സൗഭാഗ്യ വെങ്കിടേഷ് പങ്കുവെച്ച പുതിയ വീഡിയോ ശ്രദ്ധയാകര്‍ഷിക്കുന്നു.
സോഷ്യൽമീഡിയയിലെ തിളങ്ങുന്ന താരമാണ് സൗഭാഗ്യ വെങ്കിടേഷ്. സീരിയലുകളിലോ സിനിമകളിലോ സൗഭാഗ്യ മുഖം കാണിച്ചിട്ടില്ലെങ്കിലും നർത്തകി എന്ന നിലയിലും ഇൻഫ്ളുവൻസർ എന്ന നിലയിലും കലാകുടുംബത്തിലെ അംഗം എന്ന നിലയിലും സൗഭാഗ്യ മലയാളികൾക്ക് സുപരിചിതയാണ്. ഒരു നർത്തകനും നടനും കൂടിയാണ് സൗഭാഗ്യയുടെ ഭർത്താവ് അർജുൻ സോമശേഖർ. ഇൻസ്റ്റഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെയുമാണ് ഇപ്പോൾ സൗഭാഗ്യയും ഭര്‍ത്താവ് അർജുനും തങ്ങളുടെ വിശേഷങ്ങൾ പ്രധാനമായും ആരാധകരോട് പങ്കുവെക്കാറുള്ളത്.
വീട്ടിലെ വിശേഷങ്ങളും ഡാൻസ് ക്ലാസിലെ കാര്യങ്ങളും മകളെക്കുറിച്ചുള്ള വിശേഷങ്ങളുമെല്ലാം ഇതിൽ ഉൾപ്പെടുന്നു.
പുതിയതായി താമസം മാറിയ വാടകവീട്ടിലെ ദൈനംദിനജോലികൾ ചെയ്യുന്ന വീഡിയോ അടുത്തിടെയായി സൗഭാഗ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കാറുണ്ട്. പണം ഉള്ളവർ എല്ലാ കാര്യത്തിനും പണിയ്ക്ക് ആളെ വെച്ച് ചെയ്യിക്കുന്നതാണെന്നാണ് കരുതിയതെന്നും പക്ഷേ ഈ വീഡിയോ കണ്ട് അതിശയം തോന്നുന്നു എന്നും വീഡിയോയ്ക്കു താഴെ പലരും കമന്റ് ചെയ്തിരുന്നു. വിഷമങ്ങൾക്കിടയിലും വീട്ടുജോലികൾ ചെയ്യുന്നതാണ് സൗഭാഗ്യ പുതിയ വീഡിയോയിലും കാണിക്കുന്നത്. ''മനസിന് താങ്ങാവുന്നതിനു അപ്പുറം ഒരു വിഷമം വന്നാ… ചെയ്യാൻ കഴിയുന്നതിനു അപ്പുറം ജോലി ചെയ്യും…. ഇപ്പോ മനസിലാക്കുന്നു നമ്മുടെ അമ്മമ്മാരൊക്കെ ഈ ദേഷ്യത്തിൽ ജോലി ചെയ്തോണ്ടിരുന്നത് ഒരുപക്ഷേ അവരുടെ സങ്കടങ്ങൾ തീർക്കാനാവും…. ഈ കർക്കടക മാസവും എന്നെ ഒരുപാട് വേദനിപ്പിച്ചു'', എന്നാണ് വീഡിയോയ്ക്കു താഴെ സൗഭാഗ്യ കുറിച്ചത്.
ചേച്ചിക്ക് എന്താണ് ഇത്ര വിഷമം എന്ന് വീഡിയോയ്ക്കു താഴെ പലരും ചോദിക്കുന്നുണ്ട്. നടിയും അവതാരകയുമായ അശ്വതി ശ്രീകാന്തും വീഡിയോയ്ക്കു താഴെ കമന്റ് ചെയ്തിട്ടുണ്ട്. ''ഇങ്ങോട്ട് പോരെ, നമുക്ക് സുഖപ്പെടുത്താം, മുന്നോട്ട് പോകാം'', എന്നാണ് സൗഭാഗ്യയുടെ വീഡിയോയ്ക്കു താഴെ അശ്വതി കുറിച്ചത്. ,,ഞാൻ വരുന്നു,, എന്ന് സൗഭാഗ്യ മറുപടിയായും പറഞ്ഞിട്ടുണ്ട്.
