വിവാഹിതരായി സന്തോഷത്തോടെ ജീവിക്കുന്ന തങ്ങളെ ഇത്തരം വ്യാജ പ്രചാരണങ്ങൾ മാനസികമായി തളർത്തുന്നുവെന്ന് താരം

അടുത്തിടെയായിരുന്നു മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടി അനുമോളുടെ വിവാഹം. തമിഴ്നാട് സ്വദേശിയായ ഭുവനേഷ് ആണ് വരൻ. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ഗുരുവായൂരിൽ വെച്ച് ഇരുവരും വിവാഹിതരായത്. അതിനു മുൻപേ ജൂണിൽ ചെന്നൈയിൽ വെച്ച് തമിഴ് ആചാരപ്രകാരം താലികെട്ട് നടന്നിരുന്നു. ഭുവനേഷിനെ പരിചയപ്പെട്ട കഥയും അനുമോൾ കഴിഞ്ഞ ദിവസം യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. അടുത്തിടെ തങ്ങളെക്കുറിച്ചു പ്രചരിച്ച ഒരഭ്യൂഹത്തിൽ പുതിയ വീഡിയോയിലൂടെ ഇരുവരും മറുപടി പറയുന്നുണ്ട്. ഒരു വീഡിയോയിൽ അനു വയർ മറച്ച് പിടിച്ച് സംസാരിച്ചിരുന്നു. ഇതേത്തുടർന്ന് അനു ഗർഭിണിയാണെന്നും ചിലർ പ്രചരിപ്പിച്ചു. ''ഞാൻ ഗർഭിണിയാണെന്ന് ആളുകൾ പറ‍ഞ്ഞ് പരത്തുന്നതിൽ എനിക്ക് പ്രോബ്ലം ഇല്ല. അത് ഭുവന്റേത് ആയാൽ മതിയെന്ന കമന്റ് കണ്ടത് എന്നെ വേദനിപ്പിച്ചു. ഞാൻ പ്രതികരിക്കുകയും ചെയ്തു'', എന്നാണ് അനുമോൾ പറഞ്ഞത്.

അടുത്തിടെ വിവാദമായ വ്ളോഗിനെക്കുറിച്ചും ഇനു സംസാരിച്ചു. ''അടുത്തിടെ ഭുവൻ ഒരു വ്ലോഗ് ഇട്ടിരുന്നു. ബെഡ്റൂമിൽ നിന്നുള്ള വിഷ്വൽസ് ഉണ്ടായിരുന്നു. അതാണ് ആളുകൾ പ്രശ്നമായി പറഞ്ഞത്. ഞാനിടുന്ന വ്ലോഗുകൾ എന്റെ ചേച്ചി കണ്ട് ഓക്കെ പറഞ്ഞ ശേഷമാണ് അപ്‍ലോഡ് ചെയ്യുന്നത്. എന്റെയും ഭുവന്റെയും കുടുംബം ഞങ്ങളുടെ വ്ലോഗുകൾ കാണുന്നതാണെന്നും ഞങ്ങൾക്ക് അറിയാം. ആ വ്ലോഗിട്ടപ്പോൾ ഞങ്ങൾക്ക് നെഗറ്റീവായി തോന്നിയില്ല. പക്ഷേ, റിയാക്ഷൻ വീ‍ഡിയോകൾ ചെയ്യുന്നവർ അതിനെ അനുമോൾ ബെ‍ഡ് റൂം സീനുകൾ ഇട്ടുവെന്ന രീതിയിലേക്കാക്കി. ഞാനും ഭുവനും വിവാഹിതരായിട്ട് രണ്ട് മാസം ആയതേയുള്ളു. നല്ല രീതിയിൽ സന്തോഷത്തോടെ മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്. അങ്ങനൊരു സാഹചര്യത്തിൽ ഇങ്ങനെയെുള്ള വീഡിയോകൾ ചെയ്യുമ്പോൾ ഞങ്ങളുടെ മനസ് എത്രമാത്രം വേദനിക്കുമെന്ന് അവർ ചിന്തിക്കുന്നില്ല'', അനുമോൾ കൂട്ടിച്ചേർത്തു.