കരയാനൊന്നും നിന്നില്ല, കാരണം അതുംകൂടിയായാൽ അവന് കൂടുതൽ വിഷമമാകുമെന്നും അമൃത നായര്‍.
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്‍ട പരമ്പരയായ കുടുംബവിളക്കിലൂടെ ശ്രദ്ധ നേടിയ താരമാണ് അമൃത നായർ. 'ശീതൾ' എന്ന കഥാപാത്രമായാണ് അമൃത പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. ശ്രദ്ധേയ കഥാപാത്രം ആയിരുന്നെങ്കിലും വളരെ കുറച്ചുനാൾ മാത്രമാണ് നടി പരമ്പരയിൽ അഭിനയിച്ചത്. എന്നാൽ അതിനകം തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറാൻ അമൃതയ്ക്ക് കഴിഞ്ഞിരുന്നു. ഇതിനകം പത്തോളം സീരിയലുകളുടെ ഭാഗമായിട്ടുണ്ട് അമൃത. തന്റെ വ്യക്തിജീവിതത്തിലെ വിശേഷങ്ങളും കലാജീവിതത്തിലെ വിശേഷങ്ങളുമൊക്കെ അമൃത ഇൻസ്റ്റഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെയുമൊക്കെ ആരാധകരോട് പങ്കുവെയ്ക്കാറുണ്ട്. അനിയൻ ജർമനിക്കു പോയതിന്റെ വിശേഷങ്ങളാണ് ഏറ്റവുമൊടുവിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ താരം പങ്കുവെച്ചിരിക്കുന്നത്.
''അങ്ങനെ ഉണ്ണിക്കുട്ടൻ ജർമനിക്കു പോയി. ആദ്യമായിട്ടാണ് ഞങ്ങളുടെ കുടുംബത്തിൽ നിന്നും ഒരാൾ ഇത്ര ദൂരത്തേക്ക് പോകുന്നത്. അതിന്റെ വിഷമം സ്വാഭാവികമായിട്ടും ഉണ്ടാകുമല്ലോ. എയർപോർട്ടിൽ എത്താറായപ്പോഴേക്കും അമ്മ കരയാൻ തുടങ്ങി. ആദ്യമായിട്ട് മകൻ ഇത്ര ദൂരത്തേക്ക് ജോലി ചെയ്യാൻ പോകുന്നതിന്റെ സന്തോഷും സങ്കടവും എല്ലാം ഉള്ളതുകൊണ്ടാണ്.
ഇതൊക്കെ ജീവിതത്തിന്റെ ഭാഗമാണ്. കാരണം, അവനും നല്ലൊരു ജോലിയും കുടുംബവുമൊക്കെ വേണം. അവൻ കയറിപ്പോകുന്നതു കാണാൻ എനിക്കു പറ്റിയില്ല. അതിനു മുൻപ് ഷൂട്ടിങ്ങ് ലൊക്കേഷനിൽ എത്തണമായിരുന്നു. ഞാൻ കരയാനൊന്നും നിന്നില്ല. കാരണം അതുംകൂടിയായാൽ അവന് കൂടുതൽ വിഷമമാകും.
അവന്റെ ഏറ്റവും വലിയ അനുഗ്രഹം അവന്റെ സുഹൃത്തുക്കളാണ്. വളരെ ജനുവിനായിട്ടുള്ള വർഷങ്ങളായി കൂടെയുള്ളവരാണ് അവർ. അങ്ങനെ എല്ലാവരും ഹാപ്പിയായിട്ട് അവനെ കയറ്റി വിട്ടു. അവൻ അവിടെയെത്തി, ഹാപ്പിയായിരിക്കുന്നു എന്ന മെസേജ് വന്നപ്പോൾ ഞങ്ങളും ഡബിൾ ഹാപ്പി. ഇതെല്ലാം നമ്മുടെ ജീവിതത്തിന്റെ ഭാഗമാണല്ലോ'', അമൃത നായർ വീഡിയോയിൽ പറഞ്ഞു.
