ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ
കഥ ഇതുവരെ
രേവതിയുടെ അച്ഛൻ മരിച്ചിട്ട് ഒരു വർഷം തികയുകയാണ്. അതിന്റെ ചടങ്ങ് വീട്ടിൽ തുടങ്ങാനിരിക്കുകയാണ്. എന്നാൽ സച്ചി വരാൻ വേണ്ടി കാത്തിരിക്കുകയാണ് ലക്ഷ്മിയും രേവതിയും. ഇനി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർപൂവ് സീരിയൽ റിവ്യൂ നോക്കാം.
---------------------------------------------
നേരം ഒരുപാട് ആയിട്ടും സച്ചി ഇതുവരെ വീട്ടിലേയ്ക്ക് എത്തിയിട്ടില്ല. ചടങ്ങുകൾ തുടങ്ങാൻ സമയമാവുകയും ചെയ്തു. ഇനിയും വൈകേണ്ടെന്ന് കരുതി രേവതി അച്ഛന്റെ ആണ്ടുബലിക്കുള്ള സദ്യ ഇലയിൽ വിളമ്പി. രേവതിയും ദേവുവുമെല്ലാം അച്ഛന്റെ ഓർമ്മയിൽ വിങ്ങിപ്പൊട്ടുകയാണ്. അവർക്ക് കരച്ചിലടക്കാൻ കഴിയുന്നില്ല. സദ്യയെല്ലാം വിളമ്പി വിളക്ക് വെച്ച് അവർ മരിച്ചുപോയ അച്ഛനെ പ്രാർത്ഥിക്കുകയാണ്. എന്നാൽ ശരത്തിന് മാത്രം അച്ഛനെ കൈ കൂപ്പി തൊഴാൻ കഴിഞ്ഞില്ല. കൈ ചെറുതായി ഇളകിയപ്പോഴേക്കും അവന് നല്ല വേദനയെടുത്ത് കരഞ്ഞു. അത് കണ്ട ലക്ഷ്മിയ്ക്ക് സഹിക്കാനായില്ല. സച്ചി തന്റെ മകന്റെ കൈ തല്ലി ഓടിച്ചത് ഓർത്ത് ലക്ഷ്മിയും കരയാൻ തുടങ്ങി. അവിടെ വന്നവരോടെല്ലാമായി സച്ചി റൗഡി ആണെന്നും, അവനെ വിശ്വസിക്കാൻ കൊള്ളില്ലെന്നും , രേവതിയെപോലും ആ വീട്ടിലേയ്ക്ക് വിടാൻ പേടിയാണെന്നും ലക്ഷ്മി പറഞ്ഞു.

അത് കേട്ടുകൊണ്ടാണ് സച്ചി അങ്ങോട്ട് എത്തിയത്. തന്നെപ്പറ്റി അവരെല്ലാം മോശമായി സംസാരിക്കുന്നത് കേട്ടിട്ടും സാരമില്ലെന്ന് അവൻ കരുതി വീട്ടിലേയ്ക്ക് കയറി. എന്നാൽ സച്ചിയെക്കണ്ടതും ശരത്ത് മാന്യന്റെ മുഖം മൂടി ഇട്ട് സച്ചിയേ എതിർത്ത് സംസാരിക്കാൻ തുടങ്ങി. തന്നോട് ആരാണ് ഇപ്പോൾ ഇങ്ങോട്ട് വരാൻ പറഞ്ഞതെന്നും, താൻ ഒരു ഗുണ്ടയല്ലേ എന്നും, വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാനും ശരത്ത് പറഞ്ഞു.എല്ലാം സഹിച്ച് ക്ഷമിച്ച് കടിച്ചുപിടിച്ച് നിന്നിരുന്ന സച്ചിയ്ക്ക് അത് കേട്ടതും കലി കയറി. എങ്ങനെ കയറാതിരിക്കും? അത്രയ്ക്ക് അഭിനയമാണല്ലോ ശരത്ത്. ഇപ്പൊ സച്ചി തെറ്റുകാരൻ, ശരത്ത് മാന്യൻ. കലി കയറിയ സച്ചി മുന്നും പിന്നും നോക്കാതെ ശരത്തിനെ പൊതിരെ തല്ലി. അത് കണ്ടതും രേവതിയും ലക്ഷ്മിയുമെല്ലാം ഞെട്ടിത്തരിച്ചു . അവർ സച്ചിയേയും ശരത്തിനെഴുതും പിടിച്ച് മാറ്റി. ഒടുവിൽ ഇവിടേയ്ക്ക് വരാൻ പാടില്ലായിരുന്നു എന്ന് പറഞ്ഞ് സച്ചി അവിടെ നിന്ന് ഇറങ്ങിപ്പോയി.
വീട്ടിലെ ചടങ്ങിന് ശേഷം രേവതി തിരിച്ച് ചന്ദ്രോദയത്തിൽ എത്തിയിരിക്കുകയാണ്. കരഞ്ഞ് തളർന്നാണ് രേവതി എത്തിയിരിക്കുന്നത്. ചടങ്ങെല്ലാം ഭംഗിയായില്ലേ എന്ന് അച്ഛൻ രേവതിയോട് ചോദിച്ചപ്പോൾ നടന്ന സംഭവങ്ങളെല്ലാം രേവതി പറഞ്ഞു. അത് കേട്ടപ്പോൾ രവിക്കും വിഷമമായി. സച്ചി വീട്ടിലെത്തിയ ഉടനെ അതേപ്പറ്റി അച്ഛൻ അവനോട് ചോദിച്ചെങ്കിലും താൻ തെറ്റൊന്നും ചെയ്തില്ലെന്നായിരുന്നു സച്ചിയുടെ പ്രതികരണം. ഇത്രയൊക്കെ സംഭവിച്ചിട്ടും സത്യം തുറന്ന് പറയാൻ സച്ചി ഒരുക്കമായിരുന്നില്ല. സച്ചിയുടെ പെരുമാറ്റത്തിൽ മനം നൊന്ത് കരഞ്ഞ് തളർന്ന രേവതിയെ കാണിച്ചുകൊണ്ടാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥകളുമായി ചെമ്പനീർപൂവ് ഇനി അടുത്ത എപ്പിസോഡിൽ കാണാം.
