ജൂൺ 24ന് സമർപ്പിച്ച അപേക്ഷയിൽ അപേക്ഷകരുടെ രക്ഷിതാക്കളുടെ പേര് ക്രിസ്ത്യൻ പേരുകളാണെന്ന് കാണിച്ചായിരുന്നു അനുമതി നിഷേധിച്ചത്
തിരുനെൽവേലി: മാതാപിതാക്കളുടെ പേരിലെ തടസമായി കാണിച്ച് എസ് സി വിഭാഗത്തിൽ നിന്നുള്ള യുവാവിനും യുവതിക്കും ക്ഷേത്രത്തിനുള്ളിൽ വിവാഹത്തിന് അനുമതി നിഷേധിച്ചു. നടപടി വിവാദമായതിന് പിന്നാലെ വിവാഹം ക്ഷേത്രത്തിനുള്ളിൽ വച്ച് നടത്താൻ അനുമതിയുമായി തമിഴ്നാട് ഹിന്ദു മത, ചാരിറ്റബിൾ എൻഡോവ്‌മെൻറ് വകുപ്പ്. സംസ്ഥാനത്തെ ക്ഷേത്രഭരണം നിയന്ത്രിക്കുന്ന ഹിന്ദു മത, ചാരിറ്റബിൾ എൻഡോവ്‌മെൻറ് വകുപ്പ് ജെ ഗോപാൽ സാമി, ജി മഞ്ജു എന്നിവരുടെ വിവാഹത്തിനാണ് അനുമതി നിഷേധിച്ചത്.
ജൂൺ 24ന് സമർപ്പിച്ച അപേക്ഷയിൽ അപേക്ഷകരുടെ രക്ഷിതാക്കളുടെ പേര് ക്രിസ്ത്യൻ പേരുകളാണെന്ന് കാണിച്ചായിരുന്നു അനുമതി നിഷേധിച്ചത്. പാളയംകോട്ടെയിലെ മേൽവാസൽ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലാണ് സംഭവം. എസ് സി വിഭാഗമായ ഹിന്ദു പുതിരെവണ്ണാർ വിഭാഗത്തിൽ നിന്നുള്ളവരായിരുന്നു അപേക്ഷകർ. എസ് സി വിഭാഗത്തിലുള്ളവർ ക്രിസ്തുമത വിശ്വാസം പിന്തുടരുകയാണെങ്കിൽ പിന്നോക്ക വിഭാഗ സർട്ടിഫിക്കറ്റാണ് ലഭിക്കുക. ഗോപാൽ സാമിയുടെ പിതാവിന്റെ പേര് ജോസഫ് സാമിയെന്നതാണ് അപേക്ഷ നിരസിക്കാൻ കാരണമായത്.
ഹിന്ദു ആചാരമനുസരിച്ചാണ് വിവാഹ നിശ്ചയം നടത്തിയത്. മഞ്ജുവിന്റെ സഹോദരന്റെ വിവാഹം തമിഴ്നാട് ഹിന്ദു മത, ചാരിറ്റബിൾ എൻഡോവ്‌മെൻറ് വകുപ്പിന് കീഴിലുള്ള ഇലഞ്ഞി കുമരർ ക്ഷേത്രത്തിൽ വച്ചായിരുന്നു നടന്നത്. ഈ വിവരങ്ങൾ അടക്കം തെളിവുകൾ സമർപ്പിച്ച ശേഷമായിരുന്നു ക്ഷേത്രത്തിൽ വച്ചുള്ള വിവാഹത്തിന് അനുമതി നിഷേധിച്ചത്. സംഭവം വാർത്തയായതിന് പിന്നാലെയാണ് ക്ഷേത്രത്തിൽ വച്ച് വിവാഹത്തിന് അനുമതി ലഭിച്ചത്.
