ഉപകാരം ചെയ്തില്ലെങ്കിലും രേണുവിനെ ഉപദ്രവിക്കരുതെന്നും, എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് അവർ ശക്തയായി തിരിച്ചുവരുമെന്നും നടൻ അനീഷ് രവി. രേണുവിനെ സ്നേഹിക്കുന്നവരും അവർക്കായി പ്രാർത്ഥിക്കുന്നവരും ഈ നാട്ടിൽ ഏറെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ർബുദ രോ​ഗത്തോട് പോരാടുകയാണ് രേണു സുധി. കോട്ടം മെ‍ഡിക്കൽ കോളേജിൽ കീമോകൾ ആരംഭിച്ചു കഴിഞ്ഞു. ഇതിനിടയിലും രേണുവിനെ കുറ്റപ്പെടുത്തുന്നവർ ധാരാളമാണ്. രേണു വീണ്ടും വലിയൊരു വെല്ലുവിളി നേരിടുകയാണെന്നും ഉപകാരം ചെയ്തില്ലെങ്കിലും അവരെ ഉപദ്രവിക്കരുതെന്ന് പറയുകയാണ് നടൻ അനീഷ് രവി. മറിച്ചാണ് തീരുമാനമെങ്കിൽ നിങ്ങൾ തോറ്റുപോവുകയേ ഉള്ളൂവെന്നും കാരണം നട്ടുവളർത്തിയ മരങ്ങളെ പോലെ അല്ല ഈ മരമെന്നും(രേണു) ഇന്നലെ പെയ്ത ഒരു മഴയിലോ കാറ്റിലോ അത് ആടി ഉലയില്ലെന്നും അനീഷ് പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അനീഷ് രവിയുടെ വാക്കുകൾ

പ്രിയപ്പെട്ട രേണു സുധി..

സ്റ്റാർ മാജിക്കിന്റെ ഷൂട്ട് നടക്കുന്നതിനിടയിലാണ് കൊല്ലം സുധിയുമായി ഞാൻ കൂടുതൽ അടുക്കുന്നത്. ഇടയ്ക്കെപ്പോഴൊക്കെയോ ഷൂട്ട് കഴിഞ്ഞു നിൽക്കുമ്പോ അദ്ദേഹത്തെ കൂട്ടി നാട്ടിലേയ്ക്ക് പോകാനായി വരുന്ന കുടുംബത്തെയും കാണാറൂണ്ടായിരുന്നു. ഷൂട്ടിങ്ങിന്റെ ഇടവേളകളൽ ചിലപ്പോഴൊക്കെ ജീവിതത്തിലെ പല പ്രശ്നങ്ങളെ കുറിച്ചും ബുദ്ധിമുട്ടുകളെ കുറിച്ചുമൊക്കെ അദ്ദേഹം എന്നോട് പങ്കുവയ്ക്കുമായിരുന്ന. ഓരോ ദിവസം കഴിയും തോറും സുധി അണ്ണനുമായി ഞാൻ അടുത്തു കൊണ്ടേയിരുന്നു. പെട്ടെന്നാണ് നമ്മൾ ഓരോരുത്തരെയും സങ്കടപ്പെടുത്തിക്കൊണ്ട് ആ ദുരന്ത വാർത്ത നമ്മുടെയെല്ലാം കാതുകളിലേയ്ക്ക് വന്ന് പതിച്ചത്. മനസ്സിൽ കൊതിച്ച 100 കണക്കിന് കഥാപാത്രങ്ങൾക്ക് ജീവൻ കൊടുക്കാൻ കഴിയാതെ ആ എളിയ കലാകാരൻ നമ്മെ വിട്ടുപോയി. എങ്കിലും സുധി എന്ന കലാകാരൻ നമുക്ക് സമ്മാനിച്ച നർമ്മ രസങ്ങൾ നിറഞ്ഞ കഥാപാത്രങ്ങളിലൂടെ മലയാളിയുടെ മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുകയാണ്. സുധിയും സുധിയുടെ കുടുംബവും.

