ശരത്തിന്‍റെ വേർപാടിന്‍റെ പത്താം വർഷത്തിൽ കുറിപ്പുമായി സോണിയ

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിലൊന്നായിരുന്നു ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന 'ഓട്ടോഗ്രാഫ്'. പ്രായഭേദമന്യേ നിരവധി പ്രേക്ഷകർ ഈ പരമ്പരയുടെ ആരാധകരായിരുന്നു. ഫൈവ് ഫിംഗേഴ്സ് എന്ന അഞ്ച് വിദ്യാർത്ഥികളുടെ സൗഹൃദവും പ്രണയവും പ്രതികാരവുമെല്ലാമായിരുന്നു സീരിയലിന്റെ പ്രമേയം. രഞ്ജിത്ത് രാജ്, ശാലിൻ സോയ, അംബരീഷ്, ശ്രീക്കുട്ടി, സോണിയ മോഹൻദാസ്, ജിഷിൻ മോഹൻ, ശരത് കുമാർ തുടങ്ങിയവരാണ് സീരിയലിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇവരിൽ പലരും പിൽക്കാലത്ത് അഭിനയരംഗത്ത് സജീവമായെങ്കിലും ശരത്കുമാർ ഇന്നും വേദനിക്കുന്ന ഓർമയാണ്. പത്ത് വർഷം മുമ്പ് ഒരു വാഹനാപകടത്തിലാണ് ശരത് മരിച്ചത്. സീരിയൽ ഷൂട്ടിങ്ങിനായി കൊല്ലത്തേക്ക് പോകുന്നതിനിടയിൽ ശരത് സഞ്ചരിച്ച ബൈക്ക് ടിപ്പർ ലോറിയിൽ ഇടിക്കുകയായിരുന്നു. സീരിയലിൽ രാഹുൽ എന്ന കഥാപാത്രത്തെയാണ് ശരത് അവതരിപ്പിച്ചിരുന്നത്.

ശരത്തിന്റെ വേർപാടിന്റെ പത്താം വർഷത്തിൽ ഓട്ടോഗ്രാഫിലെ പ്രധാന കഥാപാത്രങ്ങളിലൊരാളെ അവതരിപ്പിച്ച സോണിയ പങ്കുവെച്ച പോസ്റ്റും ശ്രദ്ധ നേടുകയാണ്. ശരത്തിനെ ഓർക്കാതെ തന്റെ ഒരു ദിവസം പോലും കടന്നുപോകുന്നില്ല എന്നാണ് സോണിയ കുറിച്ചത്.

''ഒരു പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. പക്ഷേ അതെല്ലാം ഇന്നലെയെന്ന പോലെ തോന്നുന്നു. എനിക്കു നീ ഒരു സുഹൃത്ത് എന്നതിനും അപ്പുറമായിരുന്നു. നീ എന്റെ സഹോദരനായിരുന്നു. നമ്മൾ പങ്കിട്ട നിമിഷങ്ങൾ, ചിരികൾ, നീയെനിക്കു നൽകിയ പിന്തുണ, ഇതൊന്നും മറക്കാനാകില്ല, മറ്റാർക്കും അതിന് പകരമാകാനും ആകില്ല. ഇതൊന്നും ഓർമിക്കാതെ എന്റെ ഒരു ദിവസം പോലും കടന്നുപോകുന്നില്ല. നീ ഇപ്പോൾ ഇവിടെയില്ലെങ്കിലും നിന്റെ സാന്നിധ്യം എപ്പോഴും അനുഭവപ്പെടുന്നുണ്ട്. എന്റെ സഹോദരാ... സമാധാനത്തോടെ വിശ്രമിക്കൂ. നിന്നെ വല്ലാതെ മിസ് ചെയ്യുന്നു... ഒരിക്കലും മറക്കില്ല'', സോണിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

View post on Instagram

സോണിയയുടെ പോസ്റ്റിനു താഴെ ഓട്ടോഗ്രാഫ് സീരിയലിനെക്കുറിച്ചും ശരതിനെക്കുറിച്ചും നിരവധി പേർ കമന്റുകളുമായി എത്തുന്നുണ്ട്. ഓട്ടോഗ്രാഫ് സീരിയലിലെ ഓരോ എപ്പിസോഡുകളും കാണാൻ താൻ കാത്തിരിക്കുമായിരുന്നു എന്നാണ് ഒരാൾ കുറിച്ചത്. രാഹുൽ-മൃദുല സീനുകൾ ഒരുപാട് ഇഷ്ടമായിരുന്നു എന്നും മറ്റൊരാൾ കുറിച്ചു.

ALSO READ : പ്രധാന കഥാപാത്രങ്ങളായി പുതുമുഖങ്ങള്‍; 'കരിമ്പടം' വരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം