നിയോമിന്റെ അര്‍ഥം വെളിപ്പെടുത്തി ദിയ.

അടുത്തിടെയാണ് ഇൻഫ്ളുവൻസറും സംരംഭകയും നടൻ കൃഷ്‍ണകുമാറിന്റെ മകളുമായ ദിയ കൃഷ്‍ണ ആൺകുഞ്ഞിന് ജൻമം നൽകിയത്. നിയോം അശ്വിൻ കൃഷ്‍ണ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഗർഭിണിയായത് മുതലുള്ള വിശേഷങ്ങളെല്ലാം ദിയ ആരാധകരുമായി പങ്കുവച്ചിരുന്നു. കുഞ്ഞിന്റെ ജനനത്തോടനുബന്ധിച്ച് ദിയ ചെയ്‍ത വ്ളോഗും നിമിഷനേരം കൊണ്ടാണ് വൈറലായത്. എങ്ങനെയാണ് നിയോം എന്ന പേര് കണ്ടുപിടിച്ചത് എന്നും അതിന്റെ അർത്ഥമെന്താണ് തുടങ്ങിയ കാര്യങ്ങളാണ് അച്ഛൻ കൃഷ്‍ണകുമാറിന്റെ പുതിയ വ്ളോഗിൽ ദിയ വിശദീകരിക്കുന്നത്.

''സംസ്‌കൃതത്തിൽ നിയോം എന്ന പേരിന്റെ അർഥം ശിവ ഭഗവാൻ എന്നാണ് അറബിക്കിൽ ഭാവി എന്നാണ് ഈ പേരിന്റെ അർത്ഥം. രണ്ട് ഭാഷയിലും നല്ല അർഥമുള്ള പേര് കിട്ടിയത് വലിയ സന്തോഷമായി. സംസ്‌കൃതം അർഥം പേരിനു ഉണ്ടായിരിക്കണം എന്ന് എനിക്കുണ്ടായിരുന്നു. ഞങ്ങളുടെയും കസിൻസിന്റെയും ഒക്കെ പേരുകൾ അമ്മയാണ് തിരഞ്ഞെടുത്തത്. അതിനെല്ലാം സംസ്‌കൃതം അർഥമുണ്ട്. രണ്ടു ഭാഷയിലും അർഥം ഉള്ള പേര് എല്ലാവർക്കും ഇഷ്ടപ്പെടും എന്ന് എനിക്ക് തോന്നി.

ആദ്യം നിയോം ദിയ അശ്വിൻ എന്നൊക്കെ ഇട്ടുനോക്കി. അതൊന്നും സന്തോഷം നൽകിയില്ല. പിന്നീട് നിയോം അശ്വിൻ കൃഷ്‍ണ എന്നു ഇട്ടുനോക്കിയപ്പോൾ കേൾക്കാൻ നല്ല രസം ഉള്ളതായി തോന്നി. എനിക്ക് കൃഷ്‍ണ എന്ന പേര് വലിയ ഇഷ്ടമാണ്. ആൺകുട്ടി ആണെങ്കിൽ കുഞ്ഞിന് ആദ്യം ഇടാൻ വച്ചിരുന്ന പേര് ഓം എന്നായിരുന്നു. പിന്നീടാണ് അറിയുന്നത് ഒരു ആൺകുട്ടി ഉണ്ടാകുന്നെങ്കിൽ അമ്മ ഇടാൻ വച്ചിരുന്ന പേരും അതു തന്നെ ആയിരുന്നു എന്ന്.

എന്റെ പേര് ഓസി എന്നായതുകൊണ്ട് കുഞ്ഞിനെ വീട്ടിൽ ഓമി എന്ന് വിളിക്കാം എന്നും തീരുമാനിച്ചു'', ദിയ കൃഷ്‍ണ വ്ളോഗിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക