ഛായാഗ്രാഹകൻ നിമിഷ് രവിയുമായുള്ള വിവാഹത്തിന് ഉപയോഗിച്ച മേക്കപ്പിനും ഹെയർസ്റ്റൈലിനും എതിരെ ഉയർന്ന വിമർശനങ്ങൾക്ക് നടി അഹാന കൃഷ്ണ മറുപടി നൽകി.

ഒരു മാസം മുൻപായിരുന്നു നടി അഹാന കൃഷ്ണയുടെയും ഛായാഗ്രാഹകൻ നിമിഷ് രവിയുടെയും വിവാഹം. വിവാഹ ചിത്രങ്ങൾ പുറത്തു വന്നതിനു പിന്നാലെ, അഹാനയുടെ മേക്കപ്പിനെയും ഹെയർസ്റ്റൈലിനെയുമെല്ലാം നിരവധിയാളുകൾ വിമർശിച്ചിരുന്നു. ഇപ്പോഴിതാ ഇതിനെല്ലാമുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് അഹാന. വീണ്ടുമൊരിക്കൽ കൂടി അണിഞ്ഞൊരുങ്ങാൻ ഒരവസരം കിട്ടിയാൽ, ഇതിൽ ഒരു ചെറിയ മാറ്റം പോലും വരുത്താതെ ഇതേ രീതിയിൽ തന്നെയാകും താൻ ഒരുങ്ങുകയെന്ന് അഹാന പറയുന്നു.

''എന്റെ ജീവിതത്തിൽ എനിക്ക് ഏറ്റവും ഭംഗി തോന്നിയ നിമിഷം! നമ്മുടെ സങ്കൽപ്പങ്ങളും അധ്വാനവും അതിനു കിട്ടുന്ന ഫലവും ഒത്തുചേർന്ന് പൂർണതയിലെത്തുമ്പോൾ ഉണ്ടാകുന്ന ഒരു പ്രത്യേക സംതൃപ്തിയുണ്ട്. ഈ ലുക്ക് എനിക്ക് തന്നത് ആ സംതൃപ്തിയാണ്. വീണ്ടുമൊരിക്കൽ കൂടി അണിഞ്ഞൊരുങ്ങാൻ ഒരവസരം കിട്ടിയാൽ, ഇതിൽ ഒരു ചെറിയ മാറ്റം പോലും വരുത്താതെ ഇതേ രീതിയിൽ തന്നെയാകും ഞാൻ ഒരുങ്ങുക. എന്റെ അമ്മ എന്നെ നോക്കി പറഞ്ഞത്, എന്നെ ഇങ്ങനെ നോക്കിക്കൊണ്ടേയിരിക്കാൻ തോന്നുന്നത് കൊണ്ട് ഈ വേഷം മാറ്റരുതെന്നാണ്.

വിവാഹത്തിനായാലും അല്ലെങ്കിലും നിങ്ങൾ എങ്ങനെ ഒരുങ്ങുന്നത്, നിങ്ങൾ നിങ്ങളെ എങ്ങനെ കാണുന്നു, നിങ്ങളുടെ വ്യക്തിത്വം, നിങ്ങളുടെ ഇഷ്ടങ്ങൾ, ആഗ്രഹങ്ങൾ, വികാരങ്ങൾ എന്നിവയുടെയെല്ലാം പ്രതിഫലനമാണ്. നിങ്ങളെക്കുറിച്ച് ഏറ്റവും നന്നായി അറിയാവുന്നത് നിങ്ങൾക്ക് തന്നെയാണ്! മുടി കെട്ടിയത് വേറെ രീതിയിൽ ആകാമായിരുന്നു, വസ്ത്രം മറ്റൊന്നാകാമായിരുന്നു, ആഭരണങ്ങൾ അങ്ങനെയല്ലായിരുന്നു വേണ്ടിയിരുന്നത്, നിറം വേറെ ആക്കേണ്ടതായിരുന്നു എന്നിങ്ങനെ ഉപദേശങ്ങളുമായി എപ്പോഴും ആളുകൾ കാണും. പക്ഷേ അതൊന്നും കാര്യമാക്കേണ്ടതേയില്ല. കണ്ണാടിയിൽ സ്വന്തം രൂപം കാണുമ്പോൾ നിങ്ങൾക്ക് എന്തു തോന്നുന്നു എന്നത് മാത്രമാണ് പരിഗണിക്കേണ്ടത്. എന്നെ സംബന്ധിച്ച്, കണ്ണാടിയിൽ എന്നെത്തന്നെ നോക്കിയപ്പോൾ എനിക്ക് അതിയായ സൗന്ദര്യം തോന്നി. ഉള്ളിൽ നിന്നും വന്ന, തിളങ്ങിനിൽക്കുന്ന ഒരുതരം സൗന്ദര്യം. നിങ്ങളുടെ തിളക്കം നിങ്ങൾ തന്നെ കണ്ടെത്തൂ. മറ്റെവിടെയും അത് തിരയേണ്ടതില്ല. അത് നിങ്ങളുടെ ഉള്ളിൽ തന്നെയുണ്ട്'', അഹാന കൃഷ്ണ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.