ചെമ്പനീർപ്പൂവ് സീരീയല്‍ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍
ചെമ്പനീർപ്പൂവ് സീരീയൽ ലൊക്കേഷനിലെ മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ച് സീരിയലിൽ നായികാനായകൻമാരായി അഭിനയിക്കുന്ന അരുൺ ഒളിംപ്യനും റബേക്ക സന്തോഷും. പ്രേക്ഷകർ ഇതിനകം ഏറ്റെടുത്തു കഴിഞ്ഞ പരമ്പരയിൽ രേവതി, സച്ചി എന്നീ കഥാപാത്രങ്ങളെയാണ് ഇരുവരും അവതരിപ്പിക്കുന്നത്.
''ഒരു നല്ല സുഹൃത്ത് ഒപ്പമുണ്ടെങ്കിൽ ഒരു യാത്രയും കഠിനമല്ല'' എന്ന അടിക്കുറിപ്പോടെയാണ് ഇരുവരും ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. സീരിയലിൽ ഇരുവരുടെയും സഹതാരങ്ങളായി അഭിനയിക്കുന്നവരും സീരിയൽ പ്രേക്ഷകരും ഉൾപ്പെടെ നിരവധി പേരാണ് ഇവർ പങ്കുവച്ച ചിത്രങ്ങൾക്കു താഴെ കമന്റ് ചെയ്തിരിക്കുന്നത്. ''എത്ര സ്നേഹമാ നിങ്ങൾ തമ്മിൽ, ശ്രുതിയുടെ കള്ളത്തരങ്ങൾ വേഗം കണ്ടുപിടിക്ക്'' എന്നാണ് ചിത്രങ്ങൾക്കു താഴെ പ്രേക്ഷകരിൽ ഒരാളുടെ കമന്റ്. ചെമ്പനീർ പൂവിൽ ഇരുവർക്കും ഒപ്പമഭിനയിക്കുന്ന അഞ്ജലി ഹരിയും പോസ്റ്റിനു താഴെ സ്നേഹം അറിയിച്ച് കമന്റ് ചെയ്തിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിൽ സജീവമായ റബേക്കയും അരുണും ലൊക്കേഷൻ ചിത്രങ്ങളും സീരിയൽ ലൊക്കേഷനിൽ നിന്നുള്ള വിശേഷങ്ങളും ആരാധകരോട് പങ്കുവെക്കാറുണ്ട്. സീരിയലിൽ പകരക്കാരിയായാണ് എത്തിയതെങ്കിലും റബേക്കയെ അധികം വൈകാതെ പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു.
നിരവധി സീരിയലുകളിലൂടെയും ടെലിവിഷൻ ഷോകളിലൂടെയും പ്രേക്ഷകർക്ക് പരിചിതയാണ് റബേക്ക സന്തോഷ്. കുഞ്ഞിക്കൂനൻ എന്ന സിനിമയില്‍ ബാലതാരമായാണ് റബേക്ക അഭിനയരംഗത്തേക്ക് എത്തുന്നത്. പക്ഷേ സിനിമയേക്കാൾ താരത്തിന് സ്വീകാര്യത നേടിക്കൊടുത്തത് സീരിയലുകളായിരുന്നു.
കോഴിക്കോട് ബാലുശേരി സ്വദേശിയായ അരുൺ ഒളിംപ്യൻ ഒരു ആർക്കിടെക്ട് കൂടിയാണ്. ഒളിംപ്യൻ എന്ന പേരിൽ കോഴിക്കോട് ഒരു ജിമ്മും അരുൺ നടത്തുന്നുണ്ട്. ജിമ്മിന്റെ പേരു തന്നെ സ്വന്തം പേരിനൊപ്പം താരം ചേർക്കുകയായിരുന്നു. ഫോട്ടോഷൂട്ടിലൂടെയും മോഡലിങ്ങിലൂടെയുമാണ് അരുൺ കരിയറിന് തുടക്കം കുറിച്ചത്. ഇതിലൂടെ സിനിമയിലേക്കും വിളിയെത്തി. വെള്ളരിക്കാപ്പട്ടണം, സിബിഐ 5, 2028 തുടങ്ങിയ സിനിമകളിൽ താരം വേഷമിട്ടിട്ടുണ്ട്.

