ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ ദുബൈയിലെ തന്റെ വീട് മനോഹരമായി അലങ്കരിച്ചതിന്റെ ചിത്രങ്ങൾ പുറത്തുവന്നു.
ഹൈദരാബാദ്: ദുബൈയിലെ വീട് മനോഹരമായി അലങ്കരിച്ച് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. ഇതോടെ എന്തിനാണ് സാനിയ വീട് ഇത്രയും മനോഹരമായി അലങ്കരിച്ചതെന്ന് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി. ഇവന്റ് മാനേജ്‌മെന്റ് ടീം പോസ്റ്റ് ചെയ്ത ചിത്രങ്ങളില്‍, വെള്ളയും ആനക്കൊമ്പിലും ചേര്‍ന്ന തീമില്‍ അവരുടെ വീട് രൂപകല്‍പ്പന ചെയ്തിരിക്കുന്നു. ലോലമായ കര്‍ട്ടനുകള്‍,ലൈറ്റുകള്‍, വെളുത്ത പൂക്കള്‍, വൃത്തിയായി സ്ഥാപിച്ചിരിക്കുന്ന മെഴുകുതിരികള്‍ എന്നിവയാല്‍ അലങ്കരിച്ചു. പൂളിനരികെയുള്ള പ്രദേശം ഉള്‍പ്പെടെ മനോഹരമാക്കിയിട്ടുണ്ട്.
അലങ്കാരത്തിന്റെ കാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ചിലപ്പോള്‍ കുടുംബ ആഘോഷവുമായോ അല്ലെങ്കില്‍ ഒരു പ്രത്യേക ചടങ്ങുമായോ ബന്ധപ്പെട്ടായിരിക്കാം. ഇന്ത്യയിലെ മികച്ചതും വളര്‍ന്നുവരുന്നതുമായ വനിതാ അത്ലറ്റുകളെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള തന്റെ പുതിയ സംരംഭമായ 'ദി നെക്സ്റ്റ് സെറ്റ്' സാനിയ മിര്‍സ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പോസ്റ്റ്. കഴിവുള്ള കളിക്കാര്‍ക്ക് ഉയര്‍ന്ന തലത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സഹായിക്കുന്നതിന് പ്രൊഫഷണല്‍ പിന്തുണ നല്‍കുന്നതിലാണ് ഈ പരിപാടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതോടൊപ്പം, സാനിയ ദുബായിലും ഹൈദരാബാദിലും തന്റെ ടെന്നീസ് അക്കാദമികള്‍ നടത്തുന്നു.
വനിതാ പ്രീമിയര്‍ ലീഗില്‍ ആര്‍സിബിയുടെ മെന്ററായി പ്രവര്‍ത്തിക്കുന്നു. ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ലീഡ് കമന്റേറ്ററായും സാനിയ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ വനിതാ കായിക, ബിസിനസ് സംരംഭങ്ങളില്‍ സജീവമായി ഇടപെടുകയും സോഷ്യല്‍ മീഡിയയില്‍ സിംഗിള്‍ അമ്മ എന്ന നിലയിലുള്ള തന്റെ ജീവിതയാത്ര പങ്കിടുകയും ചെയ്യുന്നു. പാക് ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തിയിരുന്നു.

