വർഷങ്ങളായി അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. കഴിഞ്ഞ ദിവസമായിരുന്നു വിവാഹം
കഴിഞ്ഞ ദിവസമാണ് നടിയും അവതാരകയുമായ ആര്യ ബാബുവും കൊറിയോഗ്രാഫറും ഡി.ജെയുമായ സിബിൻ ബെഞ്ചമിനും വിവാഹിതരായത്. വിവാഹത്തിന് പിന്നാലെ, ഓസ്ട്രേലിയയിൽ നിന്നുള്ള ചിത്രങ്ങളാണ് സിബിനും ആര്യയും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ഓസ്ട്രേലിയയിലെ അഡ്‍ലെയ്‌ഡിൽ നിന്നുള്ള ചിത്രങ്ങളാണ് ആര്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കല്യാണത്തിന് മുമ്പ് തന്നെ തങ്ങൾ കമ്മിറ്റ് ചെയ്ത ഒരു ഷോയുണ്ട്. അതിന്റെ ഭാഗമായാണ് ഓസ്ട്രേലിയയ്ക്ക് വന്നതെന്ന് ആര്യ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. കല്യാണം കഴിഞ്ഞ അടുത്ത ദിവസം തന്നെ ഓസ്ട്രേലിയയിലേക്ക് പുറപ്പെടേണ്ടി വന്നെന്നും ആര്യ പറഞ്ഞിരുന്നു. മകൾ ഖുഷി നാട്ടിൽ അമ്മക്കൊപ്പമാണെന്നും താരം അറിയിച്ചിരുന്നു.
''മനോഹരമായ സൂര്യാസ്തമയങ്ങൾ, തണുത്ത കടൽക്കാറ്റ്, അവന്റെ ഊഷ്മളമായ ആലിംഗനങ്ങളും'', എന്ന അടിക്കുറിപ്പോടെയാണ് സിബിനൊപ്പം ഓസ്ട്രേലിയയിൽ നിന്നുള്ള ചിത്രങ്ങൾ ആര്യ പങ്കുവെച്ചിരിക്കുന്നത്. ആര്യയുടെയും സിബിന്റെയും സുഹൃത്തുക്കളും സെലിബ്രിറ്റികളുമടക്കം നിരവധി പേരാണ് പോസ്റ്റിനു താഴെ സ്നേഹം അറിയിച്ച് കമന്റ് ചെയ്യുന്നത്. ''നിങ്ങൾ രണ്ട് പേരും പൊളി ആണ്. നിങ്ങളെ രണ്ട് പേരെയും കാണുമ്പോൾ ഒരുപാട് സന്തോഷം ആണ്'', എന്നാണ് പോസ്റ്റിനു താഴെ ആരാധകരിലൊരാൾ കമന്റ് ചെയ്തിരിക്കുന്നത്.
തന്റെ യുട്യൂബ് ചാനലിലൂടെ കല്യാണവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളുടെയും വീഡിയോ പുറത്ത് വിടുമെന്ന് ആര്യ അറിയിച്ചിരുന്നു. ആദ്യ പടിയായി ആര്യയുടെ ചാനലിൽ പോസ്റ്റ് ചെയ്ത മെഹന്ദി ചടങ്ങിന്റെ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
വർഷങ്ങളായി അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. കഴിഞ്ഞ മെയ് മാസത്തിലാണ് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞത്. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ എത്തിയിരുന്നത്. ബിഗ്‌ബോസ് സീസൺ 2ലെ മത്സരാർത്ഥിയായിരുന്നു നടിയും അവതാരികയുമായ ആര്യ ബാബു. ബിഗ് ബോസ് സീസൺ 6ലെ വൈൽഡ് കാർഡ് എൻട്രിയായാണ് സിബിൻ മത്സരത്തിൽ പങ്കെടുത്തത്.

