ബിഗ് ബോസ് മലയാളം സീസൺ 7 വിജയി അനുമോൾ തന്റെ പാവയായ 'പ്ലാച്ചി'യെക്കുറിച്ചുള്ള കൂടോത്ര ആരോപണങ്ങൾക്ക് മറുപടി നൽകി. പ്ലാച്ചിയിലെ കൂടോത്രം കൊണ്ടാണ് താൻ വിജയിച്ചതെന്ന് പരിഹാസരൂപേണ പറഞ്ഞ അവർ, നെഗറ്റീവ് കമന്റുകൾ തന്നെ ബാധിക്കില്ലെന്നും വ്യക്തമാക്കി.

ബിഗ്ബോസ് മലയാളം സീസൺ 7ൽ മൽസരാർത്ഥികളെപ്പോലെ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയ കഥാപാത്രമായിരുന്നു പ്ലാച്ചി. ബിഗ്ബോസ് ജേതാവായ അനുമോൾ അനുക്കുട്ടിയുടെ സന്തതസഹചാരിയായിരുന്നു പ്ലാച്ചി എന്ന പേരിലുള്ള ഈ പാവ. ഇതിനെ ചുറ്റിപ്പറ്റി നിരവധി വിമർശനങ്ങളും ട്രോളുകളും ഉയർന്നിരുന്നു. അതിലൊന്നായിരുന്നു പാവയിലെ കൂടോത്രം. ഈ വിമർശനങ്ങളോട് പ്രതികരിക്കുകയാണ് അനുമോൾ ഇപ്പോൾ. ബിഗ്ബോസ് മുൻതാരം അഭിഷേക് ശ്രീകുമാറും ഒപ്പമുണ്ടായിരുന്നു. അനുമോൾ തന്റെ അടുത്ത സുഹൃത്താണ് എന്ന് നേരത്തെ അഭിഷേക് പറഞ്ഞിരുന്നു. ബിഗ് ബോസിന് ശേഷം ആദ്യമായാണ് അഭിഷേകിനെ കാണുന്നത്. ബിഗ് ബോസിലേക്ക് പോകുന്നതിന് മുൻപ് അഭിഷേക് ഒരുപാട് മോട്ടിവേഷൻ നൽകിയിരുന്നതായും അനുമോൾ പറയുന്നു.

''ഒരു പണിയും ഇല്ലാതെ ഇരുന്ന് കമന്റ് ചെയ്യുന്ന കുറേ ഫേക്ക് പ്രൊഫൈല്‍ ഞാന്‍ കണ്ടിട്ടുണ്ട്. എത്ര കഷ്ടപ്പെട്ടാണ് ഇവിടെ വരെ എത്തിയതെന്ന് എനിക്കറിയാം. എന്തു പറഞ്ഞാലും . നെഗറ്റീവ് കമന്റുകള്‍ എന്നെ ബാധിക്കില്ല. ഞാന്‍ അതൊന്നും മൈന്‍ഡ് ചെയ്യില്ല. എന്തൊക്കെ അടിച്ചിറക്കിയാലും ഒന്നും നടക്കില്ല. പ്ലാച്ചിയുള്ളത് കൊണ്ടാണ് ഞാന്‍ ബിഗ്ബോസ് ജയിച്ചത് എന്ന് പറയുന്നവരോട്, അതില്‍ കൂടോത്രം ഉള്ളത് കൊണ്ടാണ് ഞാന്‍ വിജയിച്ചത്. സത്യമാണ്, കൊണ്ടുപോയി കേസ് കൊടുക്ക്. എല്ലായിടത്തും പ്ലാച്ചിയെ കൊണ്ടുപോയാല്‍ ശരിയാവില്ല'', എന്നാണ് പ്ലാച്ചിയെക്കുറിച്ച് അനുമോൾ പറഞ്ഞത്.

''ബിഗ് ബോസിലെ അവാസാനത്തെ ആഴ്ച പ്രയാസമായിരുന്നു. ആ സമയമാവുമ്പോഴേക്കും നമ്മൾ തനിച്ചാവും. പിന്നെ റീഎൻട്രിയിൽ വന്നവരോട് എനിക്ക് നന്ദിയുണ്ട്. ദൈവം പറഞ്ഞുവിട്ടതാണ് അവരെ. അവരോടെല്ലാം എനിക്ക് സ്‌നേഹവും നന്ദിയും കടപ്പാടുമുണ്ട്. ആരോടും ദേഷ്യമോ വെറുപ്പോ ഒന്നുമില്ല. അവരോട് ദേഷ്യമുണ്ടോ എന്നൊക്കെ എല്ലാവരും ചോദിക്കുന്നുണ്ട്. ഞാന്‍ അവരെയൊന്നും കാണുന്നില്ല'', എന്നും അനുമോൾ കൂട്ടിച്ചേർത്തു.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്