ഭക്ഷണത്തെ രാഷ്ട്രീയവൽക്കരിക്കുന്നതിനെതിരെ നടി സരിത ബാലകൃഷ്ണൻ. കേരളത്തിൽ ഹിന്ദുവിന്റെ ചോറും, മുസ്ലിമിന്റെ ബീഫും, ക്രിസ്ത്യാനിയുടെ പോർക്കും ഒരേ മേശപ്പുറത്ത് വിപ്ലവം തീർക്കുമെന്ന് അവർ പറയുന്നു.

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് നടി സരിത ബാലകൃഷ്ണൻ. സമീപകാലത്തായി സമൂഹത്തിൽ നടക്കുന്ന വിവിധ കാര്യങ്ങളിൽ തന്റെ അഭിപ്രായങ്ങൾ പങ്കിട്ട് താരം എത്താറുണ്ട്. അവ ശ്രദ്ധനേടുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ കേരള സ്റ്റോറി 2വുമായി ബന്ധപ്പെട്ട് ഭക്ഷണത്തെ രാഷ്ട്രീയവൽക്കരിക്കാൻ നോക്കുന്നവർക്കെതിരെ രം​ഗത്ത് എത്തിയിരിക്കുകയാണ് സരിത. ഇത് കേരളമാണെന്നും ഇവിടെ ഹിന്ദുവിന്റെ ചോറും മുസ്ലിമിന്റെ ബീഫും ക്രിസ്ത്യാനിയുടെ പോർക്കും എല്ലാം ഒരേ മേശപ്പുറത്ത് വിപ്ലവം നടത്തുമെന്ന് സരിത പറയുന്നു. പേടിച്ചു മരിക്കാനല്ല, സ്നേഹിച്ച് മരിക്കാനാണ് തങ്ങൾക്ക് താല്പര്യമെന്നും താരം കൂട്ടിച്ചേർക്കുന്നു.

സരിത ബാലകൃഷ്ണന്റെ വാക്കുകൾ ഇങ്ങനെ

കേരളത്തിന്റെ ആകാശം ഇന്ന് വല്ലാതെ ഇരുണ്ടിരിക്കുന്നു. എങ്ങും നിഗൂഢതയുടെ പുകപടലങ്ങൾ. പക്ഷേ, ഈ പുക വരുന്നത് ഏതെങ്കിലും തീവ്രവാദ ക്യാമ്പിൽ നിന്നല്ല, മറിച്ച് എന്റെ അടുക്കളയിൽ നിന്നാണ്. അവിടെ ഇഞ്ചിയും വെളുത്തുള്ളിയും സവാളയും ചേർന്ന് ഒരു 'ഭീകരമായ' ഗൂഢാലോചന നടക്കുകയാണ്. ലോകം എങ്ങോട്ട് പോകുന്നു എന്ന് ചിന്തിച്ച് തല പുകയ്ക്കുന്നവർ അറിയുന്നില്ല, ഇവിടെ ഒരു കിലോ ബീഫും രണ്ട് സെറ്റ് പൊറോട്ടയും ചേർന്ന് ചരിത്രം തിരുത്തിക്കുറിക്കാൻ തുടങ്ങുകയാണെന്ന്.

ഞാൻ പൊതിയും ആയി ആ വഴി നടന്നു പോകുമ്പോൾ നാട്ടുകാർ കരുതിയത് ഞാൻ ഏതെങ്കിലും ആറ്റം ബോംബ് കൈവശം വെച്ചിട്ടുണ്ടെന്നാണ്. എന്നാൽ ഞാൻ നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നത് അതിലും മാരകമായ ഒന്നായിരുന്നു—ഒരു കിലോ ബീഫ്! ബസ് സ്റ്റോപ്പിലെ കപ്പലണ്ടി കച്ചവടക്കാരൻ മുതൽ ചായക്കടയിലെ രാമൻ നായർ വരെ എന്നെ സംശയത്തോടെ നോക്കുന്നു. ശോഭേടത്തിയുടെ ഭാഷ്യത്തിൽ പറഞ്ഞാൽ, പെൺകുട്ടികളെ മയക്കി കടത്തിക്കൊണ്ടുപോകാൻ ഉപയോഗിക്കുന്ന 'അത്ഭുത മരുന്ന്'. പക്ഷേ, എനിക്ക് ഒരു കാര്യമേ പറയാനുള്ളൂ: "മയങ്ങുന്നത് പെൺകുട്ടികളല്ല ആന്റീ, ഇത് കഴിക്കുന്നവരുടെ നാക്കിലെ രുചിയാണ്. സത്യത്തിൽ, കേരളത്തിലെ പെൺകുട്ടികൾക്ക് മയങ്ങാൻ ഐസിസിന്റെ ക്ലാസുകളൊന്നും വേണ്ട, നല്ല വെളിച്ചെണ്ണയിൽ മൂപ്പിച്ച ബീഫ് ഫ്രൈയുടെ മണം മാത്രം മതി. ആ മണം അടിച്ചാൽ പിന്നെ ജാതിയും മതവും എന്തിന്, സ്വന്തം അഡ്രസ്സ് പോലും മറന്നു പോകുന്ന ഒരു 'മസ്തിഷ്ക പ്രക്ഷാളനം' ഇവിടെ കാലാകാലങ്ങളായി നടക്കുന്നുണ്ട്.