കൊല്ലം സുധിയുടെ പിന്നിൽ നിന്ന് മാത്രം കണ്ടിട്ടുള്ള രേണു പിന്നീട് നമുക്കിടയിൽ വളരാൻ തുടങ്ങി. വെള്ളവും വളവും ഒഴിച്ച് നമ്മൾ പരിപാലിച്ചു വളർത്തിയതല്ല. പരിഹാസവും കുറ്റപ്പെടുത്തലും അധിഷേപവും കൊണ്ട്. ആദ്യം ഒന്നുലഞ്ഞു. എങ്കിലും പിന്നെ ..പിന്നെ തളരാതെ വാടാതെ മണ്ണിൽ ആഴത്തിൽ വേരുറപ്പിച്ച് താനെ വളർന്ന ഒരു ചെടിയായി. മുൻ പരിചയമില്ലാത്ത നമുക്കോ നമ്മുടെ കുടുംബത്തിനോ നാടിനോ ഒരു ദ്രോഹവും ചെയ്യത്ത ഒരാളെ. നമ്മളെന്തിനാണ് ടാർഗറ്റ് ചെയ്യുന്നത്…!!? ഒരാൾ തന്റെ ദുഃഖങ്ങളെ മറക്കാനായി അല്ലങ്കിൽ സ്വന്തം സന്തോഷത്തിനായി ചെയ്യുന്ന കാര്യം ഒരു രീതിയിലും നമ്മളെ ബാധിയ്ക്കുന്നില്ലെങ്കിൽ കൂടി നമ്മൾ ഓരോരുത്തരും അവരെ പഴിപറയാൻ തുടങ്ങി.

ഒരുവന്റെ മനസ്സിലെ ചിന്ത ഒരു പോസ്റ്റിന്റെ രൂപത്തിൽ നമ്മുടെ കൈകളിലേയ്ക്ക് എത്തുമ്പോ നിസ്സാരമായി തള്ളിക്കളയാതെ നമ്മളും അത് ഷെയർ ചെയ്യാൻ തുടങ്ങി. അതും…ജീവിതത്തിൽ എല്ലാ അർത്ഥത്തിലും സ്വാർത്ഥരായ നമ്മൾ. അവനവന്റെ കാര്യം മാത്രം നോക്കി കൂടെ പിറപ്പിനോ കൂടെ നിൽക്കുന്ന ആൾക്കോ സ്വന്തം കൈയിലുള്ളത് എന്തായാലും അത്..ഒരല്പം പോലും ഷെയർ ചെയ്യാത്ത നമ്മൾ ഇത്തരം വാർത്തകൾ വരുമ്പോ ഒരായിരം പേർക്ക് ഷെയർ ചെയ്ത് വിശാല മനസ്കരാവുന്നു. അങ്ങനെയെങ്കിലും മനസിന്റെ വിശാലത തുറന്നു കാട്ടാൻ നമുക്ക് കഴിഞ്ഞല്ലോ ഭാഗ്യം!

വിധി ചിലപ്പോ വളരെ ക്രൂരനായി നമ്മളോട് പെരുമാറും. അത്തരം ഒരു സാഹചര്യത്തിലൂടെ രേണു വീണ്ടും മറ്റൊരു വെല്ലുവിളി നേരിടുന്നു. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിയ്ക്കരുത്. ഇനി മറിച്ചാണ് തീരുമാനമെങ്കിൽ നിങ്ങൾ തോറ്റുപോവുകയേ ഉള്ളൂ. കാരണം നട്ടുവളർത്തിയ മരങ്ങളെ പോലെ അല്ല ഈ മരം..!! ഇന്നലെ പെയ്ത ഒരു മഴയിലോ കാറ്റിലോ ആടി ഉലയില്ല അത്.

പ്രിയപ്പെട്ട രേണു.. സമാധാനമായിരിയ്ക്കൂ..നിങ്ങളെ സ്നേഹിക്കുന്നവരും ഇഷ്ടപെടുന്നവരും നിങ്ങൾക്കായി പ്രാർത്ഥിയ്ക്കുന്നവരും ഉണ്ട് ഈ നാട്ടിൽ. ചികിത്സയുടെ ഭാഗമായുള്ള വേദനകളെയും. തരണം ചെയ്യാൻ നിനക്ക് കഴിയട്ടെ. പൂർണ്ണ ആരോഗ്യവതിയായി വേഗം തിരിച്ചു വരൂ. നിറഞ്ഞ സ്നേഹത്തോടെ പ്രാർത്ഥനകളോടെ ഞങ്ങൾ കാത്തിരിക്കുന്നു.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming