"ഇപ്പോഴും മനസിൽ ആ രംഗങ്ങളുണ്ട്"

കൊല്ലം സുധിയെക്കുറിച്ചുള്ള ഓർമൾ പങ്കുവെച്ച് സ്റ്റാർ മാജിക് ഡയറക്ടർ അനൂപ് ജോൺ. സുധിച്ചേട്ടനുമായി തനിക്ക് വളരെയധികം ആത്മബന്ധമുണ്ടായിരുന്നു എന്നും സ്വന്തം ചേട്ടനെപ്പോലെയായിരുന്നു എന്നും അനൂപ് ജോൺ പറയുന്നു. മരിച്ചതിനു ശേഷമാണ് ഇത്രയധികം ആരാധകരുള്ള താരമായിരുന്നു സുധിച്ചേട്ടനെന്ന് മനസിലാകുന്നതെന്നും അനൂപ് കൂട്ടിച്ചേർത്തു. സുധിയുടെ ഓർമകളെക്കുറിച്ച് കരഞ്ഞുകൊണ്ടാണ് അനൂപ് അഭിമുഖത്തിൽ സംസാരിച്ചത്.

''മരണവിവരം കിച്ചുവിനോടാണ് ആദ്യം പറഞ്ഞത്. അച്ഛൻ പോയെടാ എന്നു പറഞ്ഞു. അവന്റെ കരച്ചിൽ ഇപ്പോഴും എന്റെ ചെവിയിൽ കേൾക്കാം. കിച്ചുവിനെ എനിക്ക് ആശ്വസിപ്പിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ഇനി ഞാൻ എന്തു ചെയ്യും ചേട്ടാ എന്ന് അവൻ ചോദിക്കുമ്പോളൊന്നും എനിക്ക് ഉത്തരം ഉണ്ടായിരുന്നില്ല. അവൻ അത്രയ്ക്കും അച്ഛനുമായി അറ്റാച്ച്ഡ് ആയിരുന്നു. ഷൂട്ടിന് വരുമ്പോൾ മിക്ക സമയത്തും ഒപ്പം കിച്ചുവുണ്ടാകും.

ഇപ്പോഴും മനസിൽ ആ രംഗങ്ങളുണ്ട്. മോർച്ചറിയിൽ കയറി ഞാൻ സുധിച്ചേട്ടനെ കണ്ടിരുന്നു. എനിക്ക് കൺട്രോൾ ചെയ്യാൻ പറ്റുന്നില്ലായിരുന്നു. സ്വന്തം വീട്ടിൽ നിന്നും ഒരാൾ പോയ തോന്നലായിരുന്നു. സുധിച്ചേട്ടനുമായി അത്രയും അറ്റാച്ച്ഡ് ആയിരുന്നു. ഇപ്പോഴും അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകൾ മനസിലുണ്ട്. ഒരു ആർട്ടിസ്റ്റ്- ഡയറക്ടർ ബന്ധം ആയിരുന്നില്ല അദ്ദേഹവുമായി ഉണ്ടായിരുന്നത്'', മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിൽ അനൂപ് ജോൺ പറ‍ഞ്ഞു.

അവസാന സ്റ്റേജിൽ സുധിച്ചേട്ടൻ നന്നായി പെർഫോം ചെയ്തിരുന്നു എന്നും ഒരുപാട് കയ്യടികൾ ലഭിച്ചതായി താൻ കേട്ടിരുന്നു എന്നും അനൂപ് ജോൺ പറഞ്ഞു. ''വലിയ ആർട്ടിസ്റ്റാണ് അദ്ദേഹം. കൊല്ലം സുധിയുടെ പരിപാടി കാണാനായി സൈക്കിള്‍ ചവിട്ടിപോയ കഥ സുരാജേട്ടന്‍ എന്നോട് പറഞ്ഞിട്ടുണ്ട്. അത്രയും തിളങ്ങി നിന്ന വ്യക്തിയായിരുന്നു സുധിച്ചേട്ടൻ'', അനൂപ് ജോൺ കൂട്ടിച്ചേർത്തു.

Asianet News Live | Singapore Cargo Ship | Nilambur Bypoll| Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്