സീസൺ 2 ലാണ് ആര്യ മത്സരിച്ചത്

ബിഗ്ബോസ് മലയാളം സീസൺ 2 ൽ ഏറെ വിമർശനങ്ങൾ നേരിട്ട താരമായിരുന്നു നടിയും അവതാരകയുമായ ആര്യ. ആര്യയുടെ അതുവരെയുണ്ടായിരുന്ന ഇമേജ് മാറിമറിഞ്ഞ ഷോ കൂടിയായിരുന്നു ബിഗ്ബോസ്. ബഡായ് ബംഗ്ലാവ് എന്ന ഷോയിൽ കണ്ട ആര്യയെ അല്ല ബിഗ് ബോസിൽ കണ്ടത് എന്നായിരുന്നു പലരുടേയും വിമർശനം. ഇപ്പോളിതാ ബിഗ്ബോസില്‍ മൽസരിക്കാനുണ്ടായ കാരണവും ഷോയിലെ അനുഭവങ്ങളുമെല്ലാം പങ്കുവെയ്ക്കുകയാണ് ആര്യ. 'ഐ ആം വിത്ത് ധന്യ വർമ' എന്ന ഷോയിലാണ് താരം മനസ് തുറന്നത്.

''2019 ലാണ് ഞാൻ ബിഗ് ബോസിലേക്ക് പോകുന്നത്. ആ സമയത്തെ എന്റെ അവസ്ഥ കൊണ്ട് പോയതാണ്. 2018 ലാണ് അച്ഛൻ മരിക്കുന്നത്. അദ്ദേഹം മരിക്കുന്ന സമയത്ത് ഞാൻ മഴവിൽ മനോരമയിലും സീ ചാനലിലും പ്രോഗ്രാം ചെയ്യുന്നുണ്ടായിരുന്നു. അച്ഛന്റെ ചികിത്സക്കു വേണ്ടി ഒരുപാട് പണം ചെലവായി. അച്ഛൻ അനിയത്തിയുടെ വിവാഹത്തിന് സൂക്ഷിച്ചു വെച്ചിരുന്ന പണവും എന്റെ പണവും എല്ലാം ആശുപത്രിയിൽ ചെലവാക്കി. അതിനു പുറമേ കടം വാങ്ങുകയും ചെയ്തു. ബിഗ് ബോസിലേക്കുള്ള കോൾ വരുന്ന സമയത്ത് എനിക്ക് ഒരു വർക്കും ഇല്ലായിരുന്നു. ഇനി എന്തു ചെയ്യും എന്നറിയാതെ ഇല്ലാതിരിക്കുമ്പോഴായിരുന്നു ആ ഓഫർ വരുന്നത്. സാമ്പത്തികമായി വളരെ മികച്ച ഓഫർ കൂടിയായിരുന്നു അത്. അതുകൊണ്ടാണ് പോകാം എന്ന് തീരുമാനിച്ചത്'', ആര്യ അഭിമുഖത്തിൽ പറഞ്ഞു.

''ബിഗ്ബോസിൽ പോയപ്പോഴാണ് എനിക്ക് നല്ല ക്ഷമ ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. നമ്മളെ പിന്തുണക്കാൻ ആരും ഇല്ല, എല്ലാവരും മത്സരാർത്ഥികളാണ്. 75 ദിവസം ഞാൻ അവിടെ പിടിച്ചുനിന്നു. അത്രയും ദിവസം നിന്നതിൽ എനിക്ക് വളരെ അധികം അഭിമാനമുണ്ട്. അവിടെ ഒരാഴ്ച പോലും പിടിച്ചുനിന്നവരെ ഓർത്ത് എനിക്ക് അഭിമാനമുണ്ട്'', ആര്യ കൂട്ടിച്ചേർത്തു.

Asianet News Live | Singapore Cargo Ship | Nilambur Bypoll| Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്