'സ്വന്തം സുജാത' എന്ന സീരിയലിലൂടെ തിരിച്ചെത്തിയ നടൻ കിഷോർ സത്യ, മാതൃദിനത്തിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമായി. ചെറുപ്പത്തിൽ അമ്മയെ നഷ്ടപ്പെട്ട തനിക്ക്, 19 വർഷം മുൻപ് ഭാര്യയുടെ അമ്മയായ പ്രസന്നാമ്മയിലൂടെ മറ്റൊരു അമ്മയെ ലഭിച്ചുവെന്ന് അദ്ദേഹം പറയുന്നു.

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കിഷോർ സത്യ. ഒരു ഇടവേളക്ക് ശേഷം സ്വന്തം സുജാത എന്ന സീരിയലിലൂടെ അഭിനയ രംഗത്തേക്ക് താരം തിരിച്ചു വരവ് നടത്തിയിരുന്നു. മിനിസ്ക്രീനിലെന്ന പോലെ സോഷ്യൽ മീഡിയയിലും കിഷോർ സത്യ വളരെ സജീവമാണ്. സീരിയൽ വിശേഷങ്ങൾക്കൊപ്പം തൻ്റെ കുടുംബചിത്രങ്ങളും വീട്ടുവിശേഷങ്ങളുമൊക്കെ കിഷോർ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇക്കഴിഞ്ഞ മാതൃദിനത്തിൽ കിഷോർ സത്യ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പ് ആരാധകർ പലരും ശ്രദ്ധിച്ചിരുന്നു. അകാലത്തിൽ അമ്മയെ നഷ്ടപ്പെട്ട ആളാണ് താനെന്നും 19 വർഷങ്ങൾക്കു ശേഷം ഭാര്യയുടെ അമ്മയിലൂടെ മറ്റൊരു അമ്മയെ ലഭിച്ചെന്നും കിഷോർ‌ സത്യ പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred

അകാലത്തിൽ ഓമനയമ്മ എന്ന എന്റെ അമ്മയെ നഷ്ടപ്പെട്ടുപോയ ഒരാളാണ് ഞാൻ. എന്നെ വളർത്താനെ അമ്മക്ക് യോഗമുണ്ടായിരുന്നുള്ളു, വളർച്ച കാണാൻ അമ്മയ്ക്ക് ഭാഗ്യമുണ്ടായില്ല. എന്റെ തളർച്ചകളിൽ നെറുകിൽ തലോടാൻ ആ കൈകൾ ഇല്ലാതെ പോയി. അമ്മയില്ലാത്ത വീട് ഇരുൾ പരന്ന് മാറാല പിടിച്ച ഇടം പോലെയാണ്. അമ്മ പോയാൽ ഭവനം മാറി അത് വെറുമൊരു കെട്ടിടം മാത്രമാകുന്നു. പക്ഷെ 19 വർഷങ്ങൾക്കു മുൻപ് മറ്റൊരു അമ്മയെ എനിക്കുകിട്ടി. പെറ്റമ്മക്ക് തുല്യമായ ഒരമ്മ, പ്രസന്നാമ്മ. എന്റെ ഭാര്യയുടെ അമ്മ. "അമ്മയല്ലാതെ ഒരു ദൈവം ഉണ്ടോ.. അതിലും വലിയൊരു കോവിൽ ഉണ്ടോ....", കിഷോർ സത്യ കുറിച്ചു.

മലയാളം ടെലിവിഷന്‍ ലോകത്തെ നിത്യഹരിത നായകന്മാരില്‍ ഒരാളാണ് കിഷോര്‍ സത്യ. ഇൻഡസ്ട്രിയിൽ നിന്നുള്ളവരുമായുള്ള സൗഹൃദത്തെ കുറിച്ചും ആത്മബന്ധത്തെക്കുറിച്ചുമെല്ലാം പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവയ്ക്കാറുണ്ട് കിഷോര്‍. ഇടക്ക് ഇതുപോലുള്ള കുടുംബ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവയ്ക്കാനും താരം മറക്കാറില്ല.