ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ
കഥ ഇതുവരെ
ശ്രീകാന്തും വർഷയും വീട്ടിൽ ഇല്ലാത്ത വിഷമത്തിലാണ് ചന്ദ്രയും രവിയും. അവർ മാത്രമല്ല സച്ചിയും രേവതിയും അവർ വീട്ടിൽ നിന്ന് പോയ വിഷമത്തിലാണ്. ഭക്ഷണം കഴിക്കാൻ എല്ലാവരെയും വന്ന് വിളിച്ചിരിക്കുകയാണ് രേവതി. എന്നാൽ തനിയ്ക്ക് ഭക്ഷണം വേണ്ടെന്നും ശ്രീകാന്ത് വന്നാൽ മാത്രമേ ഭക്ഷണം കഴിക്കു എന്നും പറഞ്ഞ് വാശിയിലാണ് ചന്ദ്ര. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർപൂവ് സീരിയൽ റിവ്യൂ നോക്കാം.
തനിയ്ക്ക് ഭക്ഷണം വേണ്ടെന്ന് പറഞ്ഞ് വാശി പിടിക്കുകയാണ് ചന്ദ്ര. രവി പലതവണ ചന്ദ്രയെ ഭക്ഷണം കഴിക്കാൻ വിളിച്ചു. പക്ഷേ ശ്രീകാന്ത് വന്നല്ലാതെ ഭക്ഷണം കഴിക്കില്ലെന്ന് ചന്ദ്ര തറപ്പിച്ച് പറഞ്ഞു. രേവതി ചന്ദ്രയോട് വീണ്ടും വീണ്ടും പറഞ്ഞ് നോക്കിയെങ്കിലും ചന്ദ്ര അതൊന്നും കേൾക്കാൻ കൂട്ടാക്കിയില്ല. എന്നാൽ പിന്നെ സംഭവം നന്നായൊന്ന് കൊഴുക്കട്ട എന്ന് കരുതി ശ്രുതിയും പറഞ്ഞു ഭക്ഷണം കഴിക്കുന്നില്ലെന്ന്. അയ്യോ ...അമ്മായിയമ്മയോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല കേട്ടോ, മലേഷ്യൻ അച്ഛന്റെ പൊടി പോലുമില്ലെന്ന് നാലഞ്ച് തവണ സച്ചി പറഞ്ഞിരുന്നു. ഇനിയിപ്പോ ആ പറച്ചില് കേട്ട് അമ്മായിയമ്മയ്ക്ക് അച്ഛന്റെ കാര്യം ഓർമ്മ വരേണ്ട എന്ന് കരുതിയാണ് ശ്രുതിയുടെ ഈ തന്ത്രം. പഠിച്ച കള്ളി തന്നെ. ശ്രുതി താൻ സ്വയം ഭക്ഷണം കഴിക്കുന്നില്ലെന്ന് മാത്രമല്ല പറഞ്ഞത് സുധിയും ഇനി 'അമ്മ ഭക്ഷണം കഴിച്ചല്ലാതെ കഴിക്കില്ലെന്ന് പറഞ്ഞു. അത് കേട്ടതും സുധി ഞെട്ടിപ്പോയി. പൊതുവെ ഭക്ഷണപ്രിയനും അതിലുപരി വിശപ്പ് തീരെ സഹിക്കാത്തതുമായ ആളാണ് സുധി. 'അമ്മ പിന്നെ കഴിച്ചോളും നമുക്ക് ഭക്ഷണം കഴിക്കാമെന്ന് സുധി ആവുന്നതും ശ്രുതിയോട് പറഞ്ഞ് നോക്കി. എന്നാൽ ശ്രുതി വിട്ടില്ല. ഇതെല്ലാം കൂടെ കണ്ട് സഹികെട്ട രവിയും പറഞ്ഞു എന്നാൽ പിന്നെ ചന്ദ്ര കഴിക്കാതെ ഞാനും ഭക്ഷണം കഴിക്കുന്നില്ലെന്ന്.
അത് കൂടെ കണ്ടപ്പോൾ ശ്രുതിയ്ക്ക് ശെരിക്കും സന്തോഷമാണ് വന്നത്. കുടുംബത്തിൽ എങ്ങനെയെങ്കിലും പ്രശ്നം ഉണ്ടായി കാണാനാണ് അവൾക്ക് ആഗ്രഹം. എന്നാൽ താൻ ശ്രീകാന്തിനെ പോയി കണ്ട കാര്യവും അവൻ ഹോട്ടലിൽ ഒരു മുറിയിലാണ് നിൽക്കുന്നതെന്ന കാര്യവും സച്ചി അച്ഛനോട് പറഞ്ഞു. വർഷയുടെ പിണക്കം തീർന്നാൽ ഉടൻ അവൻ അവളേയും വിളിച്ചുകൊണ്ട് ഇങ്ങോട്ട് വരുമെന്ന് സച്ചി ഉറപ്പ് നൽകി. എങ്കിലും മകൻ വന്ന ശേഷം മാത്രമേ ഇനി ഭക്ഷണം കഴിക്കൂ എന്ന ഉഗ്ര ശപഥത്തിലാണ് ചന്ദ്ര.

അതേസമയം ഉച്ചയ്ക്ക് കഴിക്കാനുള്ള ഭക്ഷണം വർഷ ഓർഡർ ചെയ്തത് ശ്രീകാന്ത് ജോലി ചെയ്യുന്ന ഹോട്ടലിൽ നിന്നാണ്. വർഷയുടെ ഓർഡർ ആണെന്ന് കേട്ടപ്പോഴേ ശ്രീകാന്ത് ഉടൻ ഭക്ഷണം ഉണ്ടാക്കി അവൾക്ക് കൊണ്ടുവന്ന് കൊടുത്തു. രേവതി വന്ന് കണ്ട് സംസാരിച്ച കാര്യം വർഷയും സച്ചി വന്ന് കണ്ട് സംസാരിച്ച കാര്യം ശ്രീകാന്തും പരസ്പരം സംസാരിച്ചു. വർഷയുടെ പിണക്കം മാറിയ ശേഷം ഒന്നിച്ച് മാത്രമേ താൻ ആ വീട്ടിലേയ്ക്ക് പോകൂ എന്നും ശ്രീകാന്ത് തീരുമാനം പറഞ്ഞു. വർഷയ്ക്ക് കാര്യങ്ങളെല്ലാം ഏതാണ്ട് ബോധ്യമായിട്ടുണ്ട്. മിക്കവാറും ഉടൻ തന്നെ അവർ ഇരുവരും ചന്ദ്രോദയത്തിൽ മടങ്ങി എത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. സംഭവബഹുലമായ കഥകളുമായി ചെമ്പനീർപൂവ് ഇനി അടുത്ത ദിവസം കാണാം.


