സമൂഹ മാധ്യമത്തിലൂടെയാണ് സീമയുടെ പ്രതികരണം

അറിയപ്പെടുന്ന സെലിബ്രിറ്റി മേക്ക്അപ്പ് ആർടിസ്റ്റും ട്രാൻസ് വ്യക്തിത്വങ്ങളിൽ പ്രമുഖയുമാണ് സീമ വിനീത്. സമൂഹമാധ്യമങ്ങളിൽ സജീവമായ ഇടപെടലുകൾ നടത്തുന്ന വ്യക്തി കൂടിയാണ് സീമ. താൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന തരത്തിൽ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും എന്നാൽ അതെല്ലാം വ്യാജവാർത്തകളാണെന്നുമാണ് സീമ പങ്കുവച്ച പുതിയ പോസ്റ്റിൽ പറയുന്നത്.

''സീമാ വിനീത് ബി ജെ പി യിലേക്ക്... സീമാ വിനീത് കോൺഗ്രസിലേക്ക്.... സീമ വിനീത് കമ്മ്യൂണിസ്റ്റിലേക്ക്.... എന്തിനാണ് ഇത്തരത്തിൽ വ്യാജ പ്രചരണങ്ങൾ. മനസമാധാനത്തോടെ ജീവിക്കാൻ ആണ് താൽപര്യം. ഒരു പാർട്ടിക്കും വ്യക്തിക്കും അധിഷ്ഠിതമാക്കാതെ സ്വാതന്ത്ര ചിന്തകളോടെ. പിന്നെ ഈ കളറിനോട് പ്രേത്യേകം ഒരിഷ്ടം ഉണ്ട് കുടുംബപരമായിട്ട്. അതെന്നും അവിടെ കാണും'', ചുവപ്പ് ചുരിദാറിലുള്ള ചിത്രത്തിനൊപ്പം സീമ വിനീത് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

തനിക്ക് നേരെ ട്രാൻസ് കമ്മ്യൂണിറ്റിയിൽ നിന്നും ഭീഷണിയുണ്ടെന്നും കഴിഞ്ഞ ദിവസം സീമ വിനീത് പറഞ്ഞിരുന്നു. ഒന്നിൽ കൂടുതൽ വിവാഹം ചെയ്ത് കുട്ടികളുണ്ടായ ശേഷം ട്രാൻസ് വ്യക്തിയാണെന്ന് പറയുന്നവർക്കെതിരെ കഴിഞ്ഞ ദിവസം സീമ വിനീത് പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ തനിക്കെതിരെ ഒരു കൂട്ടം ആളുകൾ തിരിഞ്ഞെന്ന് സീമ പറയുന്നു. സോഷ്യൽ മീഡിയ ഗ്രൂപ്പിൽ തനിക്കെതിരെ നടക്കുന്ന നീക്കങ്ങളുടെ ഓഡിയോ റെക്കോഡുകളും സീമ വിനീത് ഫേസ്ബുക്ക് ലെെവിൽ കാണിച്ചിരുന്നു. പബ്ലിക് ഗ്രൂപ്പുണ്ടാക്കി ഒരു പറ്റം ആളുകൾ ചേർന്ന് തന്നെ ആക്രമിച്ച് കൊണ്ടിരിക്കുകയാണ്. ഇത് താങ്ങാൻ പറ്റുന്നില്ല. എങ്കിലും നിലപാടിൽ തന്നെ ഉറച്ച് നിൽക്കുമെന്നും സീമ വ്യക്തമാക്കിയിരുന്നു. ഗുണ്ടായിസം നടത്തുന്ന ഒരുപാട് പേർ ട്രാൻസ് കമ്മ്യൂണിറ്റിയിലുണ്ട്. അവർ എന്തും ചെയ്യാൻ മടിക്കാത്തവരാണ്. ഇവർ കാരണം ഒരുപാട് പേർ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും സീമ പറഞ്ഞിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം