നടി കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ പ്രസവ വ്ളോഗ് വൈറലായി. ആറു മില്യണിലേറെ പേർ വീഡിയോ കണ്ടു, നിരവധി പേർ ദിയയെയും കുടുംബത്തെയും പ്രശംസിച്ച് പോസ്റ്റുകൾ ഇട്ടു.
കൊച്ചി: കഴിഞ്ഞ ദിവസമാണ് ഇൻഫ്ളുവൻസറും സംരംഭകയും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണ ആൺകുഞ്ഞിന് ജൻമം നൽകിയത്. ഗർഭിണിയായത് മുതലുള്ള വിശേഷങ്ങളെല്ലാം ദിയ ആരാധകരുമായി പങ്കുവച്ചിരുന്നു. കുഞ്ഞിന്റെ ജനനത്തോടനുബന്ധിച്ച് ദിയ ചെയ്ത വ്ളോഗും നിമിഷനേരം കൊണ്ടാണ് വൈറലായത്. ഇതിനകം ആറു മില്യനിലേറെ ആളുകളാണ് ദിയയുടെ വ്ളോഗ് കണ്ടത്. നിരവധി പേരാണ് ദിയയെയും കുടുംബത്തെയും പ്രശംസിച്ച് പോസ്റ്റുകൾ ഇടുന്നത്. ദിയയെ പ്രശംസിച്ച് അശ്വതി ശ്രീകാന്ത് പോസ്റ്റ് ചെയ്തപ്പോൾ വീഡിയോ കണ്ട് കണ്ണു നിറഞ്ഞു എന്നാണ് പേളി മാണി കുറിച്ചത്.
''ദിയയുടെ വീഡിയോ കണ്ടിട്ട് സന്തോഷിച്ച, കണ്ണ് നിറച്ച, അത് പോലെയെന്ന് ആഗ്രഹിച്ച, ലക്ഷക്കണക്കിന് മനുഷ്യരുണ്ടല്ലോ. ഇരുട്ടടച്ച ഒഴിമുറികളിൽ നിന്ന് നമ്മളങ്ങനെ ആഘോഷമാവുന്ന പ്രസവ മുറികളിൽ വരെ എത്തിയല്ലോ. ചെക്കപ്പിന് പോലും അമ്മയെ കൂട്ടി പോയാൽ പോരെയെന്ന് പറയുന്നവർക്ക് ഇങ്ങനെയുമാവാം എന്ന് കാണിച്ചു കൊടുത്തല്ലോ! അതാണ് ഇന്നത്തെ സന്തോഷം'', എന്നാണ് അശ്വതി ശ്രീകാന്ത് കുറിച്ചത്.
ദിയയുടെ വീഡിയോ കണ്ട് കണ്ണു നിറഞ്ഞു എന്നാണ് പേളി മാണി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്. ''ഫാമിലി വ്ലോഗേഴ്സിന്റെ ഇടയിൽ നീ കുറിച്ചത് ചരിത്രമാണ് ദിയ. തന്റെ ജീവിതം ലോകത്തിന് മുന്നിൽ ഇങ്ങനെ തുറന്നുകാണിക്കാൻ ഒരു സ്ത്രീക്ക് അപാരമായ ധൈര്യം ആവശ്യമാണ് പ്രത്യേകിച്ച് പ്രസവം പോലെ സെൻസിറ്റീവും ശക്തവുമായ ഒരു കാര്യം കാണിക്കാൻ.. വീഡിയോ കണ്ട് ഞാൻ ഒരുപാട് കരഞ്ഞു, അത് അവൾ അനുഭവിച്ച വേദന കണ്ടിട്ടു മാത്രമല്ല, ഓരോ നിമിഷത്തിലും കാണിച്ച കരുത്തു കണ്ടിട്ടു കൂടിയാണ്.
നീ വേദനകൊണ്ട് വിറച്ച നിമിഷങ്ങൾ, വിറങ്ങലിച്ച ശ്വാസം, നിശബ്ദമായ കണ്ണുനീർ, ഉള്ളിൽ നിന്ന് വന്ന നിലവിളി... പിന്നെ, ഹൃദയമിടിപ്പിന്റെ ശബ്ദം, ഒരു കുഞ്ഞി കരച്ചിൽ! ശ്വാസം പോലും നിലച്ചുപോയ നിമിഷങ്ങൾ, നിന്റെ കുഞ്ഞിനെ നീ മാറോട് ചേർക്കുന്ന ആ നിമിഷങ്ങൾ .. ഇതേക്കുറിച്ചൊക്കെ പറയാൻ വാക്കുകൾ പോരാ ദിയ. ആ വേദനയിലൂടെ കടന്നുപോയ ഓരോ സ്ത്രീകളെക്കുറിച്ചുമാണ് ഞാൻ ആ നിമിഷം ഓർത്തത്'', പേളി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.


