പൂച്ചകളെ വളർത്തുന്നതിലൂടെ തന്റെ ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളെക്കുറിച്ച് അനു ജോസഫ് തന്റെ പുതിയ വ്ളോഗിൽ വെളിപ്പെടുത്തുന്നു. 

കൊച്ചി: ആക്ഷേപഹാസ്യ ഷോകളിലൂടെയും സിനിമകളിലൂടെയും സീരിയലുകളിലും മറ്റ് ടെലിവിഷന്‍ ഷോകളിലും പ്രേക്ഷകര്‍ക്ക് പരിചിതയായ നടിയാണ് അനു ജോസഫ്. ഇപ്പോള്‍ ഒരു വ്‌ളോഗര്‍ എന്ന നിലയിലും സോഷ്യൽ ലോകത്ത് സജീവ സാന്നിധ്യമാണ് അനു. കാസർഗോഡ് സ്വദേശിനിയായ അനു ഇപ്പോൾ തിരുവനന്തപുരത്താണ് താമസം. പൂച്ചകളെ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തി കൂടിയാണ് താരം. കൂടുതലും ബംഗാൾ ക്യാറ്റുകളാണ് അനുവിന്റെ വളർത്തു മൃഗങ്ങളുടെ കൂട്ടിത്തിലുള്ളത്. പൂച്ചയുടെ രൂപമുള്ള പുലിക്കുട്ടികൾ എന്നാണ് ഇവയെക്കുറിച്ച് അനു പറയാറുള്ളത്.

പൂച്ചകളെ വളർത്തി തുടങ്ങിയശേഷം തന്റെ ജീവിതത്തിലുണ്ടായിട്ടുള്ള മാറ്റങ്ങളെക്കുറിച്ചാണ് അനു പുതിയ വ്ളോഗിൽ സംസാരിക്കുന്നത്. തന്റെ എല്ലാവിധ ഐശ്വര്യങ്ങൾക്കും കാരണം താൻ വളർത്തുന്ന പൂച്ചകളാണെന്ന് അനു പറയുന്നു. '' ഇതുപോലൊരു പൂച്ച വീട്ടിലുണ്ടെങ്കിൽ അത് ആ വീട്ടിലെ കുട്ടികൾക്കും കുടുംബാംഗങ്ങൾക്കും എല്ലാം ഒരു എന്റർടെയ്ൻമെന്റായിരിക്കും. ഒരു പെറ്റായി നമ്മുടേതെന്ന് പറഞ്ഞ് വളർത്താനും പൂച്ച നല്ല ഓപ്ഷനാണ്. അതുപോലെ നമുക്ക് ഒരു വിഷമം വരുന്ന സമയത്ത് ഇവരുടെ സാന്നിധ്യം ഒരു ഹീലിങ്ങ് പോലെയാണ്. കാരണം ആ സമയത്ത് ഇവർ നമുക്കൊപ്പം വന്നിരിക്കും. പൂച്ചകളെ സ്നേഹിച്ചാൽ അവ നമ്മളെ ഹീൽ ചെയ്യും. നമ്മൾ എന്ത് കൊടുക്കുന്നുവോ അത് തിരിച്ച് തരും'', അനു ജോസഫ് വ്ളോഗിൽ പറയുന്നു

''ഇങ്ങനൊരു വീട് എന്തുകൊണ്ടാണ് ഉണ്ടായതെന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. എന്റെ ജീവിതത്തിലേക്ക് എല്ലാവിധ ഐശ്വര്യങ്ങളും കൊണ്ടുവന്നിരിക്കുന്നത് എന്റെ ഈ മക്കളാണ്. ദൃഷ്ടി ദോഷം പോലുള്ള കാര്യങ്ങൾ‌ ഉണ്ടാകുമ്പോൾ നമ്മളെ അതിൽ നിന്നും പ്രോട്ടക്ട് ചെയ്യുന്നവരാണ് പൂച്ചകൾ. വീട്ടിലേക്ക് പൂച്ച വന്ന് കയറുന്നതും പ്രസവിക്കുന്നതുമൊക്കെ ഐശ്വര്യമാണെന്ന് ഞാൻ കേട്ടിട്ടുണ്ട്'', അനു കൂട്ടിച്ചേർത്തു.