ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റഴിഞ്ഞ മലയാള സിനിമകളുടെ പട്ടിക പുറത്ത്. ബുക്ക് മൈ ഷോയിലെ മാത്രം കണക്കാണ് പുറത്തുവന്നിരിക്കുന്നത്. തുടരും, മഞ്ഞുമ്മല്‍ ബോയ്സ് എന്നീ പടങ്ങളെ പിന്തള്ളി ലോകയാണ് ഒന്നാമത്.
ഒരു സിനിമയുടെ വിജയത്തിൽ ഏറ്റവും വലിയ പങ്കുവഹിക്കുന്നത് ടിക്കറ്റ് വിൽപ്പനയാണ്. വിവിധ ബുക്കിംഗ് ആപ്പുകൾ വഴിയും തിയറ്ററിൽ നിന്നും നേരിട്ടുമൊക്കെയാണ് ടിക്കറ്റുകൾ വിറ്റഴിയുന്നത്. ഓരോ ദിവസത്തെ ടിക്കറ്റ് വിൽപ്പനയുടെ അടിസ്ഥാനത്തിൽ ആ ദിവസം എത്ര രൂപ പുതിയ സിനിമകൾ നേടിയെന്ന് കണക്കാക്കാനാകും. മലയാളത്തിൽ നിലവിൽ ടിക്കറ്റ് വിൽപ്പനയിൽ മുന്നിൽ നിന്നും നയിക്കുന്നത് കളങ്കാവൽ ആണ്. കഴിഞ്ഞ ദിവസം വരെയുള്ള കണക്ക് പ്രകാരം എട്ട് ലക്ഷത്തി എഴുപത്തി അയ്യായിരം ടിക്കറ്റുകളാണ് പടത്തിന്റേതായി വിറ്റഴിഞ്ഞിരിക്കുന്നത്. ബുക്ക് മൈ ഷോയിലെ കണക്കാണിത്. നിലവിൽ സിനിമ മികച്ച ബുക്കിങ്ങോടെ പ്രദർശനം തുടരുകയാണ്.
ഈ അവസരത്തിൽ മലയാളത്തിൽ നിന്നും ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞ സിനിമകളുടെ ലിസ്റ്റ് പുറത്തുവരികയാണ്. ബുക്ക് മൈ ഷോയിലെ മാത്രം കണക്കാണിത്. പത്ത് സിനിമകളുടെ ലിസ്റ്റാണ് സൗത്ത് ഇന്ത്യന്‍ ബോക്സ് ഓഫീസ് പുറത്തുവിട്ടിരിക്കുന്നത്. ഇതിൽ പക്ഷെ മമ്മൂട്ടി സിനിമ ഇല്ല എന്നത് ശ്രദ്ധേയമാണ്. കളങ്കാവൽ വൈകാതെ ഈ ലിസ്റ്റിൽ കയറുമെന്നാണ് വിലയിരുത്തൽ.
ലിസ്റ്റിൽ പത്താമതുള്ളത് പൃഥ്വിരാജ് ചിത്രം ഗുരുവായൂരമ്പല നടയിൽ ആണ്. 1.7 മില്യൺ ടിക്കറ്റുകളാണ് സിനിമയുടേതായി വിറ്റഴിഞ്ഞത്. 4.32 മില്യൺ ടിക്കറ്റുകൾ വിറ്റ് മഞ്ഞുമ്മൾ ബോയ്സ് എമ്പുരാനെ കടത്തിവെട്ടിയിട്ടുണ്ട്. 3.78 മില്യൺ ടിക്കറ്റുകളാണ് എമ്പുരാന്റേതായി വിറ്റഴിഞ്ഞത്. ഒന്നാം സ്ഥാനത്ത് കല്യാണി പ്രിയദർശന്റെ ലോകയാണ്. രണ്ടാം സ്ഥാനത്ത് മോഹൻലാലിന്റെ തുടരുവും ഉണ്ട്.
ബുക്ക് മൈ ഷോയിലുടെ ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റഴിഞ്ഞ മലയാള ചിത്രങ്ങൾ
- ലോക: ചാപ്റ്റർ 1 ചന്ദ്ര - 5.5 മില്യൺ
- തുടരും - 4.52 മില്യൺ
- മഞ്ഞുമ്മൽ ബോയ്സ് - 4.32 മില്യൺ
- എമ്പുരാൻ -3.78 മില്യൺ
- ആവേശം - 3.02 മില്യൺ
- ആടുജീവിതം - 2.92 മില്യൺ
- പ്രേമലു - 2.44 മില്യൺ
- എആർഎം - 1.89 മില്യൺ
- മാർക്കോ - 1.81 മില്യൺ
- ഗുരുവായൂരമ്പല നടയിൽ - 1.7മില്യൺ



