നടിയും അവതാരകയുമായ ആര്യ ബഡായിയും മുൻ ബിഗ്ബോസ് താരവും ആർജെയുമായ സിബിനും വിവാഹിതരാകുന്നു. തന്റെ കമ്പനിയുടെ സിഎഫ്ഒ ആണ് സിബിൻ എന്ന് ആര്യ വെളിപ്പെടുത്തി. എല്ലാത്തരം ആളുകൾക്കുമുള്ള സാരികൾ തന്റെ കടയിലുണ്ടെന്നും ആര്യ പറയുന്നു.
കൊച്ചി: നടിയും അവതാരകയുമായ ആര്യ ബഡായിയും മുൻ ബിഗ്ബോസ് താരവും ആർജെയുമായ സിബിനും വിവാഹിതരാകാൻ പോകുന്നു എന്ന വാർത്ത കഴിഞ്ഞയാഴ്ചയാണ് ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. പിന്നാലെ വിവാഹ നിശ്ചയത്തിന്റെ കൂടുതൽ ഫോട്ടോകളും ഇവർ ആരാധകർക്കായി പങ്കുവെച്ചിരുന്നു. ഇപ്പോളിതാ ആര്യ നൽകിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്. അമൃത ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ആനീസ് കിച്ചണിൽ സംസാരിക്കുകയായിരുന്നു താരം.
സിബിൻ തന്റെ കമ്പനിയുടെ സിഎഎഫ്ഒ ആണെന്നും ആര്യ വെളിപ്പെടുത്തി. ''എന്റെ കമ്പനിയുടെ കോർ ടീം എന്നു പറയുന്നത് മൂന്ന് ആണുങ്ങളാണ്. എന്റെ ബെസ്റ്റ് ഫ്രണ്ടായ സിബിൻ ആണ് കമ്പനിയുടെ സിഎഫ്ഒ. മാനേജ്മെന്റും അക്കൗണ്ട്സുമൊക്കെ അവന്റെ കയ്യിലാണ്. രണ്ടാമത്തെയാൾ ഓൺലൈൻ ടീമിന്റെ തലപ്പത്തുള്ള സമീർ ആണ്. മൂന്നാമത്തെയാൾ എന്റെ സഹോദരിയുടെ ഭർത്താവ് ആണ്. അവനാണ് കട മാനേജ് ചെയ്യുന്നത്. ഇവർ മൂന്നു പേരും ഇല്ലെങ്കിൽ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല'', ആര്യ പറഞ്ഞു.
സെലിബ്രിറ്റികളുടെ കടയിൽ സാധനങ്ങൾക്ക് നല്ല വിലയാണെന്നാണ് പലരും കരുതുന്നതെന്നും എന്നാൽ തന്റെ കടയിൽ എല്ലാത്തരം ആളുകൾക്കുമുള്ള സാരിയുണ്ടെന്നും ആര്യ പറയുന്നു. ''എണ്ണൂറ് രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെ വില വരുന്ന സാരികൾ കാഞ്ചീവരത്തിലുണ്ട്. ഇതിനിടയിലെ എല്ലാ റേഞ്ചിലുമുള്ള സാരികളുണ്ട്. എല്ലാവർക്കും താങ്ങാനാവുന്ന വിലയിലുള്ള സാരികൾ ഷോപ്പിൽ വേണമല്ലോ.
നമ്മളും അങ്ങനെയാണല്ലോ ജീവിച്ച് വന്നത്. അവിടെ സെലിബ്രിറ്റി എന്നൊന്നുമില്ല. കസ്റ്റമേഴ്സിന്റെ ആവശ്യങ്ങളും താൽപര്യങ്ങളും എന്താണോ അതിന് അനുസരിച്ചുള്ള സാരികൾ നൽകണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. വളരെ വില കുറഞ്ഞ സാരികളും നമുക്ക് വിൽക്കാൻ കഴിയും. പക്ഷെ ക്വാളിറ്റി ഉറപ്പ് കൊടുക്കാൻ പറ്റാതെ വരും. ഒരു ബേസിക്ക് ക്വാളിറ്റി എല്ലാത്തിനും ഉറപ്പ് വരുത്താൻ ശ്രമിക്കാറുണ്ട്'', ആര്യ പറഞ്ഞു.


