയുടെ മുഖത്ത് ദീപക്ക് എങ്ങനെ നോക്കും. എല്ലാവരും മകന്റെ വീ‍ഡിയോയെ കുറിച്ച് അമ്മയോട് ചോദിക്കില്ലേ. ഇതെല്ലാം ദീപക്കിന്റെ മനസിനെ വേദനിപ്പിച്ച് കാണില്ലേ? എല്ലാവരുടെ മനസിനും കട്ടികാണില്ല. ഞാൻ പുരുഷന്മാർക്കൊപ്പം നിൽക്കാൻ തീരുമാനിച്ചത് ശരിയാണെന്ന് ഇപ്പോൾ തോന്നുന്നു'', പ്രിയങ്ക അഭിമുഖത്തിൽ പറഞ്ഞു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming