ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ
കഥ ഇതുവരെ
പൂക്കട പൊളിച്ച് മാറ്റിയ വിഷമത്തിലാണ് രേവതി. എങ്ങനെയെങ്കിലും അവളുടെ ആ വിഷമം തീർക്കാനുള്ള ചിന്തയിലാണ് സച്ചി. ഇനി പൂക്കൾ വിൽക്കാൻ എന്ത് ചെയ്യുമെന്ന് അവൻ സുഹൃത്തുക്കളോട് അഭിപ്രായം ചോദിച്ചു. അങ്ങനെ അവർക്കിടയിൽ നടന്ന ചർച്ചക്കൊടുവിൽ രേവതിക്ക് ഓൺലൈൻ വഴി പൂക്കൾ വിൽക്കാനുള്ള ഏർപ്പാട് ആക്കാനുള്ള ഐഡിയ തെളിഞ്ഞു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർപൂവ് സീരിയൽ റിവ്യൂ നോക്കാം.
രേവതിയ്ക്ക് ഓൺലൈൻ വഴി പൂക്കൾ വിൽക്കണമെങ്കിലും അതിനുള്ള സജ്ജീകരണങ്ങൾ ആവശ്യമാണ്. അതിനായി ഒരു സ്കൂട്ടർ ആണ് അത്യാവശ്യം. അതുകൊണ്ട് ഉടനെ അത് വാങ്ങാമെന്ന് സച്ചി തീരുമാനിച്ചു. മുഴുവൻ കാശും ഇപ്പോൾ ഇല്ലെങ്കിലും ഡൗൺ പേയ്മെന്റ് ആദ്യം കൊടുക്കാമെന്നും പിന്നീട് മാസം മാസം അടച്ചു വീട്ടാമെന്നും അവൻ കൂട്ടുകാരോട് പറഞ്ഞു. വണ്ടിയ്ക്ക് ഡൗൺ പേയ്മെന്റ് കൊടുക്കാനുള്ള കുറച്ച് പണം നൽകി കൂട്ടുകാരും സച്ചിയെ സഹായിച്ചു. പിന്നൊന്നും നോക്കാതെ കയ്യിലുള്ള പണം കൂടി ചേർത്ത് അവൻ നേരെ ഷോ റൂമിലേയ്ക്ക് വിട്ടു. അവിടെ നിന്നും രേവതിക്ക് ഇഷ്ട്ടപ്പെട്ട കളർ ഏതാണെന്ന് വിളിച്ച് ചോദിച്ച് ആ കളറിലുള്ള സ്കൂട്ടർ തന്നെ അവൻ രേവതിക്കായി വാങ്ങി.

പിന്നീട് വണ്ടിയുമായി സർപ്രൈസ് ആയി സച്ചി വീട്ടിലെത്തി. താൻ ഇത് രേവതിക്കായി വാങ്ങിയതാണെന്നും ഇനി മുതൽ മൊബൈൽ പൂക്കടയാണ് പ്രവർത്തിക്കാൻ പോകുന്നതെന്നും ഒരിത്തിരി അഹങ്കാരത്തോടെ സച്ചി പറഞ്ഞു. അത് കേട്ടപ്പോൾ രേവതി ആകെ ഞെട്ടിപ്പോയി. സച്ചി വണ്ടി വാങ്ങിക്കൊണ്ട് വരുമെന്നോ ഉടനെ പൂക്കട തുടങ്ങാനാവുമെന്നോ അവൾ ഊഹിച്ചതേ ഇല്ലായിരുന്നു. വർഷയും ശ്രീകാന്തും നേരെ വന്ന് രേവതിയെ അഭിനന്ദിച്ചു. അതേസമയം രേവതിക്കിട്ട് പണി കൊടുക്കാൻ നോക്കിയ ചന്ദ്രയും ശ്രുതിയും വാ പൊളിച്ച് നിൽപ്പാണ്. ഇങ്ങനൊരു തിരിച്ചടി അവർ തീരെ പ്രതീക്ഷിച്ചില്ല. എന്തായാലും അത് കലക്കി സച്ചി. അങ്ങനെ വണ്ടിയുടെ ചാവി സച്ചി അച്ഛനെ ഏൽപ്പിക്കുകയും അത് രേവതിക്ക് കൊടുക്കാൻ പറയുകയും ചെയ്തു. രവി ഉടനെ ചന്ദ്രയെ വിളിക്കുകയും അവർ രണ്ടുപേരും ഒരുമിച്ച് രേവതിക്ക് വണ്ടിയുടെ ചാവി നൽകുകയും ചെയ്തു. അങ്ങനെ കൊടുത്ത പണി നന്നായി തിരിച്ച് ഏറ്റ് വാങ്ങി നാണം കെട്ട് നിൽക്കുന്ന ചന്ദ്രയെ കാണിച്ചുകൊണ്ടാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥകളുമായി ചെമ്പനീർപൂവ് ഇനി അടുത്ത ദിവസം കാണാം.