എന്റെ കിച്ചൺ ഇപ്പോൾ വെറുമൊരു അടുക്കളയല്ല,. മസാലപ്പൊടികൾ ഓരോന്നും ഓരോ ചതിക്കുഴികളാണ്. ഉള്ളി വഴറ്റുമ്പോൾ വരുന്ന പുകയേക്കാൾ വലിയൊരു 'മസ്തിഷ്ക പ്രക്ഷാളനം' വേറെ എവിടെ കിട്ടാനാണ്? ചില നേതാക്കൾ വിദേശത്ത് പോയി വലിയ പ്ലേറ്റിൽ സ്റ്റീക്ക് മുറിക്കുമ്പോൾ ഇവിടെയുള്ളവർ ബീഫ് നിരോധനത്തെക്കുറിച്ച് പ്രസംഗിക്കുന്നത് കേൾക്കുമ്പോൾ ഞാൻ ചിരിച്ചു പോകുന്നത് ചുമ്മാതല്ല . സിലിണ്ടറിന് വില കൂടുന്നതിനേക്കാൾ വലിയൊരു ഭീകരവാദം തൽക്കാലം എന്റെ മുന്നിലില്ല.

ശുദ്ധ വെജിറ്റേറിയനായിരുന്ന രാധയുടെ കഥയാണ് ഏറ്റവും രസകരം. ഒരു മയക്കുമരുന്നും നൽകാതെ, ഒരു വാഗ്ദാനവും നൽകാതെ നടന്ന 'ഘർ വാപസി'. ബീഫ് റോസ്റ്റിന്റെ മണം അവളുടെ മൂക്കിലേക്ക് അരിച്ചു കയറിയപ്പോൾ, അവൾ കണ്ടത് സ്വർഗ്ഗരാജ്യമായിരുന്നു. "ഇത്തിരി ടേസ്റ്റ് ചെയ്യാൻ തരുമോ?" എന്ന ഒരൊറ്റ ചോദ്യത്തിൽ രാധയുടെ വർഷങ്ങളായുള്ള വിശ്വാസപ്രമാണങ്ങൾ ബീഫ് കറിയിൽ അലിഞ്ഞു ചേർന്നു. ഇതിനെയാണോ നിങ്ങൾ 'ചതി' എന്ന് വിളിക്കുന്നത്? എങ്കിൽ ഇത്തരം ചതികൾ കേരളത്തിലെ എല്ലാ അടുക്കളകളിലും ഇനിയും ആവർത്തിക്കട്ടെ.

സിനിമക്കാർ കാട്ടുന്ന കേരളമല്ല എന്റേത് . ഇവിടെ തോക്കുധാരികളില്ല, പകരം കുഴിയുള്ള റോഡുകളുണ്ട്. അവിടെ ബോംബ് പേടിയില്ല, പകരം അടുത്ത മാസം വരാനിരിക്കുന്ന കറന്റ് ബില്ലിനെക്കുറിച്ചുള്ള ആകുലതകളുണ്ട്. അവിടെ ജാതിയും മതവും നോക്കി ആരും ഭക്ഷണം കഴിക്കാറില്ല.

​ശോഭേടത്തിമാർ എപ്പോഴും കാണും—വാട്ട്സാപ്പ് യൂണിവേഴ്സിറ്റിയിലെ 'അറിവുകൾ' വിളമ്പാൻ. പക്ഷേ, അതേ ശോഭേടത്തി തന്നെ എന്റെ വാതിലിൽ മുട്ടുന്നത് എന്തിനാണെന്ന് അറിയാമോ? ആ 'നിരോധിത' മണം പിടിച്ചു വന്ന് ഒരു കഷ്ണം ബീഫ് വാഴയിലയിൽ പൊതിഞ്ഞു വാങ്ങാനാണ്! ഇതാണ് ഞങ്ങളുടെ കേരളം. ഇവിടെ ഹിന്ദുവിന്റെ ചോറും മുസ്ലിമിന്റെ ബീഫും ക്രിസ്ത്യാനിയുടെ പോർക്കും എല്ലാം ഒരേ മേശപ്പുറത്ത് വിപ്ലവം നടത്തും. ഭക്ഷണത്തെ രാഷ്ട്രീയവൽക്കരിക്കാൻ നോക്കുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ: “ഞങ്ങൾക്ക് സ്നേഹിച്ചു മരിക്കാനാണ് താല്പര്യം, പേടിച്ചു മരിക്കാനല്ല.” ​ഇതാണ് The Real Kerala Story നല്ല രുചിയുള്ള, എരിവുള്ള, സ്നേഹമുള്ള ഒരു യഥാർത്ഥ കേരള സ്റ്റോറി!

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming