ഗുരുവായൂരിൽ നടന്ന ചടങ്ങുകൾക്ക് ശേഷം അടുത്ത സുഹൃത്തുക്കൾക്കായി ഡെസ്റ്റിനേഷൻ വെഡ്ഡിംഗും ഒരുക്കിയിരുന്നു

ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കും ചോദ്യങ്ങൾക്കും വിരാമമിട്ടുകൊണ്ട് ഇന്നലെയാണ് മിനിസ്ക്രീൻ താരവും ബിഗ്ബോസ് സീസൺ 7 വിജയിയുമായ അനുമോൾ വിവാഹിതയായത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. വിവാഹവുമായി ബന്ധപ്പെട്ട് അധികം വിവരങ്ങളൊന്നും അനുമോൾ പങ്കുവച്ചിരുന്നില്ല. ബന്ധുക്കളും ഏറ്റവും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. തമിഴ്നാട് സ്വദേശിയായ ഭുവനേശ് രാജേന്ദിറിനെ ആണ് അനുമോൾ വിവാഹം ചെയ്തിരിക്കുന്നത്. നടനും മോഡലും കോണ്ടെന്റ് ക്രിയേറ്ററുമാണ് ഭുവനേശ്.

അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടി ഒരു ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗും അനുമോൾ നടത്തിയിരുന്നു. അനുമോളുടെ ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഭുവനേഷിനെയും അനുവിനെയും കുറിച്ച് സംസാരിക്കുന്നുണ്ട്. ഇരുവരെയും അടുത്തറിഞ്ഞവരാണ് തങ്ങളെന്ന് ബിഗ്ബോസിൽ വെച്ച് അനുവിന്റെ അടുത്ത സുഹൃത്തുക്കളായി മാറിയ ആദിലയും നൂറയും പറയുന്നു.

''അനുവിന്റെ സന്തോഷവും എക്‌സൈറ്റ്‌മെന്റുമൊക്കെ കാണുമ്പോള്‍ ഞങ്ങള്‍ക്കും വളരെയധികം സന്തോഷമുണ്ട്. ഇരുവര്‍ക്കുമൊപ്പം ഒരുമിച്ച് ഞങ്ങൾ പുറത്ത് പോയിട്ടുണ്ട്. രണ്ട് പേരും നല്ല ഹാപ്പിയാണ്, അവര്‍ക്ക് കണ്ണൊന്നും തട്ടാതിരിക്കട്ടെ. കല്യാണം കഴിക്കണമെന്ന് അനു ഒരുപാട് ആഗ്രഹിച്ചതാണ്, നല്ല പ്ലാനിംഗോടെയാണ് അനു മുന്നോട്ടു പോയത്. അനുവിനെ ശരിക്കും സമ്മതിക്കണം, അവള്‍ ശരിക്കും അത്രയും ശക്തയായ പെണ്‍കുട്ടിയാണ്. ഇത്രയും ചെറിയ സമയത്തിനുള്ളില്‍ എല്ലാം ഓടി നടന്നു ചെയ്തത് അനു ഒറ്റയ്ക്കാണ്. വലിയ സപ്പോര്‍ട്ടിന് അങ്ങനെ ആരും ഉണ്ടായിരുന്നില്ല. അതൊക്കെ ഞങ്ങള്‍ നേരിട്ട് കണ്ടിട്ടുള്ളതാണ്. ഇത്രയും വലിയ പരിപാടിയൊക്കെ കൈകാര്യം ചെയ്ത്, അതെല്ലാം നടത്തിയെടുക്കുക എന്നാല്‍ വളരെയധികം സ്ട്രെസ് ഉള്ള കാര്യമാണ്. പക്ഷേ അനു അവളുടെ ജീവിതം പൊരുതി നേടിയെടുത്തു'', എന്നാണ് തങ്ങളുടെ സന്തോഷം പങ്കുവെച്ചുകൊണ്ട് ആദിലയും നൂറയും പറഞ്ഞത്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming