യാത്രയുടെ ചിത്രങ്ങള്‍ പങ്കുവച്ച് ഗായത്രി

മലയാളികൾക്ക് പ്രിയപ്പെട്ട സിനിമാ-ടെലിവിഷൻ താരങ്ങളിലൊരാളാണ് ഗായത്രി അരുൺ. അഭിനയത്തോടൊപ്പം അവതരണവും പുസ്തകമെഴുത്തും വ്ലോഗിങ്ങും ബിസിനസുമെല്ലാം ഒരുമിച്ച് കൊണ്ടുപോകുന്ന താരമാണ് ഗായത്രി. പരസ്പരം സീരിയലിലെ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തിലൂടെയാണ് ഗായത്രി അരുണ്‍ പ്രേക്ഷകര്‍ക്ക് പരിചിതയായത്. പിന്നീട് സിനിമകളിലും താരം കഴിവ് തെളിയിച്ചു. യാത്രകളും എഴുത്തുമെല്ലാം ഒരുപോലെ ഇഷ്ടപ്പെടുന്ന ഗായത്രി അടുത്തിടെ നടത്തിയ ഒരു യാത്രയുമായി ബന്ധപ്പെട്ട പോസ്റ്റും ശ്രദ്ധ നേടുകയാണ്.

കാലടിയിൽ നിന്നും സുഹൃത്തുക്കൾക്കൊപ്പം ബുള്ളറ്റിൽ കശ്മീരിലേക്കു പോയ യാത്രയുടെ ചിത്രങ്ങളാണ് ഗായത്രി പങ്കുവച്ചിരിക്കുന്നത്. ജീവിതത്തിൽ ഒരിക്കൽ മാത്രമാകും ഇത്തരമൊരു അനുഭവം ഉണ്ടാകുകയെന്നും ഒരേ മനസോടെ ഒരേ ലക്ഷ്യത്തോടെ തങ്ങൾ‌ നടത്തിയ യാത്രയാണ് ഇതെന്നും ഗായത്രി പങ്കുവച്ച പോസ്റ്റിൽ പറയുന്നു. ''ഇത് ഒരു യാത്ര മാത്രമല്ല, ഒരു നിശബ്ദമായ പ്രാർത്ഥന കൂടിയാണ്. സ്നേഹം എല്ലായിടത്തും പരക്കട്ടെ, വെറുപ്പ് അകലട്ടെ'', എന്നും ചിത്രങ്ങൾക്കൊപ്പം ഗായത്രി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

View post on Instagram

എഴുത്തുലോകത്തും സജീവമാണ് ഗായത്രി. ഗായത്രിയുടെ രണ്ടാമത്തെ പുസ്തകമായ യാത്രയ്ക്കപ്പുറം അടുത്തിടെയാണ് പ്രകാശനം ചെയ്യപ്പെട്ടത്. ഈ വർഷം ജനുവരിയിൽ കോഴിക്കോട് നടന്ന കേരളാ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ വെച്ചാണ് യാത്രയ്ക്കപ്പുറം പ്രകാശനം ചെയ്യപ്പെട്ടത്. കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും ഒറ്റയ്ക്കും ഗായത്രി നടത്തിയ യാത്രാ ഓർമകളിലൂടെയുള്ള ഒരു സഞ്ചാരമാണ് 'യാത്രയ്ക്കപ്പുറം'. ഡിസി ബുക്സ് ആണ് പുസ്തകത്തിന്റെ പ്രസാധകർ. 'അച്ഛപ്പം കഥകൾ' ആണ് ഗായത്രിയുടെ ആദ്യത്തെ പുസ്തകം.

സ്വന്തമായി ഒരു നെയിൽ ആർട്ട് സ്റ്റുഡിയോയും താരം അടുത്തിടെ ആരംഭിച്ചിരുന്നു. സ്വന്തം നാടായ ചേർത്തലയിൽ തന്നെയാണ് സ്റ്റുഡിയോയുടെ പ്രവർത്തനം. ഗായത്രിയുടെ ഭർത്താവും ഒരു ബിസിനസ്മാനാണ്.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News