15 സെന്റീമീറ്റർ മുല്ലപ്പൂവ് വരുത്തിവച്ച വിന അടുത്തിടെ നവ്യ പങ്കുവച്ചിരുന്നു. പൂവ് വച്ചതിന്റെ പേരിൽ മെൽബൺ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വച്ച് പിഴും ലഭിച്ചു. അന്ന് യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണെന്ന് നടി തുറന്നു പറയുന്നു.
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. കാലങ്ങളായി മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു കൊണ്ടിരിക്കുന്ന താരം സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുമുണ്ട്. അത്തരത്തിൽ 15 സെന്റീമീറ്റർ മുല്ലപ്പൂവ് വരുത്തിവച്ച വിന അടുത്തിടെ നവ്യ പങ്കുവച്ചിരുന്നു. പൂവ് വച്ചതിന്റെ പേരിൽ മെൽബൺ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വച്ച് പിഴും ലഭിച്ചു. അന്ന് യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണെന്ന് നടി തന്നെ ഇപ്പോൾ തുറന്നു പറയുകയാണ്. പിഴ ഇതുവരെ അടച്ചിട്ടില്ലെന്നും ഒരു പെറ്റീഷൻ കൊടുക്കാനാണ് അവരന്ന് പറഞ്ഞതെന്നും നവ്യ പറയുന്നു.
"തിരുവോണ ദിനമായിരുന്നു അന്ന്. യാത്രയിലാണെങ്കിലും ഒന്ന് ആഘോഷിക്കാം എന്ന് കരുതി. സെറ്റും മുണ്ടും മുല്ലപ്പൂവും സെറ്റ് ചെയ്തു. യഥാർത്ഥത്തിൽ ഞാൻ വയ്ക്കാനിരുന്നത് പ്ലാസ്റ്റിക് പൂവ് ആയിരുന്നു. നിനക്ക് വേണ്ടി അച്ഛൻ വാങ്ങിയതാണ്, വച്ചില്ലേൽ വിഷമം വരുമെന്ന് അമ്മ പറഞ്ഞു. കെട്ടിയ പൂവ് രണ്ടായി കട്ട് ചെയ്ത് ഒന്ന് അങ്ങോട്ട് പോകുമ്പോഴും മറ്റൊന്ന് ഓസ്‌ട്രേലിയയിൽ ചെന്നിറമ്പോഴും വയ്ക്കാമല്ലോന്നും പറഞ്ഞു. സിംഗപ്പൂർ എയർലയൻസിൽ ആയിരുന്നു യാത്ര. ശേഷം മെൽബൺ ഫ്ലൈറ്റ്. അങ്ങനെ മെൽബണിൽ എത്തുന്നു, ഡിക്ലറേഷന്റെ കാർഡ് തരുന്നു. പാർട്സ് ഓഫ് പ്ലാന്റ് കൈവശം ഉണ്ടോ എന്നതിൽ ചോദിക്കുന്നുണ്ട്. എന്റെ മനസിലപ്പോൾ റോസാപ്പൂവ് ഒന്നും ആയിരുന്നില്ല. കഞ്ചാവ് ചെടിയൊക്കെ ആണ് വന്നത്. ബാൻ ചെയ്ത കാര്യങ്ങളാണോ എന്നതായിരുന്നു എന്റെ ചിന്ത. അങ്ങനെ എല്ലാം 'നോ' കൊടുത്ത് ഒപ്പിട്ടു. മുല്ലപ്പൂവ് എന്റെ തലയിലല്ലേ. ഞാൻ അത് മറച്ചുവച്ചിട്ടുമില്ല. ആകെ 15 സെന്റീമീറ്ററെ ഉള്ളൂ. പക്ഷേ മുല്ലപ്പൂവ് എന്റെ മനസിലും വന്നില്ല. അങ്ങനെ അവിടെ എത്തി. റെഡ് കാർപ്പെറ്റിലൂടെ വലിയ സ്റ്റൈലിൽ നടക്കുകയാണ്. പെട്ടെന്ന് ഓഫീസർമാർ നിൽക്കാൻ പറയുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു സ്നിഫർ ഡോഗ്. ചെറുതായിട്ടൊന്ന് പേടിച്ചു. എന്റെ ഹാൻഡ് ബാഗ് ആണ് പ്രശ്നം. കുറേ കാര്യങ്ങളെല്ലാം അവർ ചോദിക്കുന്നുണ്ട്. ബാഗിലാണേൽ ഒന്നുമില്ല. എന്നോട് തിരിയാൻ പറഞ്ഞു. തിരിഞ്ഞു. മുല്ലപ്പൂവ് അഴിച്ച് കൊടുത്തു. എന്താ ഇതെന്ന് ചോദിച്ചു. ഞാൻ 'jasmin flower from kerala' എന്ന് മറുപടിയും. ഒടുവിൽ അടിച്ചു തന്നു മോനെ 1890 ഡോളർ. ഫോണെടുക്കാൻ പറ്റില്ല.. മനസിൽ ഗുണിച്ചു. അമ്മേ.. ഒന്നേകാൽ ലക്ഷം രൂപ. പിന്നെ കുറച്ച് നേരത്തേക്ക് ചെവിയിൽ നിന്നൊക്കെ പുക പോകുന്ന ഫീലിംഗ് ആയിരുന്നു. കുറേ കരഞ്ഞ് പറഞ്ഞ് നോക്കി. പട്ടീടെ വിലയായിരുന്നു. മൈന്റ് ചെയ്തില്ല. പൈസ ഇതുവരെ അടച്ചിട്ടില്ല. ഒരു പെറ്റീഷൻ പോലെ മെയിൽ അയക്കാനാണ് അവർ പറഞ്ഞത്. എല്ലാം അയച്ചിട്ടുണ്ട്. ഇതുവരെ അനക്കമൊന്നും ഇല്ല", എന്നാണ് നവ്യ പറഞ്ഞത്. സൈന പ്ലസ് എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു നവ്യയുടെ പ്രതികരണം.
അതേസമയം, പാതിരാത്രി എന്ന സിനിമയാണ് നവ്യയുടേതായി റിലീസിന് ഒരുങ്ങുന്നത്. റത്തീന സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പെലീസ് ഉദ്യോഗസ്ഥയായാണ് താരം എത്തുന്നത്. സൗബിൻ ഷാഹിറും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഈ മാസം ചിത്രം തിയറ്ററുകളിൽ എത്തും.



