മുസ്ലീം വിരുദ്ധ പരാമർശങ്ങളുള്ള ഉത്തരേന്ത്യൻ ഇൻഫ്ലുവൻസറുടെ വിവാദ വീഡിയോയിൽ സാഡ് റിയാലിറ്റി എന്ന് കമന്റ് ചെയ്തതിന് ദിയ കൃഷ്ണ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനം നേരിട്ടു.

ഉത്തരേന്ത്യൻ ഇൻഫ്ലുവൻസർ പങ്കുവെച്ച വിവാദ വീഡിയോയ്ക്കു താഴെ കമന്റ് ചെയ്ത ദിയ കൃഷ്ണക്കെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം. ഫോര്‍ട്ട് കൊച്ചിയില്‍ നിറയെ മുസ്ലീങ്ങളാണെന്നും കേരളം അപകടത്തിലാണെന്നുമാണ് ലിറ്റിചോക്ക് അപ്പ് എന്ന അക്കൗണ്ടില്‍ പങ്കുവച്ച വിഡിയോയില്‍ പറയുന്നത്. കാശി എന്ന കഫേയില്‍ ഗാന്ധിജിയുടെ ചിത്രത്തോടൊപ്പം ജിന്നയുടെ ചിത്രം കണ്ടുവെന്നും മെനുവില്‍ മുഴുവന്‍ ബീഫ് വിഭവഭങ്ങളായിരുന്നുവെന്നും ഇയാള്‍ പറയുന്നു. കേരളത്തില്‍ ഇസ്ലാം പ്രചരിപ്പിക്കാനായി അറബ് രാജ്യങ്ങളില്‍ നിന്നും ഫണ്ട് വരുന്നുണ്ടെന്നും പറയുന്നുണ്ട്. 'സാഡ് റിയാലിറ്റി' എന്നാണ് വീഡിയോയ്ക്കു താഴെ ദിയ കുറിച്ചത്. കമന്റ് വലിയ ചർച്ചയായതിനു പിന്നാലെ വിശദീകരണവുമായി ദിയ നേരിട്ട് രംഗത്തെത്തി.

''ആ പുള്ളിയുടെ ചില കണ്ടന്റുകളൊക്കെ എനിക്ക് ഇഷ്ടമാണ്. കേരളത്തിൽ വന്നിട്ടുള്ള ഒരു വീഡിയോയിൽ പുളളി പറയുന്നത് കാശി എന്ന കഫേയിൽ കയറിയതിനെക്കുറിച്ചാണ്. കഫേയിലെ ഭിത്തിയിൽ ഗാന്ധിയുടെയും ജിന്നയുടെയും ഫോട്ടോ വെച്ചിട്ടുണ്ടായിരുന്നു. പാക്കിസ്ഥാൻ പ്രൈം മിനിസ്റ്ററായിരുന്ന ജിന്നയുടെ തല എന്തിനാണ് കേരളത്തിലെ ഒരു കഫേയിൽ വെച്ചിരിക്കുന്നത് എന്നാണ് വീഡിയോയുടെ ആദ്യഭാഗത്ത് അദ്ദേഹം ചോദിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പുരാതന നഗരമായ കാശിയുടെ പേരാണ് ആ കഫേയ്ക്ക് ഇട്ടിരിക്കുന്നത്. അതിൽ ഗാന്ധിയുടെ പടം വെയ്ക്കുന്നത് ഓക്കെയാണ്. നെഹ്റുവിന്റെ ഫോട്ടോ വെച്ചാലും മനസിലാക്കാം. പക്ഷേ, ജിന്നയുടെ പടം വെച്ചത് എന്തിനാണെന്ന് എനിക്ക് മനസിലായില്ല. ആദ്യഭാഗം കണ്ടിട്ടാണ് ‍ഞാൻ 'സാഡ് റിയാലിറ്റി' എന്ന് കമന്റ് ചെയ്തത്.

സെക്കന്റ് ഫാഫിൽ പുള്ള പറഞ്ഞത് ഞാൻ ശ്രദ്ധിച്ചിട്ടില്ല. കൊച്ചിയിൽ മുസ്ലീങ്ങൾ കൂടിയെന്നോ അങ്ങനെ എന്തോ ആണ് അതിൽ പറയുന്നത്. കൃത്യമായി ഞാനത് കണ്ടില്ല. ഒരാൾ അയച്ചു തന്നപ്പോഴാണ് വീഡിയോയുടെ രണ്ടാമത്തെ ഭാഗം കാണുന്നത്. ജിന്നയുടെ ഫോട്ടോ കണ്ടപ്പോൾ തന്നെ എന്റെ മൂഡ് പോയി. അങ്ങനെയാണ് ഞാൻ സാഡ് റിയാലിറ്റി എന്നിട്ടത്. കേരളത്തിൽ ഇങ്ങനെയൊക്കെ ചെയ്യാൻ ആരാണ് അനുവാദം കൊടുക്കുന്നതെന്നറിയില്ല.

‘എന്റെയും സുഹൃത്തുക്കളിൽ മുസ്ലീംസ് ഉണ്ട്’

ഇന്ന് മൂന്നാറിലേക്ക് ഞാൻ വന്നത് എറണാകുളം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയിട്ടാണ്. ചില റെസ്റ്റോറന്റുകളിലും കയറി. ഇവിടുന്നൊക്കെ ഏറ്റവുമധികം എന്റെ കൂടെ സെൽഫിയെടുക്കുന്നത് മുസ്ലീംസ് ആണ്, അതും മുസ്ലീം പെൺകുട്ടികൾ. കൊച്ചിയിൽ മാത്രമല്ല, തിരുവനന്തപുരത്തിനു പുറത്ത് എവിടെപ്പോയാലും എന്റെ കൂടെ ഏറ്റവുമധികം സെൽഫിയെടുത്തിട്ടുളളത് മുസ്ലീം പെൺകുട്ടികളാണ്. എന്റെ അച്ഛനെയും അമ്മയെയും ഞങ്ങളുടെ വ്ളോഗുകളുമൊക്കെ ഇഷ്ടമാണെന്ന് ഏറ്റവുമധികം പറയുന്നതും അവരാണ്. അച്ഛന്റെയും അമ്മയുടെയും ചേച്ചിയുടെയുമൊക്കെ അടുത്ത സുഹൃത്തുക്കൾ മുസ്ലീംസ് ആണ്. എന്റെയും സുഹൃത്തുക്കളിൽ മുസ്ലീംസ് ഉണ്ട്. എന്റെ ചിന്നമ്മയെ വിവാഹം ചെയ്തിരിക്കുന്നത് മുസ്ലീം ആണ്. പിന്നെ ഞാനെങ്ങനെയാണ് മുസ്ലീംസിനെ വെറുക്കുക. കേരളത്തിലെ മുസ്ലീംസിനോട് ഇറങ്ങിപ്പോകാൻ ഞാനെവിടെയും പറഞ്ഞിട്ടില്ല. ഞാൻ ഹിന്ദുവാണ്, എല്ലാവർക്കും അവരവരുടെ മതം ഇഷ്ടമുള്ളതുപോലെ എന്റെ മതം എനിക്ക് ഇഷ്‍ടവുമാണ്. അത് പറയുന്നതിൽ ഒരു നാണക്കേടുമില്ല. പക്ഷേ, വേറൊരു മതത്തോടും എനിക്ക് ഒരെതിർപ്പുമില്ല. ജിന്നയുടെ ഫോട്ട കണ്ടതിൽ മാത്രമാണ് ഞാൻ സാഡ് റിയാലിറ്റി എന്നിട്ടത്. വീഡിയോ മുഴുവൻ കാണാതെ കമന്റ് ചെയ്തത് എന്റെ തെറ്റാണ്'', ദിയ കൃഷ്ണ വീഡിയോയിൽ പറഞ്ഞു.

YouTube video player