പുതിയ വീട് വച്ച സന്തോഷത്തില്‍ മുന്‍ ബിഗ് ബോസ് താരം നാദിറ മെഹ്റിന്‍. ബിഗ്ബോസിലെ സഹമൽസരാർത്ഥികളും സെലിബ്രിറ്റികളുമടക്കം നിരവധി പേർ ഈ ആഘോഷത്തിന്റെ ഭാഗമാകാൻ എത്തിയിരുന്നു. വലിയ തുക കൊടുത്താണ് 3 സെന്‍റ് സ്ഥലം വാങ്ങിയതെന്നും നാദിറ.
ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ. ബിഗ് ബോസിൽ നിന്ന് ഇറങ്ങിയ ശേഷം മോഡലിംഗ്, അഭിനയം എന്നിങ്ങനെ വിവിധ മേഖലകളിൽ നാദിറ കഴിവു തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു നാദറയുടെ വീടിന്റെ പാലുകാച്ചൽ. ബിഗ്ബോസിലെ സഹമൽസരാർത്ഥികളും സെലിബ്രിറ്റികളുമടക്കം നിരവധി പേർ ഈ ആഘോഷത്തിന്റെ ഭാഗമാകാൻ എത്തിയിരുന്നു. പുതിയ അഭിമുഖത്തിലും ഇതേക്കുറിച്ചാണ് താരം തുറന്നു സംസാരിക്കുന്നത്.
''ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്വന്തമായൊരു വീട്. തിരുവനന്തപുരം സിറ്റിയിലാണ് താമസിക്കുന്നതെങ്കിലും കാർ പോകുന്ന വഴിയുള്ള വീടല്ല. സ്വന്തം നാട്ടിൽ ഒരു വീട് എന്നത് എന്റെ വാശിയായിരുന്നു. താമസിക്കുന്ന പരിസരത്ത് തന്നെ കാർ പോകുന്ന വളരെ നല്ല സ്ഥലമാണ് നോക്കിയത്. പ്രെെം ലൊക്കേഷനാണ് കിട്ടിയത്. ബെെപ്പാസിന് അടുത്ത്. സെന്റിനാണെങ്കിൽ കത്തി വിലയും. വലിയ തുക കൊടുത്ത് ആ സ്ഥലം മേടിക്കേണ്ടി വന്നു. മൂന്ന് സെന്റാണെങ്കിൽ പോലും ഞാനത് വാങ്ങി. വീട് വെച്ച് തുടങ്ങാമെന്ന് കരുതി. പിന്നെ ആ ഒഴുക്കിലങ്ങ് പോയി. അവസാനം നല്ല ഭംഗിയുള്ള വീടുണ്ടാക്കാനായി. വലിയൊരു തുക ആയിട്ടുണ്ട്. പക്ഷെ ആഗ്രഹിച്ചത് പോലെ ആരുടെയും വലിയ സഹായമില്ലാതെ സ്വന്തം കാശ് കൊണ്ട് വീട് വെക്കാനായി'', എന്ന് ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ നാദിറ പറഞ്ഞു.
''ഓടി നടന്ന് പരിപാടികൾക്കെല്ലാം പോകുന്നത് കൊണ്ടായിരിക്കും വലിയ ബുദ്ധിമുട്ടില്ലാതെ വീട് വെക്കാൻ പറ്റിയത്. പണം നന്നായിട്ട് സേവ് ചെയ്യുന്ന ആളാണ് ഞാൻ. 100 രൂപയിൽ 70 രൂപയും സേവ് ചെയ്യണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ്'', എന്നും നാദിറ കൂട്ടിച്ചേർത്തു.



