നടി കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ വളകാപ്പ് ചടങ്ങുകൾ ആഘോഷമായി നടന്നു. പച്ചയും ചുവപ്പും നിറത്തിലുള്ള കാഞ്ചീവരം പട്ടുടുത്ത് അതിസുന്ദരിയായാണ് ദിയ ചടങ്ങിൽ എത്തിയത്.
തിരുവനന്തപുരം: വളകാപ്പ് ചടങ്ങുകൾ ആഘോഷമാക്കി സോഷ്യൽ മീഡിയ താരവും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണയും കുടുംബവും. പച്ചയും ചുവപ്പും നിറത്തിലുള്ള കാഞ്ചീവരം പട്ടണിഞ്ഞ് അതിസുന്ദരിയായാണ് ദിയ എത്തിയത്. 'ദി ഗ്രാന്‍ഡ് വളകാപ്പ്' എന്ന അടിക്കുറിപ്പോടെയാണ്
ദിയ ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചടങ്ങുകളുടെ വ്ളോഗും ഓസി ടാക്കീസ് എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ താരം പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്കു താഴെ ദിയക്കും അശ്വിനും ആശംസകൾ അറിയിക്കുന്നത്.
വെള്ളയിൽ എംബ്രോയ്ഡറി വർക്ക് ചെയ്ത കുർത്തയണിഞ്ഞാണ് ദിയയുടെ ഭർത്താവ് അശ്വിൻ വളകാപ്പ് ചടങ്ങിനെത്തിയത്. ഹാഫ്സാരിയണിഞ്ഞ് എത്നിക്ക് ലുക്കിൽ തന്നെയായിരുന്നു ദിയയുടെ സഹോദരിമാരായ അഹാനയും ഇഷാനിയും ഹൻസികയും. അഹാനയും തന്റെ ഇൻസ്റ്റഗ്രാം പേജിൽ വളകാപ്പ് ചടങ്ങുകളുടെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
സ്വന്തം ബ്രാന്‍ഡായ 'ഓ ബൈ ഓസി'യിലെ ആഭരണങ്ങളായിരുന്നു വളകാപ്പ് ചടങ്ങുകൾക്കായി ദിയ അണിഞ്ഞത്. വിവാഹത്തിനും അഞ്ചാം മാസത്തിലെ പൂജാ ചടങ്ങുകൾക്കും ഒരുക്കിയവര്‍ തന്നെയാണ് ഇത്തവണയും ദിയയെ ചടങ്ങുകൾക്കായി ഒരുക്കിയത്. കയ്യിൽ മൈലാഞ്ചിയും അണിഞ്ഞിരുന്നു. വളകാപ്പ് എന്നെഴുതിയ കൂളിംഗ് ഗ്ലാസും വെച്ചായിരുന്നു ദിയയുടെ എന്‍ട്രി. ദിയയുടെ ബ്രാൻഡിൽ നിന്നു തന്നെയാണ് ഇഷാനിയും ഹന്‍സികയും സാരിയും ആഭരണങ്ങളുമെല്ലാം തിരഞ്ഞടുത്തത്. സാരി ദാവണിയായി സ്റ്റിച്ച് ചെയ്ത് എടുക്കാനാണ് ഇരുവരും ആലോചിക്കുന്നതെന്നും മുൻപു പങ്കുവെച്ച വ്ളോഗിൽ ദിയ പറഞ്ഞിരുന്നു.
ഗർഭകാലത്തെ വിശേഷങ്ങളെല്ലാം ദിയ കൃഷ്ണ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ദിയയുടെ അഞ്ചാം മാസത്തിലെ പൂജാ ചടങ്ങുകളുടെ വീഡിയോകളും കുറച്ചു ദിവസങ്ങൾക്കു മുൻപ് ദിയ പങ്കുവച്ച ബേബി മൂൺ ഫോട്ടോഷൂട്ട് ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മാലിദ്വീപിലാണ് ദിയയും അശ്വിനും ബേബിമൂൺ ആഘോഷിച്ചത്.


