വസ്ത്രങ്ങൾ കൊളാബറേഷനിലൂടെ ലഭിക്കുന്നതാണെന്ന ദിയ കൃഷ്ണയുടെ വെളിപ്പെടുത്തലിന് പിന്നാലെ സ്വർണ്ണവും ഫ്രീയാണോ എന്ന ചോദ്യവുമായി ചിലർ എത്തിയിരുന്നു.

തങ്ങൾക്ക് കിട്ടുന്ന വസ്ത്രങ്ങളെക്കുറിച്ച് ഇൻഫ്ളുവൻസറും സംരംഭകയും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണ കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങൾ വലിയ ചർച്ചയായിരുന്നു. ഇവന്റുകൾക്ക് തങ്ങൾ ധരിക്കുന്ന വസ്ത്രങ്ങൾ പലതും കൊളാബറേഷൻ ആണെന്നായിരുന്നു ദിയ പറഞ്ഞത്. ഇതിന് പേയ്മെന്റ് നൽകേണ്ടതില്ലെന്നും പലതും തിരികെ ഡിസൈനേഴ്സിനു തന്നെ നൽകുകയാണ് പതിവെന്നും ദിയ പറഞ്ഞിരുന്നു. ഇതേത്തുടർന്ന് ദിയയുടെ കുടുംബാംഗങ്ങളിൽ പലരുടെയും വീഡിയോയ്ക്കു താഴെ എല്ലാം ഫ്രീയാണല്ലേ എന്ന തരത്തിലുള്ള കമന്റുകളും പ്രത്യക്ഷപ്പെട്ടു. സ്വർണം വാങ്ങുന്ന വീഡിയോകൾ‌ക്കു താഴെ പോലും ഇത് ഫ്രീയാണോ എന്ന ചോദ്യങ്ങൾ ഉയർന്നിരുന്നു. ഇതിനെല്ലാമുള്ള വിശദീകരണവുമായി എത്തിയിരിക്കുകയാണ് ദിയ. സ്വർണ്ണമൊന്നും ആരും ഫ്രീയായി നൽകില്ലെന്നും അതൊക്കെ തങ്ങളുടെ വീട്ടിലുള്ളവർ അവരുടെ തന്നെ പൈസ കൊണ്ട് സമ്പാദ്യമായി വാങ്ങിക്കുന്നതാണ് എന്നും ദിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സ്റ്റോറിയിലൂടെ വ്യക്തമാക്കി.

''ഞാനൊരു ക്യു & എ ഇട്ടപ്പോൾ ഞങ്ങളുടെ ഡ്രസും കാര്യങ്ങളും കൊളാബറേഷൻ ആണെന്ന് പറഞ്ഞിരുന്നു. എല്ലാം എന്ന് പറഞ്ഞപ്പോൾ മിക്കതും ആണ് ഞാനുദ്ദേശിച്ചത്. ഒരുപാട് പേർ ഹൻസികയും ഇഷാനിയും സ്വർണ്ണം മേടിക്കുന്ന വീഡിയോയുടെ താഴെ ഇത് ഫ്രീയാണല്ലേ എന്ന് ചോദിക്കുന്നത് ഞാൻ കണ്ടു. സ്വർണമൊക്കെ ഫ്രീയായി തരണമെങ്കിൽ അംബാനിയുടെ കുടുംബമായിരിക്കണം. അല്ലാതെ വെറുതെ അതൊന്നും ഫ്രീ കിട്ടാറില്ല. സ്വർണ്ണമൊക്കെ ഞങ്ങളുടെ വീട്ടിലുള്ളവർ അവരുടെ തന്നെ പൈസ കൊണ്ട് സമ്പാദ്യമായി വാങ്ങിക്കുന്നതാണ്. അതൊന്നും ആരും ഫ്രീയായി ആർക്കും കൊടുത്തിട്ടില്ല. എത്ര വർഷം പരിചയമുള്ള കടയാണെങ്കിലും ഫ്രീയായി കൊടുക്കില്ല. എനിക്ക് ഇക്കാര്യത്തിൽ വ്യക്തത വരുത്തണമായിരുന്നു. ചിലർക്ക് അതറിയാം. എന്നിട്ടും ചൊറിയാൻ പറയുന്നതാണ്. അത് ഒഴിവാക്കാം'', ദിയ പറഞ്ഞു.