"അച്ഛനും അമ്മയും എന്ന നിലയിൽ ഏറെ സന്തോഷകരമായ നിമിഷം"

ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് മിനിസ്ക്രീൻ താരങ്ങളായ ദിവ്യ ശ്രീധറും ക്രിസ് വേണുഗോപാലും. ദിവ്യ ശ്രീധറിന്റെ മകൾ മായ ഇടയ്ക്കു വച്ച് പഠനം നിർത്തി വച്ചിരുന്നു. ഇപ്പോൾ വീണ്ടും പഠനം തുടരാൻ സാധിച്ചതിന്റെ സന്തോഷമാണ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്. മകളുടെ പഠനം വീണ്ടും തുടങ്ങാൻ കഴിഞ്ഞതിൽ അച്ഛനും അമ്മയും എന്ന നിലയിൽ ഏറെ സന്തോഷകരമായ നിമിഷം എന്നാണ് ക്രിസും ദിവ്യയും സോഷ്യൽ മീഡിയയിൽ കുറിച്ചത്. ബിസിനസ് മാനേജ്‌മെന്റ് ഏവിയേഷൻ കോഴ്സിനാണ് മകൾ ചേർന്നിരിക്കുന്നത്.

''മാതാപിതാക്കൾ എന്ന നിലയിൽ ഞങ്ങൾക്ക് അഭിമാനകരമായ ഒരു നിമിഷം ആണിത്. ഞങ്ങളുടെ മകൾ ബിസിനസ് മാനേജ്‌മെന്റ് ആൻഡ് ഏവിയേഷൻ ബിരുദ കോഴ്‌സ് പഠിക്കാൻ വേണ്ടി ജോയിൻ ചെയ്തു. അവളുടെ ഭാവിയിലേക്കുള്ള ഒരു ചുവടുവെയ്പ്പ്. നിങ്ങളുടെ പ്രാർത്ഥനകളും അനുഗ്രഹങ്ങളും അവളോടൊപ്പം ഉണ്ടാകണം'', ക്രിസും ദിവ്യയും ഇൻസ്റ്റഗ്രാമിൽ കുറിച്ചു. സീരിയൽ, സിനിമാ താരങ്ങളും ആരാധകരുമടക്കം നിരവധി പേർ പോസ്റ്റിനു താഴെ ആശംസകൾ നേർന്നുകൊണ്ട് കമന്റ് ചെയ്യുന്നുണ്ട്.

View post on Instagram

സോഷ്യൽ മീഡിയയിൽ വൈറൽ ആയ വിവാഹമായിരുന്നു സീരിയൽ താരങ്ങളായ ക്രിസ് വേണു ഗോപാലിന്റെയും ദിവ്യാ ശ്രീധറിന്റെയും. ഗുരുവായൂരിൽ വെച്ചാണ് ഇവർ വിവാഹിതരായത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ദിവ്യയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ വിവാഹത്തിൽ മകളെ കൂടാതെ ഒരു മകനും ദിവ്യയ്ക്ക് ഉണ്ട്.

അഭിനയത്തിനു പുറമേ, റേഡിയോ അവതാരകൻ, വോയ്‌സ് ആർടിസ്റ്റ്, എഞ്ചിനീയർ തുടങ്ങിയ മേഖലകളിലും ക്രിസ് വേണുഗോപാൽ കഴിവ് തെളിയിച്ചിട്ടുണ്ട്. ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്ത് മിനി സ്‌ക്രീനിൽ തന്റെ കഴിവു തെളിയിച്ച അഭിനേത്രിയാണ് ദിവ്യ ശ്രീധർ.

Wayanad Landslide | Asianet News Live | Malayalam News Live | Kerala News Live | Live Breaking News