സിംഗിൾ മദറായി മക്കളെ വളർത്തിയതിലെ കഷ്ടപ്പാടുകൾ പങ്കുവച്ച് മിനിസ്ക്രീൻ താരം ദിവ്യ ശ്രീധർ. ഒരു വർഷം മുൻപാണ് ഇരുവരും വിവാഹിതരായത്. ദിവ്യയെ വിവാഹം ചെയ്തതിൽ വരുന്ന എതിർപ്പുകൾ താൻ കാര്യമാക്കുന്നില്ലെന്ന് ഈ അഭിമുഖത്തിലും ക്രിസ് ആവർത്തിച്ചു പറയുന്നു
വിവാഹം, വ്യക്തിജീവിതം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് മനസു തുറന്ന് ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും. ഒരു വർഷം മുൻപാണ് ഇരുവരും വിവാഹിതരായത്. ദിവ്യയെ വിവാഹം ചെയ്തതിൽ വരുന്ന എതിർപ്പുകൾ താൻ കാര്യമാക്കുന്നില്ലെന്ന് ഈ അഭിമുഖത്തിലും ക്രിസ് ആവർത്തിച്ചു പറയുന്നുണ്ട്. "ഞാൻ വരുന്നതിന് മുമ്പേ എത്രയോ അവസരങ്ങൾ ഉണ്ടായിരുന്നു. കല്യാണം കഴിച്ച് ഒരു ജീവിതം തരാമെന്ന് എന്തുകൊണ്ട് ആരും പറഞ്ഞില്ല. അങ്ങനെ പറയാൻ ധെെര്യമില്ലാത്തവരോട് മറുപടി പറയേണ്ടതില്ല", എന്നും മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിൽ ക്രിസ് പറഞ്ഞു.
ക്രിസിനെ വിവാഹം ചെയ്യുന്നതിനു മുൻപ് സിംഗിൾ മദറായി കുട്ടികളെ വളർത്തിയതിനെക്കുറിച്ചായിരുന്നു ദിവ്യക്ക് പറയാൻ ഉണ്ടായിരുന്നത്. "സെറ്റിൽ ആർക്കെങ്കിലും ഭക്ഷണം വേണ്ടെങ്കിൽ ഞാൻ ആ ഭക്ഷണം ചോദിച്ചു വാങ്ങി മക്കൾക്കു വേണ്ടി കൊണ്ട് പോകുമായിരുന്നു. വെെകുന്നേരം ഷൂട്ട് വെെകിയാൽ ടെൻഷനായിത്തുടങ്ങും", എന്നും ദിവ്യ പറഞ്ഞു.
മക്കൾക്ക് ദിവ്യയോടുള്ള സ്നേഹം
മക്കൾക്ക് ദിവ്യയോടുള്ള സ്നേഹത്തെക്കുറിച്ചും ക്രിസ് അഭിമുഖത്തിൽ സംസാരിച്ചു. "മക്കളെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ, അതിപ്പോൾ ഞാനാണെങ്കിൽ പോലും അമ്മക്കോഴി കുഞ്ഞുങ്ങളെ രക്ഷിക്കാൻ പോകുന്നത് പോലെ കവർ അപ് ചെയ്യാൻ വരുന്ന ദിവ്യയെ എനിക്കറിയാം. അതിലെനിക്ക് സന്തോഷമാണ്. എന്ത് വന്നാലും അവരെ നോക്കാൻ അമ്മയുണ്ട്. അപ്പോൾ ഞാൻ സപ്പോർട്ടായി കൂടെ നിന്നാൽ മതി. മനസ് കൊണ്ടാണ് അച്ഛനാകുന്നത്. അമ്മയുടെ സ്നേഹം ഞാൻ പങ്കിട്ട് എടുക്കുമോ എന്ന ഭയം മക്കൾക്കുണ്ടായിരുന്നില്ല. മക്കൾക്ക് ഞാൻ കുഞ്ഞുമോളെ (ദിവ്യ) വേദനിപ്പിക്കുമോ എന്നൊക്കെയുള്ള ഭയമായിരുന്നു. അവർ രണ്ട് പേരും അമ്മയെ ഒരു കുഞ്ഞിനെ പോലെയാണ് നോക്കുന്നത്. ഞാൻ വേദനിപ്പിക്കുന്നുണ്ടോ എന്നൊക്കെ നോക്കി ആ സമയത്ത് എന്നെ അറ്റാക്ക് ചെയ്യാൻ റെഡിയായിരിക്കുന്ന മക്കളാണ് അവർ", എന്നും ക്രിസ് വേണുഗോപാൽ അഭിമുഖത്തിൽ പറഞ്ഞു.



